റിപ്പബ്ലിക്കൻ പാർട്ടി യുഎസ് സെനറ്റിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. ഒഹായോവിൽ ബെർണി മൊറേനോ, വെസ്റ്റ് വിർജിനിയയിൽ ജിം ജസ്റ്റിസ്, നെബ്രാസ്‌കയിൽ ഡെബ് ഫിഷർ എന്നിവരുടെ വിജയങ്ങൾ പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പിച്ചു.100 അംഗ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്കു 51 സീറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അതേ ഭൂരിപക്ഷം നേടുന്നതായാണ് കാണുന്നത്.
ടെക്സസിൽ ടെഡ് ക്രൂസ്, ഫ്‌ലോറിഡയിൽ റിക്ക് സ്കോട്ട് എന്നീ റിപ്പബ്ലിക്കൻ സെനറ്റർമാരെ അട്ടിമറിക്കാമെന്നു ഡെമോക്രറ്റുകൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അവർക്കു കാര്യമായ വെല്ലുവിളി ഉണ്ടായില്ല.
വെസ്റ്റ് വിർജിനിയയിൽ ഡെമോക്രാറ്റ് ജോ മഞ്ചിൻ ഒഴിഞ്ഞ സീറ്റാണ് ഗവർണർ ജിം ജസ്റ്റിസ് പിടിച്ചത്.
ഒഹായോവിൽ മൊറേനോ തോല്പിച്ചത് മൂന്നു തവണ സെനറ്റർ ആയിരുന്ന ഡെമോക്രാറ്റ് ഷെറോഡ് ബ്രൗണിനെയാണ്.