ക്രൊയേഷ്യ: വൈറസുകളെ ഉപയോഗിച്ചു നടത്തിയ 'സ്വയം ചികിത്സ' യില്‍ ക്രൊയേഷന്‍ വൈറോളജിസ്ററിന് ക്യാന്‍സര്‍ വിമുക്തി. സാഗ്രെബ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്ററ് ബിയാത്ത ഹലസിയാണു ഓങ്കോലൈറ്റിക് വൈറോതെറാപ്പി (ഒവൈടി)യിലൂടെ മൂന്നാംതവണ ശരീരത്തെ ആക്രമിച്ച സ്തനാര്‍ബുദത്തെ കീഴടക്കിയത്.
മീസില്‍സ്, വെസിക്കുലാര്‍ സ്റേറാമറൈ്ററ്റിസ് വൈറസുകളെ ഉപയോഗിച്ചായിരുന്നു ബിയാത്തയുടെ ചികിത്സ. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഇതാദ്യമാണ് ഇത്തരമൊരു നേട്ടം.
2016ലാണു ബിയാത്തയെ ആദ്യ തവണ സ്തനാര്‍ബുദം ആക്രമിച്ചത്. അന്ന് ഇടതുസ്തനം ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും 2018ലും 2020ലും വീണ്ടും രോഗം ആക്രമിച്ചു. ഇതോടെയാണ് പരീക്ഷണത്തിനു മുതിര്‍ന്നത്.
ആദ്യ ചികിത്സയില്‍ കീമോതെറാപ്പിയുണ്ടാക്കിയ ശാരീരിക പ്രശ്നങ്ങളായിരുന്നു അമ്പതുകാരിക്ക് ഇത്തവണ ഒവൈടിയിലേക്കു തിരിയാന്‍ പ്രേരണ. ഒരേ സമയം ക്യാന്‍സര്‍ കോശങ്ങളെ ആക്രമിക്കുകയും ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ ഉണര്‍ത്തുകയും ചെയ്യുന്ന വൈറസുകളെ ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണ് ഒവൈടി. വൈദ്യശാസ്ത്ര ലോകത്ത് പരീക്ഷണത്തിന്‍റെ പ്രാഥമികഘട്ടത്തിലാണ് ഈ ചികിത്സാരീതി. സ്റേറജ്1ലുള്ള ചില രോഗികളെ ചികിത്സിക്കാന്‍ യുഎസ് അനുമതി നല്‍കിയിട്ടുള്ളതൊഴിച്ചാല്‍ ലോകത്ത് ഇപ്പോഴും അംഗീകാരമുള്ള സമ്പ്രദായമല്ല ഇത്.
സ്റേറജ് 3ല്‍ എത്തിയ ക്യാന്‍സറിനെ നേരിടാന്‍ ശേഷിയുള്ള വൈറസുകളെ കണ്ടെത്തുന്നതായിരുന്നു ആദ്യ നീക്കം. ഒവൈടിയില്‍ താന്‍ വിദഗ്ധയല്ലെങ്കിലും ലബോറട്ടറിയില്‍ വൈറസുകളെ വളര്‍ത്തുന്നതിലും ശുദ്ധീകരിക്കുന്നതിലുമുള്ള പ്രാഗത്ഭ്യമാണു തനിക്ക് ആത്മബലം നല്‍കിയതെന്നു ബിയാത്ത.
ഈ പരിചയ സമ്പത്താണ് മീസില്‍സ്, വെസിക്കുലാര്‍ സ്റേറാമറൈ്ററ്റിസ് (വിഎസ്വി) വൈറസുകളെ തെരഞ്ഞെടുക്കാന്‍ കാരണം. മീസില്‍സ് വൈറസ് നാലാം സ്റേറജിലുള്ള സ്തനാര്‍ബുദ രോഗികളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നതായിരുന്നു ഇതിലേക്കു തിരിയാനുള്ള കാരണം. കുട്ടികള്‍ക്കുള്ള വാക്സിനുകളിലും ഈ വൈറസ് ഉപയോഗിക്കാറുണ്ട്. നേരിയ തോതില്‍ ഇന്‍ഫ്ലുവന്‍സ ഉണ്ടായേക്കാമെന്നതു മാത്രമാണ് വിഎസ്വി ഉണ്ടാക്കാവുന്ന പാര്‍ശ്വഫലം.
യൂണിവേഴ്സിറ്റിയിലെ സഹ വൈറോളജിസ്ററിനെക്കൊണ്ട് രണ്ടു മാസക്കാലയളവില്‍ ഇരു വൈറസുകളും ട്യൂമറുകളില്‍ നേരിട്ടു കുത്തിവച്ചു. ഓങ്കോളജിസ്ററിന്‍റെ മേല്‍നോട്ടത്തിലായിരുന്നു സ്വയം ചികിത്സ. കാര്യമായ പാര്‍ശ്വഫലങ്ങളുണ്ടായില്ലെന്നു മാത്രമല്ല, നിശ്ചിത സമയപരിധിക്കു ശേഷം നടത്തിയ പരിശോധനയില്‍ ട്യൂമറുകള്‍ ചുരുങ്ങുകയും മൃദുവാകുയും ചെയ്തെന്നു കണ്ടെത്തി. മാത്രമല്ല, നെഞ്ചിലെ പേശികളിലും ത്വക്കിലും നിന്നു വേര്‍പെടുത്തുന്നത് എളുപ്പമാകുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കുന്നതായിരുന്നു അടുത്ത ഘട്ടം.
ലിംഫോസൈറ്റുകളെന്ന പ്രതിരോധ കോശങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിച്ചെന്നു ട്യൂമറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ബിയാത്തയുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ഒവൈടിയിലൂടെ ഉണര്‍ത്താനായി എന്നതാണ് അന്തിമ വിലയിരുത്തല്‍. ശസ്ത്രക്രിയയ്ക്കുശേഷം ക്യാന്‍സര്‍ പ്രതിരോധ മരുന്ന് ഒരു വര്‍ഷത്തോളം കഴിച്ചു ബിയാത്ത.
ട്യൂമറുകള്‍ ചുരുങ്ങാന്‍ വൈറല്‍ ഇന്‍ജക്ഷന്‍ സഹായിക്കുമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നു മിനസോട്ടയിലെ വൈരിയാഡ് ബയോടെക് കമ്പനിയുടെ ഒവൈടി സ്പെഷ്യലിസ്ററ് സ്ററീഫന്‍ റസല്‍ പറഞ്ഞു.
എന്നാല്‍, സ്വയം ചികിത്സ നടത്തുകയും ഇതിന്‍റെ ഫലം വാക്സിന്‍സ് എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവിടുകയും ചെയ്ത ബിയാത്തയുടെ നടപടി വൈദ്യശാസ്ത്ര ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രം അംഗീകരിച്ച ക്യാന്‍സര്‍ ചികിത്സയോടു മുഖം തിരിച്ചു പരീക്ഷണങ്ങള്‍ക്കു പിന്നാലെ പോകാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കുമെന്നാണു വിമര്‍ശകരുടെ വാദം.