വനിമോ: പാപ്വ ന്യൂഗിനിയയിലെ വിദൂര പട്ടണമായ വനിമോയിലെ ജനങ്ങളെ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരം കിലോമീറ്റര്‍ ചരക്ക് വിമാനത്തില്‍ യാത്ര ചെയ്തു. പോര്‍ട്ട് മോസ്ബിയില്‍ നിന്ന് സൈന്യത്തിന്റെ സി130 ചരക്കുവിമാനത്തിലായിരുന്നു യാത്ര.
വൈദ്യുതി വല്ലപ്പോഴും മാത്രം ലഭിക്കുന്ന, പൈപ്പുവെള്ളം ലഭ്യമല്ലാത്ത വനിമോയില്‍ സാധാരണ യാത്രാ വിമാനങ്ങള്‍ ഇറക്കാനുള്ള സൗകര്യമില്ല. വനിമോയിലേത് ചെറിയ വിമാനത്താവളമാണ്. വീല്‍ചെയര്‍ ഉയര്‍ത്തുന്നതിനുള്ള ആംബ്യുലിഫ്റ്റ് സൗകര്യവും ഇവിടെയില്ല. അതിനാലാണ് മാര്‍പാപ്പയ്ക്ക് ചരക്കുവിമാനത്തില്‍ സഞ്ചരിക്കേണ്ടിവന്നത്.
മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മരുന്നും വസ്ത്രങ്ങളും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ ഒരു ടണ്ണോളം അത്യാവശ്യ സാധനങ്ങളും മാര്‍പാപ്പ എത്തിച്ചുകൊടുത്തു. ഇരുപതിനായിരത്തോളം പേര്‍ മാര്‍പാപ്പയെ കാണാന്‍ പട്ടണത്തിലെ കത്തീഡ്രല്‍ മൈതാനത്ത് എത്തിയിരുന്നു. സുന്ദരമായ പ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ നാട്ടില്‍ എല്ലാവരും വിഭാഗീയത വെടിഞ്ഞ് സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു.