മനാമ: ബഹ്‌റൈനിലെ ആറാമത്തെ വലിയ നിക്ഷേപകരായി ഇന്ത്യ. കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ ഈ വർഷം ഇതേ കാലയളവ് വരെ ബഹ്‌റൈനിൽ ഇന്ത്യ നിക്ഷേപിച്ചത് 200 മില്യൻ ഡോളർ ആണ്. ഇത് 15 ശതമാനം വർധനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബഹ്‌റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖർ വിലയിരുത്തി.
ബഹ്‌റൈനിലെ തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റി (ടിഎച്ച്എംസി) മനാമയിൽ സംഘടിപ്പിച്ച 'ടിഎച്ച്എംസി കണക്റ്റ്' എന്ന പരിപാടിയുടെ നാലാം പതിപ്പിനോടനുബന്ധിച്ചു നടന്ന ബിസിനസ് കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപവും ഇത് സംബന്ധിച്ച വിശകലനങ്ങളും നടന്നത്.
ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് യോഗത്തിൽ സംസാരിച്ചു. ബഹ്‌റൈനിലെ ഏറ്റവും വലിയ ആറാമത്തെ നിക്ഷേപകരാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈനിലെ സന്ദർശനത്തിന് ശേഷം, രണ്ട് വഴിക്കുള്ള സഞ്ചിത നിക്ഷേപം 40 ശതമാനം വർധിച്ച് നിലവിൽ 1.6 ബില്യൻ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാര വളർച്ചയാണ് ശക്തമായ നിക്ഷേപ സഹകരണത്തിന് സഹായകമായത്.
ഇന്ത്യൻ സർക്കാരിന്റെ വ്യാപാര സ്ഥിതിവിവര കണക്കുകൾ പ്രകാരം, 2023 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെ ഇന്ത്യ-ബഹ്‌റൈൻ വ്യാപാരം 1.73 ബില്യൻ ഡോളറിലെത്തിയതായാണ് കാണിക്കുന്നത്. ഐടി, ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിങ് മേഖലകളിൽ ഇരു രാജ്യങ്ങൾക്കും സമന്വയമുണ്ടെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.