പ്രവാസമേഖലയിലെ വിദ്യാര്‍ഥികളെ ഒരുമിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തില്‍ സഹായമെത്തിക്കുന്നതിനും വേണ്ടി രൂപീകരിച്ച പ്രവാസി ലീഗല്‍ സെല്ലിന്‍റെ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. നോര്‍ക്ക റൂട്സ് സിഇഒയും കേരള സര്‍ക്കാരിന്‍റെ അഡിഷണല്‍ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് മുന്‍ അധ്യാപകനും ഗ്രന്ഥകാരനും ഇന്‍റര്‍നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഒഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്മെന്‍റ് എന്ന സ്ഥാപനത്തിന്‍റെ അധ്യക്ഷനുമായ പ്രൊഫ. എസ്. ഇരുദയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു.
ലീഗല്‍ സെല്‍ വിദ്യാര്‍ഥി വിഭാഗം ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ സുജ സുകേശന്‍, ഗ്ളോബല്‍ വക്താവും ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്‍റുമായ സുധീര്‍ തിരുനിലം, ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍, യുകെ ചാപ്റ്റര്‍ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടുത്ത കാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ വിദ്യാര്‍ഥി വിഭാഗം രൂപീകരിച്ചത്. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ സഹായിക്കുക, വിദേശത്തേക്ക് കുടിയേറുന്നവര്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യം.