കുവൈറ്റ്: കാനഡയില്‍ വിദ്യാര്‍ഥിയായിരുന്ന പ്രവാസി മലയാളി യുവാവ് കാനഡയിലെ ബാരിയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. എറണാകുളം സ്വദേശി ജോജി മേനാച്ചേരിയുടെ മകന്‍ അജയ് മേനാച്ചേരിയാണ് മരിച്ചത്.
21 വയസായിരുന്നു. കോളേജില്‍ നിന്ന് മടങ്ങവേ കാര്‍ അപകടത്തില്‍പ്പെട്ടായിരുന്നു മരണം. കനേഡിയന്‍ പോലീസാണ് അജയ്യുടെ പിതാവിനെ വിളിച്ച് മരണം സ്ഥിരീകരിച്ചത്.
ജോജി മേനാച്ചേരിയും ഭാര്യ അച്ചാമ്മ ജോജിയും മക്കളോടൊപ്പം ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസി ജീവിതം നയിച്ചവരാണ്. അപകടത്തില്‍ മരിച്ച അജയും രണ്ടു സഹോദരിമാരും പഠിച്ചതും കുവൈറ്റിലായിരുന്നു.
അടുത്ത കാലത്താണ് ഇവരുടെ കുടുംബം കുവൈറ്റില്‍ നിന്നും ജോര്‍ജ്ജിയയിലേക്ക് താമസം മാറ്റിയത്. ജോര്‍ജിയയില്‍ ടൂറിസം മേഖലയില്‍ ബിസിനസ് നടത്തുകയാണ് ജോജിയും കുടുംബവും. കുവൈറ്റ് എസ് എം സി എയുടെ തുടക്കം മുതല്‍ ജോജിയും കുടുംബവും അതിലെ സജീവ അംഗങ്ങളായിരുന്നു.
കുവൈറ്റ് കെന്റ് വാട്ടര്‍ പ്യൂരിഫയര്‍ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു ജോജി. കുവൈറ്റ് സീസേഴ്സ് റസ്റ്റോറന്റിന്റെ കൊമേഴ്സ്യല്‍ മാനേജര്‍ ആയിരുന്നു അച്ചാമ്മ. അജയും രണ്ടു സഹോദരിമാരും എസ് എം സി എയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിരുന്നു.
ഇപ്പോള്‍ കാനഡയിലുള്ള മുന്‍ കുവൈറ്റ് മലയാളി ജോസ് (ബിഇസി), ബിജോയ് കേളംപറമ്പില്‍ എന്നിവര്‍ മൃതദേഹം കാണാന്‍ ബാരിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ജോജിയുടെ സഹോദരന്‍ ജോ മേനാച്ചേരിയും കാലങ്ങളോളം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു. ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് മടങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.