ഇൻകാസ് ഖത്തറിന്റെ സീനിയർ നേതാവ് അബ്ദുൽ റഷീദ് കൊടുങ്ങല്ലൂരിന്റെ അകാല നിര്യാണത്തിൽ ദുഖത്തിലാഴ്ന്ന ഇൻകാസ് ഖത്തർ നിറ കണ്ണുകളോടെ അദ്ദേഹത്തെ അനുസ്മരിച്ചു.
തന്റെ നിസ്സ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനശൈലി കൊണ്ട് ഇൻകാസ് ഖത്തർ നേതാക്കന്മാരുടേയും പ്രവർത്തകരുടേയും മനസ്സിൽ കുടിയേറിയിരുന്ന റഷീദ് കൊടുങ്ങല്ലൂർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.
ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന റഷീദ് കൊടുങ്ങല്ലൂർ, കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ തന്റെ പ്രവാസ ജീവിതത്തിനിടയിൽ ഖത്തറിലെ വിവിധ കലാ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പോന്നിരുന്ന വ്യക്തി കൂടിയായിരുന്നു.
ഇൻകാസ് സീനിയർ നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ വ്യാഴാഴ്ച, വൈകീട്ട് 7:30 ന് ഐസിസി മുംബൈ ഹാളിൽ നടന്ന അനുശോചനാ യോഗത്തിന് അധ്യക്ഷത വഹിച്ച ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല, ഏറ്റടുത്ത ജോലികൾ ആത്മാർത്ഥയോടെ ചെയ്തു തീർക്കുന്ന റഷീദ് കൊടുങ്ങല്ലൂരിന്റെ വിയോഗം ഇൻകാസ് ഖത്തറിനും, തൃശ്ശൂർ ജില്ലയ്‌ക്കും തീരാനഷ്ടമാണെന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
തുടർന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ഒഐസിസി ഗ്ലോബൽ നേതാക്കന്മാരായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, മുഹമ്മദലി പൊന്നാനി, ജോൺ ഗിൽബെർട്, നാസർ വടക്കേകാട്, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരിപ്പത്ത്, അൻവർ സാദത്ത്, കമാൽ കല്ലാത്തയിൽ, വഹാബ് മലപ്പുറം, എ പി മണികണ്ഠൻ എന്നിവരെ കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും നേതാക്കന്മാരും പ്രതിനിധികളും തങ്ങളുടെ പ്രിയ സുഹൃത്തിനെ വേദനയോടെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി നെബു കോട്ടയം സ്വാഗതവും ട്രഷറർ ഹാൻസ്‌രാജ് നന്ദിയും പറഞ്ഞു.