മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യ നയം മാറ്റിയതോടെ ലോകം ആണവയുദ്ധഭീതിയില്‍. ആണവായുധ പ്രയോഗമുള്‍പ്പെടെ ആക്രമണങ്ങള്‍ക്കു കരുതിയിരിക്കണമെന്നും ഭക്ഷ്യവസ്തുക്കള്‍ കരുതിവയ്ക്കണമെന്നും നാറ്റോ രാജ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിത്തുടങ്ങി. സ്വീഡനും ഫിന്‍ലന്‍ഡും നോര്‍വെയുമടക്കം രാജ്യങ്ങളാണു മുന്‍കരുതലെടുത്തു തുടങ്ങിയത്. മറ്റു രാജ്യങ്ങളും സമാന നടപടികള്‍ക്കുള്ള തയാറെടുപ്പിലാണ്.
യുദ്ധം 1000 ദിവസം പിന്നിടുകയും ദീര്‍ഘദൂര മിസൈലുകളുടെ ഉപയോഗത്തിന് യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്ന് അനുമതി നല്‍കുകയും ചെയ്തതാണു ലോകരാജ്യങ്ങളെ, പ്രത്യേകിച്ച് യൂറോപ്പിനെ ആണവായുധ ഭീഷണിയിലാക്കിയത്. യുഎസിന്‍റെ പ്രകോപനത്തിനു പിന്നാലെ റഷ്യ ആണവ നയം മാറ്റുകയായിരുന്നു.
തങ്ങള്‍ക്കെതിരേ പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ ആണവശക്തികളുടെ പിന്തുണയോടെയാണെങ്കില്‍ തിരിച്ച് ആണവായുധം പ്രയോഗിക്കുമെന്നാണു റഷ്യയുടെ പുതിയ നയം. ഡ്രോണ്‍ ആക്രമണങ്ങളുള്‍പ്പെടെയുള്ളവയ്ക്കും ആണവായുധം കൊണ്ട് തിരിച്ചടി നല്‍കാന്‍ നിര്‍ദേശിക്കുന്ന നയത്തിന് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ അംഗീകാരം നല്‍കി.
യുഎസ് നിര്‍മിതമായ ആറു ദീര്‍ഘ ദൂര മിസൈലുകള്‍ ഇന്നലെ റഷ്യയിലെ ബ്രയാന്‍സ്കിലേക്ക് യുക്രെയ്ന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തതോടെ യുദ്ധം കൂടുതല്‍ അപകടകരമാകുമെന്ന ഭീതി കനത്തു. മിസൈലുകള്‍ റഷ്യന്‍ സേന വെടിവച്ചിട്ടെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെയാണു പൗരന്മാരോട് കരുതിയിരിക്കാന്‍ നിര്‍ദേശിച്ച് സ്വീഡനും ഫിന്‍ലന്‍ഡും നോര്‍വെയും ലഘുലേഖകള്‍ വിതരണം ചെയ്തത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത് അഞ്ചാം തവണയാണ് ആണവഭീഷണിക്കെതിരേ ജാഗ്രതാ നിര്‍ദേശം.