ടൊറൻ്റോ : വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പ്രവിശ്യയിലെ സർവകലാശാലകൾക്ക് ഏകദേശം നൂറ് കോടി ഡോളറിന്‍റെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് ഒൻ്റാറിയോ യൂണിവേഴ്‌സിറ്റീസ് കൗൺസിൽ (COU).
അതേസമയം ഫെഡറൽ സർക്കാർ സെപ്റ്റംബറിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ ഉൾപ്പെടുത്താതെ തന്നെ 2024-2025 അധ്യയന വർഷത്തിൽ 30 കോടി ഡോളറിന്‍റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് ഒൻ്റാരിയോയിലെ പൊതു ധനസഹായമുള്ള 20 സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന സിഒയു പറയുന്നു.
അടുത്ത വർഷം ആ നഷ്ടം ഇരട്ടിയായി 60 കോടി ഡോളറായി ഉയരുമെന്ന് COU പ്രസിഡൻ്റും സിഇഒയുമായ സ്റ്റീവ് ഓർസിനി പറഞ്ഞു. ഇത് വരും വർഷങ്ങളിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന നിയന്ത്രണം രാജ്യത്തുടനീളമുള്ള സർവകലാശാലകൾക്കൊപ്പം കോളജുകളെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളെയും ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. കാനഡയിലെ സർവകലാശാലകളില്‍
കുറഞ്ഞത് 45% രാജ്യാന്തര വിദ്യാർത്ഥികളുടെ ഇടിവ് പ്രതീക്ഷിക്കുമ്പോൾ കോളജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇത് 54% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധിക്കും ഉയർന്ന ജീവിതച്ചെലവിനും പരിഹാരമെന്ന നിലയിൽ ജനുവരിയിൽ രാജ്യാന്തര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം 35% കുറയ്ക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചിരുന്നു.
മാസങ്ങൾക്കുശേഷം, സെപ്റ്റംബറിൽ 2025-ൽ അനുവദിക്കുന്ന പഠന പെര്‍മിറ്റുകളുടെ എണ്ണം 10% കൂടി കുറച്ച് 437,000 ആക്കുമെന്നും മാർക്ക് മില്ലർ പ്രഖ്യാപിച്ചു. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെൻ്റ് ഡാറ്റ അനുസരിച്ച് 2023-ല്‍ കാനഡ 509,390-ഉം 2024-ലെ ആദ്യ ഏഴ് മാസങ്ങളില്‍ 175,920-ഉം സ്റ്റഡി പെർമിറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.