ഡബ്ലിൻ: സമൂഹമാധ്യമമായ 'എക്സ് 'ൽ കൂടി അയർലണ്ട് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും, പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിർപ്പുമായി വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ്. അയർലണ്ട് സ്വദേശി നടത്തിയ പരാമർശങ്ങൾ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. മറ്റ് സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രവാസികൾക്കെതിരായ നീക്കം നടക്കുന്നുണ്ട്.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും, അക്രമാസക്തതയും തടയാൻ ഗവ. ഇടപെടണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ജസ്റ്റിസ് മിനിസ്റ്റർക്കും, ഗാർഡ കമ്മീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു.
ഗവൺമെന്റ് നൽകിയ വിസയിലും വർക്ക്‌പെർമിറ്റിലും ഇവിടെ വന്ന് ജോലി ചെയ്യുകയും, ബിസിനസ് ചെയ്യുകയും, സ്റ്റുഡന്റ് വിസയിൽ എത്തി പഠിക്കുകയും പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയിൽ പറയുന്നു.
വിദേശീയ വിദ്വേഷത്തിന്റെ പേരിൽ നടക്കുന്ന അപലപനീയമായ പ്രവൃത്തികൾക്ക് കുടിയേറ്റക്കാർ ഇരയാവുന്നത് തടയാൻ ഗവണ്മെന്റിന്റെ സത്വരമായ നടപടികൾ ഉറപ്പു വരുത്തണമെന്ന് വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ദീപു ശ്രീധർ, പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ,യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ടും മുൻ ഗ്ലോബൽ വൈസ് ചെയർമാനുമായ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയൻ വൈസ് ചെയർമാനും മുൻ ഗ്ലോബൽ വൈസ് ചെയർമാനുമായ ബിജു വൈക്കം, യൂറോപ്പ് റീജിയൻ വൈസ് ചെയർമാൻ സുനിൽ ഫ്രാൻസീസ്, കോർക്ക് യൂണിറ്റ് പ്രസിഡന്റും, മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഷാജു കുര്യൻ, മുൻ ചെയർമാൻ ജോൺസൺ ചക്കാലക്കൽ, വൈസ് പ്രഡിഡന്റുമാരായ ജോർജ്കുട്ടി പുറപ്പന്താനം, സിറിൽ തെങ്ങുംപള്ളിൽ, മാർട്ടിൻ പുലിക്കുന്നേൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, യൂത്ത് ഫോറം പ്രസിഡണ്ട് ജിജോ പീടികമല, മെഡിക്കൽ ഫോറം പ്രസിഡണ്ട് രാജൻ പൈനാടത്ത്, ബിനോയി കുടിയിരിപ്പിൽ, വിമൻസ് ഫോറം ഗ്ലോബൽ വൈസ് പ്രസിഡന്റും അയർലണ്ട് പ്രോവിൻസ് ചെയർപേഴ്സണുമായ ജീജ ജോയി വർഗീസ്, പ്രസിഡണ്ട് ജൂഡി ബിനു, സെക്രട്ടറി ലീന ജയൻ, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
ഇക്കാര്യത്തിൽ എല്ലാ പ്രവാസികളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.ഗവൺമെന്റുമായി കൂടുതൽ ചർച്ച നടത്താൻ ചെയർമാൻ ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.