ഒട്ടാവ: കാനഡയുടെ ജനാധിപത്യത്തില്‍ ഇന്ത്യ നടത്തുന്ന 'ഇടപെടലുകള്‍' പരിശോധിക്കാന്‍ ഇന്ത്യ-കാനഡ കമ്മിറ്റി രൂപീകരിക്കണമെന്ന ഖാലിസ്ഥാന്‍ അനുകൂല നേതാവ് ജഗ്മീത് സിംഗിന്റെ നിര്‍ദ്ദേശം കനേഡിയന്‍ പാര്‍ലമെന്റ് റദ്ദാക്കി.
കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം നിരസിച്ചതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ജഗ്മീത് സിംഗ് കുറ്റപ്പെടുത്തി. ചില പാര്‍ലമെന്റംഗങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിദേശ ഇടപെടലുമായി നേരിട്ട് ബന്ധമുണ്ടെന്ന് ജഗ്മീത് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ഇന്ത്യ-കാനഡ കമ്മിറ്റി രൂപീകരിക്കണമെന്ന് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ആവശ്യപ്പെട്ടത്.
ഹൗസ് ഓഫ് കോമണ്‍സിലെ എല്ലാ പാര്‍ട്ടികളും ഞങ്ങള്‍ ഒരു ഐക്യമുന്നണിയാണെന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ കാണിക്കണം.
നരേന്ദ്ര മോദി സര്‍ക്കാരിന് ഈ പാര്‍ലമെന്റില്‍ മറ്റൊരു വഴി നോക്കാന്‍ തയ്യാറുള്ള ഒരു സഖ്യകക്ഷിയെ കണ്ടെത്താന്‍ കഴിയില്ലെന്നും, നമ്മള്‍ എല്ലാവരും വിദേശ ഇടപെടലുകളെ ഗൗരവമായി കാണുന്നുവെന്നും ബോധ്യപ്പെടുത്തണം. അതിനായി കാനഡ-ഇന്ത്യ കമ്മിറ്റി രൂപീകരിക്കണെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
അതുമൂലം പാര്‍ലമെന്റംഗങ്ങള്‍ക്ക് ഈ സുപ്രധാന വിഷയം പരിശോധിക്കാനും കാനഡക്കാരെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന് സ്വീകരിക്കാവുന്ന കൂടുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കാനും കഴിയും. ജഗ്മീത് പറഞ്ഞു.
കാനഡയിലുള്ള ഇന്ത്യന്‍ ഏജന്റുമാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്ണോയി സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അവകാശപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു.