മനാമ: ആകാശത്ത് അൽഭുതങ്ങൾ വിരിയിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക. ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്റൈൻ എയർഫോഴ്സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2024 സംഘടിപ്പിക്കുന്നത്.
ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എയർഷോ മുൻ വർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ബി52, എഫ്35, ടൈഫൂൺ, എഫ്16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും.
സൗദി ഹോക്സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ പ്രദർശനത്തിലുണ്ടാകും. 2010ൽ തുടങ്ങിയ എയർഷോ 14 വർഷം തികയുകയാണ്. പൊതു-സ്വകാര്യ സ്കൂളുകളിൽനിന്നുള്ള 5000ത്തിലധികം വിദ്യാർഥികളെ ഇത്തവണ എയർഷോയിൽ പങ്കെടുപ്പിക്കും. പൊതുജനങ്ങൾക്കുള്ള ടിക്കറ്റുകൾ 10 ദീനാർ എന്ന നിരക്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്.
അതേസമയം, കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദ മേഖല ടിക്കറ്റുകൾ അഞ്ച് ദീനാറിന് നൽകും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
2010ലാണ് ബഹ്റൈനിൽ ആരംഭിച്ച എയർഷോ രണ്ടു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. ഈ വർഷം നവംബറിൽ ബഹിരാകാശ, പ്രതിരോധ മേഖലകളിലേക്ക് കൂടി എയർഷോ വെളിച്ചം വീശും. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളും അവരുടെ വ്യോമ ഗതാഗത സംരംഭങ്ങളുമടക്കം പ്രദർശിപ്പിക്കുന്ന എയർ ഷോയിൽ വിമാനങ്ങളുടെ വ്യാപാരങ്ങളടക്കം നടക്കും.