റോം: ഇറ്റലിയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരുടെ എണ്ണം 2025ല്‍ തന്നെ അര ലക്ഷം കടക്കുമെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാകുന്നു.
രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം നേരിടാന്‍ കൂടുതല്‍ വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഇന്ത്യന്‍ നഴ്സുമാര്‍ക്കായിരിക്കും എന്നാണ് കണക്കാക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കൂടി ഇറ്റലിയില്‍ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇറ്റലിയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരില്‍ ഏറ്റവും കൂടുതലുള്ളത് റൊമാനിയക്കാരും പോളണ്ടുകാരും അല്‍ബേനിയക്കാരും പെറുവില്‍നിന്നുള്ളവരുമാണ്.
ഇപ്പോഴും രാജ്യത്ത് 65,000 നഴ്സുമാരുടെ കുറവുള്ളതായാണ് കണക്കാക്കുന്നത്. ഇതില്‍ മുപ്പതിനായിരം പേരുടെ കുറവ് അടുത്ത വര്‍ഷത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ മുപ്പതിനായിരത്തില്‍ പതിനായിരം പേര്‍ ഇന്ത്യയില്‍നിന്നായിരിക്കും. ഇതോടെ ഇറ്റലിയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെത്തും. നിലവില്‍ മുന്നിലുള്ള റൊമാനിയക്കാര്‍ 12,000 മാത്രമാണ്. പോളണ്ടില്‍നിന്ന് 2000 പേരും.