ഇറ്റലി: ജോലി തേടി ഇറ്റലിയിലെത്തി മാസങ്ങള്‍ക്കകം അര്‍ബുദത്തിന് കീഴടങ്ങി ഇറ്റാലിയന്‍ മലയാളികള്‍ ചേര്‍ന്ന് നാട്ടിലെത്തിച്ച മലയാളി വീട്ടമ്മ വീട്ടിലെത്തി ഒരാഴ്ച തികയും മുമ്പ് മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം സ്വദേശിനി സ്വപ്ന മൈക്കിള്‍ ആണ് മരിച്ചത്.
ഈ 21 നായിരുന്നു രോഗശയ്യയിലായ മകളെ ഒരുനോക്ക് കാണണമെന്ന അമ്മയുടെ ആവശ്യപ്രകാരം ഇറ്റാലിയന്‍ മലയാളികള്‍ ചേര്‍ന്ന് വിമാനത്തില്‍ സ്ട്രക്ചര്‍ സൗകര്യമൊരുക്കി ഡോക്ടറെയും നഴ്സിനെയും കൂട്ടി സ്വപ്നയെ നാട്ടിലെത്തിച്ചത്.
അമ്മയ്ക്ക് മകളെയും മകള്‍ക്ക് അമ്മയേയും കണ്‍കുളിര്‍ക്കെ കാണാന്‍ അവസരം ലഭിച്ച് ദിവസങ്ങള്‍ക്കകമാണ് ഇന്നലെ രാത്രി സ്വപ്നയുടെ വിയോഗം.
ഈ വര്‍ഷം ആദ്യമായിരുന്നു മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്വപ്ന ജോലിതേടി ഇറ്റലിയിലെത്തിയത്. നഴ്സായി ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകം ജോലിസ്ഥലത്ത് തളര്‍ന്നു വീണ സ്വപ്നയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അര്‍ബുദമാണെന്ന് കണ്ടെത്തിയത്. അര്‍ബുദം അവസാന സ്റ്റേജിലേയ്ക്ക് കടന്നതോടെ രക്ഷിക്കാനാകാത്ത വിധം സ്ഥിതി വഷളായി.
ഇറ്റലിയിലെ ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് മകളെ അവസാനമായി ഒന്ന് കാണണമെന്ന ആഗ്രഹം നാട്ടിലുള്ള അമ്മ പ്രകടിപ്പിച്ചത്.
ഇതെടെ അലിക് ഇറ്റലി എന്ന മലയാളി സംഘടനയുടെ നേതൃത്വത്തില്‍ മലയാളി സംഘടനകള്‍ ഒന്നടങ്കം പ്രയത്നം തുടങ്ങി. ക്രിസ്തുമസ് സമയത്തെ തിരക്കിട്ട യമയത്ത് വിമാനത്തില്‍ 10 സീറ്റുകള്‍ ക്രമീകരിച്ചായിരുന്നു സ്ട്രക്ചറില്‍ കിടത്തി സ്വപ്നയെ നാട്ടിലെത്തിച്ചത്.
വിമാനത്തില്‍ 8 സീറ്റുകള്‍ ക്രമീകരിച്ചായിരുന്നു സ്ട്രക്ചര്‍ സംവിധാനം ഒരുക്കിയത്. കിടത്തി മാത്രമേ സ്വപ്നയ്ക്ക് യാത്ര സാധ്യമായിരുന്നുള്ളു. ഭാരത് വേദ ടൂര്‍സായിരുന്നു യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
21 -ന് ഉച്ചയോടെ നെടുമ്പാശേരിയിലെത്തിച്ച് വാഹനമാര്‍ഗം തിരുവനന്തപുരത്തെ വസതിയിലെത്തിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മക്കള്‍ രണ്ട് പേരും വിദേശത്ത് പഠനത്തിലാണ്.