Advertisment

യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

New Update
vhb nn

ദുബായ്: യു.കെയിലേക്കും യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) രാജ്യങ്ങളിലേക്കും ടൂറിസ്ററ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയില്‍ എത്തുമ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്, കസ്ററംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍പ് ഇത് യുഎസ് താമസ വിസയോ ടൂറിസ്ററ് വിസയോ ഉള്ളവര്‍ക്കും യു.കെയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും റെസിഡന്‍സിയുള്ളവര്‍ക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അപേക്ഷകന്‍റെ വിസയ്ക്കും പാസ്പോര്‍ട്ടിനും കുറഞ്ഞത് ആറ് മാസത്തെ സാധുത വേണം. യോഗ്യതയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 250 ദിര്‍ഹമിന് 60 ദിവസത്തെ വിസ ഇപ്പോള്‍ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സേവനങ്ങളുടെ പുതുക്കിയ ഫീസ് നിരക്കുകളും അതോറിറ്റി പ്രഖ്യാപിച്ചു.

Advertisment

യു.എസ്, ഇ.യു രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിസ, റെസിഡന്‍സികള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ എന്‍ട്രി വിസയ്ക്കുള്ള ഫീസ് 100 ദിര്‍ഹമാണ്. വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിന് 250 ദിര്‍ഹം കൂടി നല്‍കണം.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘ കാല പങ്കാളിത്തത്തിന്‍റെ ഭാഗമായിട്ടാണ് കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിനും ആഗോള വിനോദ സഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഉയര്‍ത്താനുമുള്ള നേതൃത്വത്തിന്‍റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Advertisment