ഷാർജ: പ്രമുഖ ധന വിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചും യുഎഇയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് യശഃശരീരരായ മാധ്യമപ്രവർത്തകർ പി.വി.വിവേകാനന്ദൻ, വിഎം സതീഷ്, രാജീവ് ചെറായി എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളുടെ സമർപ്പണവും അനുസ്മരണവും ഷാർജയിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കൊണ്ട് സംഘടിപ്പിച്ചു.
ഷാർജ അൽ വഹ്ദാ മെഗാ മാളിന് സമീപമുള്ള റയാൻ ഹോട്ടലിൽ നടന്ന പരിപാടിയില് യുഎഇയിലെ കലാ – സാംസ്കാരിക – സാഹിത്യ – പൊതുപ്രവര്ത്തന – മാധ്യമ രംഗത്തെ പ്രമുഖര് ചടങ്ങിൽ പങ്കെടുത്തു.
കേരള പ്രസ്സ് അക്കാദമി മുൻ അധ്യക്ഷൻ തോമസ് ജേക്കബ്, പിപി ശശീന്ദ്രൻ, ബിൻസാൽ അബ്ദുൽ ഖാദർ, ജസിത സഞ്ജിത്, നിസാർ സെയ്ദ്, ഷിനോജ് ഷംസുദീൻ, കമാൽ കാസിം, അലക്സ് തോമസ് എന്നിവർ പുരസ്കാരങ്ങളും ഉണ്ണികൃഷ്ണൻ പുറവങ്കര, എം.കെ. അബ്ദുറഹ്മാൻ, മുഷ്താഖ് അഹ്മദ് എന്നിവർ ആദരവും ഏറ്റുവാങ്ങി. യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി മുഖ്യാതിഥിയായിരുന്നു.
യശഃശരീരനായ പത്രപ്രവർത്തകൻ പി.വി.വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്കാരം മലയാള പത്രപ്രവർത്തകരിലെ കുലപതിയും കേരള പ്രസ്സ് അക്കാദമി മുൻ അധ്യക്ഷനുമായ തോമസ് ജേക്കബിന് സമ്മാനിച്ചു.
കേരള സർക്കാരിന്റെ മികച്ച പത്രപ്രവർത്തകനുള്ള സ്വദേശാഭിമാനി – കേസരി അവാർഡ് ഉൾപ്പെടെ പല ബഹുമതികൾ നേടിയ തോമസ് ജേക്കബ് വിവിധ തലമുറകളുടെ മാധ്യമഗുരു കൂടിയാണ്. മലയാള മനോരമയിലെ 56 വർഷത്തെ സുദീർഘസേവനത്തിനു ശേഷം എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്ന് 2017 ലാണ് അദ്ദേഹം വിരമിച്ചത്.
കഴിഞ്ഞവർഷം അന്തരിച്ച മാധ്യമ പ്രവർത്തകൻ വി.എം.സതീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന, ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്രപ്രവർത്തകനുള്ള പുരസ്കാരം ‘ഗൾഫ് ന്യൂസ്’ സീനിയർ റിപ്പോർട്ടർ ബിൻസാൽ അബ്ദുൽ ഖാദറിന് സമ്മാനിച്ചു. മികച്ച റേഡിയോ ജേർണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്കാരം ‘ഏഷ്യാനെറ്റ് റേഡിയോ’യിലെ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ജസിത സംജിത്തിന് സമ്മാനിച്ചു.
ഗൾഫിലെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പതിനേഴാമത് യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാരങ്ങളിൽ അച്ചടി മാധ്യമരംഗത്തെ മികവിന് ‘മാതൃഭൂമി’യിൽ 32 വർഷത്തെ സേവനപാരമ്പര്യമുള്ള, ഇപ്പോൾ ഗൾഫിലെ മാതൃഭൂമി മാധ്യമങ്ങളുടെ വാർത്താവിഭാഗം തലവനായി പ്രവർത്തിക്കുന്ന പി.പി.ശശീന്ദ്രനും ടെലിവിഷൻ ജേർണലിസത്തിൽ ‘മീഡിയ വൺ’ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനും ഓൺലൈൻ ജേർണലിസത്തിൽ ഏഷ്യാവിഷൻ പോർട്ടലുകളായ ദുബായ് വാർത്ത ഡോട്ട് കോം, ഒമാൻ മലയാളം ഓൺലൈൻ റേഡിയോ, ബഹ്റൈൻ വാർത്ത ഡോട്ട് കോം എന്നിവയുടെ ചീഫ് എഡിറ്റർ നിസ്സാർ സെയ്ദിദിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരം ‘ഗൾഫ് ടുഡേ: പത്രത്തിലെ ഫോട്ടോഗ്രാഫർ കമാൽ കാസിമിനും മികച്ച വീഡിയോ ജേർണലിസ്റ്റിനുള്ള പുരസ്കാരം എൻ.ടി.വി.യിലെ ക്യാമറാമാൻ അലക്സ് തോമസിനുമാണ് സമ്മാനിച്ചത്.
പത്ര പ്രവർത്തനത്തിന് ജനകീയ മുഖം നൽകുന്നതിനും അധ്യാപനത്തിലൂടെ പുതു മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും അർപ്പിച്ച സുദീർഘ സേവനങ്ങളാണ് തോമസ് ജേക്കബിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
തങ്ങൾ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവത് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗൾഫ് മാധ്യമ പ്രവർത്തകരുടെ പുരസ്കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി നേരത്തത്തെ വിശദീകരിച്ചിരുന്നു. ഗൾഫിലെ മാധ്യമ രംഗത്ത് മലയാളത്തിന്റെ യശസ്സുയർത്തി അകാലത്തിൽ പൊലിഞ്ഞുപോയ വി എം സതീഷിനെ അനുസ്മരിച്ച് സാദിഖ് കാവിലും രാജീവ് ചെറായിയെ അനുസ്മരിച്ച് ഹിഷാം അബ്ദുൽസലാമും സംസാരിച്ചു.
ബഹ്റൈനിൽ മലയാള മാധ്യമങ്ങളുടെ സ്ഥാപനത്തിനും വിജയത്തിനും നേതൃത്വം നല്കിയ, 4 പിഎം ന്യൂസ്, ദി ഡെയിലി ട്രിബ്യുൺ, വീകെൻഡർ എന്നിവയുടെ ചെയർമാൻ ഉണ്ണികൃഷ്ണൻ പുറവങ്കര, ഗൾഫ് ന്യൂസിൽ 36 വർഷം പൂർത്തിയാക്കിയ സീനിയർ ഫോട്ടോഗ്രാഫർ എം.കെ. അബ്ദുറഹ്മാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പിവി വിവേകാനന്ദ് അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാർഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം യുഎഇ എക്സ്ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയുമാണ് സമ്മാനിച്ചത്.
ചടങ്ങിൽ ഫിറോസ് തമന്ന സ്വാഗതം ആശംസിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷനായിരുന്നു. യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, മൊയ്തീൻ കോയ, സലാം പാപ്പിനിശ്ശേരി, ചിരന്തന ട്രഷറർ ടി.പി. അഷ്റഫ്, വൈസ് പ്രസിഡണ്ട് സി.പി.ജലീൽ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.