കാനഡയുടെ അതിർത്തി സുരക്ഷാ സേന സി ബി എസ് എയിൽ ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് സിദ്ധുവിനെ ഭീകര പ്രവർത്തനത്തിന്റെ പേരിൽ വിചാരണ നേരിടാൻ വിട്ടു കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കാനഡ പ്രതികരിച്ചിട്ടില്ല.
നിരോധനമുള്ള സിഖ് യൂത്ത് ഫെഡറേഷന്റെ (ഐ എസ് വൈ എഫ്) പ്രവർത്തകനാണ് സിദ്ധു. ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട അയാൾ പാക്കിസ്ഥാനിൽ താവളമടിച്ചിട്ടുള്ള ഖാലിസ്ഥാൻ ഭീകരൻ ലഖ്‌ബീർ സിംഗ് റോഡയുമായി
ബന്ധപ്പെട്ടു കൊണ്ടിരുന്നുവെന്നു വിവരം ലഭിച്ചതായി ഇന്ത്യ പറയുന്നു. 2020ൽ ബൽവിന്ദർ സിംഗ് സന്ധു വധിക്കപ്പെട്ടതിനു പിന്നിൽ റോഡയുടെ കൈ ഉണ്ടായിരുന്നു. ഭീകരരെ നേരിട്ടതിനു ശൗര്യ ചക്ര നേടിയ ബൽവിന്ദർ സിംഗ് സന്ധുവിനെ പഞ്ചാബിലെ തരൺ തരണിൽ വീട് കയറി വെടിവച്ചു കൊല്ലുകയായിരുന്നു.
ഐ എസ് വൈ എഫിനെ ഇന്ത്യക്കു പുറമെ ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ്, എന്നീ രാജ്യങ്ങൾക്കു പുറമെ കാനഡയിലും നിരോധിച്ചിട്ടുണ്ട്. എങ്കിലും സിദ്ധു അവരുടെ അതിർത്തി സേനയിൽ അംഗമാണ്. എന്നു തന്നെയല്ല അടുത്തിടെ സൂപ്രണ്ടായി പ്രൊമോഷൻ ലഭിക്കയും ചെയ്തു. സിദ്ധുവിന്റെ ഭീകര ബന്ധത്തിന് ഇന്ത്യ കാനഡയ്ക്കു തെളിവ് നൽകിയിട്ടുണ്ട്. 'സണ്ണി ടൊറോന്റോ' എന്ന വ്യാജനാമത്തിൽ മറഞ്ഞിരുന്നാണ് അയാൾ ഭീകര പ്രവർത്തനം നടത്തുന്നത്.
യുഎസിൽ കഴിയുന്ന ഭീകര ഗുർജോവത് കൗറുമായി സിദ്ധുവിനു ബന്ധമുണ്ട്. പാക്ക് ചാര സംഘടന ഐ എസ് ഐ യുമായി ബന്ധമുള്ള കൗർ, വധിക്കപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർമീത് സിംഗിന്റെ വിധവയാണ്.
അതിർത്തി സേനയിൽ സൂപ്രണ്ടായ സിദ്ധുവിനു രഹസ്യമായ വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയുമെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. വലിയ സുരക്ഷാ ഭീഷണിയാണ് അതുയർത്തുന്നത്.