ബ്രിസ്‌ബേൻ: സൺ ഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി നെഹറു ട്രോഫി ജലോൽസവം നടത്തപ്പെടുന്നു.
ഈ വരുന്ന നവംബർ 23 ആം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് ഓസ്ട്രേലിയൻ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വെച്ച് തുടക്കം കുറിക്കുന്ന ജലമാമാങ്കം ഓസ്ട്രേലിയൻ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലായിരിക്കും എന്ന് സൺഷൈൻ കോസ്റ്റ് കേരള അസ്സോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുരുഷൻമാരുടെയും സ്ത്രീകളുടെയും 15 ഓളം ടീമുകളെ അണി നിരത്തിക്കൊണ്ട് Lake Kawana, Sunshine Coast ൽ വെച്ച് നടത്തപ്പെടുന്ന ഈ ജലോൽസവം ഇതിനകം തന്നെ ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ സംസാര വിഷയമായിക്കഴിഞ്ഞു.
സൺഷൈൻ കോസ്റ്റ് കേരള അസ്സോസിയേഷനോടൊപ്പം ഓസ്ട്രേലിയൻ മലയാളി ബിസിനസ് രംഗത്തെ പ്രമുഖരായ പുന്നയ്ക്കൽ ഫൈനാൻസും ഐഡിയൽ ലോൺസും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ജലോൽസവത്തിൻ്റെ വിജയികൾക്കായി ആകർഷകമായ സമ്മാനതുകയാണ് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി ബിബിൻ ലൂക്കോസ് പറഞ്ഞു .
വരും തലമുറയ്ക്ക് കേരള നാടിൻറെ തനതു സംസ്‌കാരവും ആഘോഷങ്ങളും പരിചയപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതുപോലുള്ള സംരംഭങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻ്റ് സജീഷ് സെബാസ്റ്റ്യൻ പറഞ്ഞു.
എല്ലാ മലയാളികളെയും സൺഷൈൻ കോസ്റ്റിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുള്ള സന്ദേശം അറിയിക്കുകയായിരുന്നു അദ്ദേഹം.