കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സ് ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തരമന്ത്രി നേരിട്ടെത്തി നിര്‍ത്തി വെപ്പിച്ചു. ഉത്തരേന്ത്യക്കാര്‍ തിങ്ങി താമസിക്കുന്ന സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിപാടി നടക്കുന്ന ഹാളിലിനു മുന്നില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
വൈകീട്ട് പരിപാടി ആരംഭിച്ചതോടെ ആഭ്യന്തര- പ്രതിരോധമന്ത്രി ഷെയ്ഖ് ഫഹദ് അല്ല യൂസുഫ് നേരിട്ട് സ്ഥലത്തെത്തി പരിപാടി നിര്‍ത്തി വെക്കാന്‍ ഉത്തരവിടുകയായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ട മന്ത്രി തൊഴിലാളികള്‍ ഉള്‍പ്പെടെ സംഘാടകരെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇവര്‍ക്കെതിരെ രാജ്യത്തിന്റെ പരമ്പരാഗത സദാചാര നിയമം ലംഘിക്കല്‍, മനുഷ്യകടത്ത് മുതലായ കുറ്റങ്ങള്‍ ചുമത്തുവാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദീപാലംകൃതമായി സജ്ജീകരിച്ച ഹാളില്‍ ഡി ജെ ഡാന്‍സ്, ഉച്ചത്തിലുള്ള സംഗീതം മുതലായ പരിപാടികള്‍ നടക്കുന്നതിനു ഇടയിലാണ് മന്ത്രി എത്തിയത്. എന്നാല്‍ സംഘാടകര്‍ ഏത് രാജ്യക്കാരാണെന്ന വിവരം മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.