Advertisment

"ആട് ജീവിതം" കോടതി കയറുന്നു; സൗദിയിലെ എംബസികൾ മുഖേന നിയമ വഴികൾ തേടി ബഹുരാഷ്ട്ര നിയമ വിദഗ്ദ്ധർ

 "ആട് ജീവിതം"  എന്ന  സുപ്രസിദ്ധമായ  മലയാള സിനിമക്ക് എതിരെയാണ്  അൽശമ്മരി  നിയമ പോരാട്ടത്തിന്  ഒരുങ്ങുന്നത്.

New Update
Untitledlbnnsa

ജിദ്ദ: കുപ്രസിദ്ധമായ  അമേരിക്കയുടെ  ഗ്വാണ്ടനാമോ  തടവറയിലെ  തടവുകാർക്ക് വേണ്ടി  വാദിച്ചിട്ടുള്ള  പ്രമുഖ  സൗദി അഭിഭാഷകന്‍  കാതിബ് അല്‍ശമ്മരി  ഇപ്പോൾ മറ്റൊരു ദൗത്യത്തിലാണ്.   വിഷയം മലയാളവുമായി ഏറെ ബന്ധമുള്ളതും.

Advertisment

 "ആട് ജീവിതം"  എന്ന  സുപ്രസിദ്ധമായ  മലയാള സിനിമക്ക് എതിരെയാണ്  അൽശമ്മരി  നിയമ പോരാട്ടത്തിന്  ഒരുങ്ങുന്നത്.

സൗദി ജനതയ്ക്ക്   പ്രത്യേകിച്ചും   അറബികൾക്ക്  പൊതുവിലും  മാനഹാനി വരുത്തിവെക്കുന്ന  സിനിമ  എന്ന നിലയിലാണ്  "ആടുജീവിതം" നിർമാതാക്കൾക്കെതിരെ  അൽശമ്മരിയും  സമാന ചിന്താഗതിക്കാരായ  നിയമ രംഗത്തെ  പ്രമുഖരും  നടപടികളിലേക്ക് തിരിയുന്നത്.

മലയാള നിർമാണ കമ്പനി,  അഭിനേതാക്കളായ  ജോർദാനിയൻ   നടൻ ആകിഫ് നജം,  ഒമാനി നടൻ ത്വാലിബ് അൽബലൂഷ്  എന്നിവർക്കെതിരെയാണ്  നിയമ നടപടി ഉദ്യേശിക്കുന്നതെന്നാണ് അറിയുന്നത്.

ഈ മൂന്നു രാജ്യങ്ങളുടേയും റിയാദിലെ എംബസികള്‍ വഴി  അതാത്  രാജ്യങ്ങളില്‍  കേസ്  നൽകാനാണ് ഉദ്യേശിക്കുന്നതെന്നും  ഇത് സംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്നുമാണ്  പുറത്തു വരുന്ന വാർത്തകൾ.  

അതിനിടെ, ആടുജീവിതത്തില്‍ അഭിനയിച്ചതിന് സൗദിയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ജോര്‍ദാനിയന്‍ നടന്‍ ആകിഫ് നജം  പടം വിവാദമായതിന് ശേഷം  പറഞ്ഞിരുന്നു.  

sauUntitledlbnn

മരണത്തിന്റെ വക്കിലെത്തിയ ഒരാളെ രക്ഷിക്കുന്ന സൗദിക്കാരന്റെ വേഷമായിരുന്നു തന്റേത്. സൗദിക്കാരുടെ ധീരതയും മാനുഷിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേഷമായതിനാലാണ് താന്‍ ആ റോള്‍ ഏറ്റെടുത്തത്.  

പക്ഷെ സിനിമ കണ്ടപ്പോള്‍ ചില നെഗറ്റീവ് സൗദി മാതൃകകള്‍ അതില്‍ അവതരിപ്പിക്കുന്നതായി തോന്നി. ചിത്രത്തിന്റെ തിരക്കഥ മുഴുവനായി വായിച്ചിരുന്നില്ല.

വിശദാംശങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താനൊരിക്കലും ആ ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നു. ആ ചിത്രത്തില്‍ അഭിനയിച്ചതിന് മാപ്പ് ചോദിക്കുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ നടന്‍ പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം സൗദിയിലെ ജനങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന നിലയില്‍  വിവാദമാവുകയായിരുന്നു.  

ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തില്‍ അഭിനയിച്ചതിന് ഒമാന്‍ നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പക്ഷെ നടന്‍ ഈ വിവരം നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ആകിഫ് നജം മാപ്പപേക്ഷയുമായി രംഗത്തെത്തിയതും.

ഒറ്റപ്പെട്ട സംഭവങ്ങളെ ഒരു നാടിന്റെ പൊതുചിത്രം എന്ന നിലയിലാണ്  ആടുജീവിതം  വരച്ചു കാണിക്കുന്നത്.  

ഒറ്റപ്പെട്ട  ദുരനുഭവങ്ങൾ  ഇല്ലാത്ത നാട് ഏതാണെന്ന്  വിമർശകർ ചോദിക്കുന്നു.   സൗദിയും  അറബികളും  ഈ ചിത്രത്തിൽ  കാണുന്ന പ്രകാരമാണെങ്കിൽ   അവിടേക്ക്  ഇന്ത്യയിൽ നിന്നുള്ളവർ  ജോലി തേടി ഒഴുകുന്നതെന്തേയെന്നും   അവർ  ചോദിക്കുകയാണ്.

Advertisment