മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ മാർക്കറ്റായ സെൻട്രൽ മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാർക്കറ്റ് മാറ്റുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.
ഇതിനായി അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ സ്ഥലമൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
നവീകരണം, പുനർനിർമാണം എന്നിവ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ് ലി ബോർഡ് അംഗങ്ങളോട് പറഞ്ഞു.
മാർക്കറ്റിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി വർഷംതോറും ആയിരക്കണക്കിന് ദിനാർ ചെലവഴിക്കുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ താൽക്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കാനുതകും. എന്നാൽ, ഭാവിയിലെ വികസന സാധ്യതകൾ മുൻനിർത്തി മാർക്കറ്റ് കൂടുതൽ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ട്.
മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റാൻ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായി അൽ ഖത്താൻ പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്തുകയും അതിനായി സാങ്കേതികവും ഭരണപരവുമായ അനുമതികൾ നേടുകയും വേണം.
സാധ്യതാ പഠനങ്ങൾ, ധനസഹായം, ബജറ്റിങ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ പുരോഗതി. മാർക്കറ്റ് വലുതാണെങ്കിലും ഭാവിയിൽ ഇനിയും വലുതാകേണ്ടതുണ്ട്. കൂടുതൽ വെയർഹൗസുകൾ, കടകൾ, സ്റ്റാളുകൾ, ലോഡിങ് ആൻഡ് ഡിസ് പ്ലേ ഏരിയകൾ, ഓഫിസുകൾ, കഫേകൾ, റസ്റ്റാറന്റുകൾ എന്നിവ വേണ്ടിവരും.
ബഹ്റൈനിലെ സെൻട്രൽ മാർക്കറ്റിൽ ഒട്ടനവധി മലയാളികൾ കച്ചവടരംഗത്തും ജോലി രംഗത്തും സജീവമാണ്. ഈ അടുത്ത കാലത്ത് നല്ല രീതിയിൽ മലയാളികളുടെ കൂട്ടായ്മയിൽ എം.സി എം.എ. എന്ന സംഘടനയും പ്രവർത്തന രംഗത്ത് സജീവമാണ്.
അവരിലധികം പേർക്കും നിലവിലെ സ്ഥലത്ത് തന്നെ ആധുനിക രീതിയിൽ സെൻട്രൽ മാർക്കറ്റ് പുന നിർമ്മിക്കണമെന്നാണ് ആഗ്രഹമെന്ന് കച്ചവട രംഗത്ത് സജീവമായിട്ടുള്ള സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല ആഗ്രഹം പ്രകടിപ്പിച്ചു.
നിലവിലുള്ള ക്യാപിറ്റൽ ഗവർണറേറ്റ് അധീനതയിൽ നിന്ന് സെൻട്രൽ മാർക്കറ്റ് മാറ്റിയാൽ വാടക ഇനത്തിലും മറ്റു ദൂരെ ദിക്കിലേക്ക് പോയി വരാനുള്ള സമയ സാമ്പത്തിക നഷ്ടങ്ങൾ ഏറെ പരാധീനതകളാവുമെന്നും ഇപ്പോൾ തന്നെ മാളുകളും ഹൈപ്പർ മാർക്കറ്റുകളുടെ വർദ്ധനവിൽ പിടിച്ച് നിൽക്കാൻ ഏറെ പ്രയാസമാണന്നും എം.സി.എം.എ ഭാരവാഹി അഷ്ക്കർ പൂഴിത്തല സത്യം ഓൺലൈനിനോട് അഭിപ്രായപ്പെട്ടു.