ദുബൈ: ലോകപ്രസിദ്ധ ബ്രിട്ടീഷ് മുസ്‌ലിം ദാര്‍ശനികനും കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസറുമായ ശൈഖ് അബ്ദുല്‍ഹക്കീം മുറാദിന്റെ നേതൃത്വത്തില്‍ ഇന്തോനേഷ്യയിലേക്കുള്ള ചരിത്രഗവേഷണ പര്യടനത്തില്‍ യു.എ.ഇയില്‍ നിന്നു മലയാളിയും ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരനുമായ മുജീബ് ജൈഹൂണ്‍ അനുഗമിക്കും.
അമേരിക്ക, കാനഡ, യു.കെ, മലേഷ്യ, സിംഗപ്പൂര്‍, ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 37 ഗവേഷക യാത്രികരാണ് കേംബ്രിഡ്ജ് മുസ്‌ലിം കോളേജ് സംഘടിപ്പിക്കുന്ന ചരിത്ര ഗവേഷണ യാത്രാ സംഘത്തിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിശ്വാസികള്‍ അതിവസിക്കുന്ന ഇന്തോനേഷ്യയിലെ ജാവയില്‍ നിന്നു തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഏഴു പ്രധാന കേന്ദ്രങ്ങളിലാണ് സംഘം പര്യടനം നടത്തുന്നത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശൈഖ് സായിദ് ഇസ്‌ലാമിക് പഠനവിഭാഗം തലവനായ പ്രൊഫ. ശൈഖ് അബ്ദുല്‍ഹക്കീം മുറാദ് യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക മതപണ്ഡിതനും മതസൗഹാര്‍ദ്ദ പ്രവര്‍ത്തന മേഖലകളിലെ പ്രമുഖനുമാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നിയമബിരുദധാരിയും ജാവനീസ് ഭാഷാ വിദഗ്ദ്ധയുമായ ലെജ്‌ലാ ദെമിരി, ഓട്ടോമന്‍ ചരിത്രകാരി നാനി അബ്ദുര്‍റഹ്മാന്‍ എന്നിവരും ഗവേഷണ യാത്രാ സംഘത്തിലുണ്ട്.
ഇന്തോനേഷ്യയിലെ ആദ്യമുസ്‌ലിം വിശ്വാസി എന്നറിയപ്പെടുന്ന ഫാതിമ ബിന്‍ത് മൈമൂന്‍ എന്നിവരുടെ സ്മാരകം, ആദ്യകാല ഇസ്‌ലാമിക പ്രചാരകനെന്നറിയപ്പെടുന്ന വാലി സോങോ, ദേമക് സുല്‍ത്താനത്തിന്റെ മന്ദിരങ്ങള്‍, പരമ്പരാഗത ജാവാനീസ് പള്ളികള്‍, മതപാഠശാലകള്‍, ഹിന്ദു-ബുദ്ധ സ്മാരകങ്ങള്‍ എന്നിവയും ഗവേഷക യാത്രാസംഘത്തിന്റെ പ്രധാന പഠനവിഷയങ്ങളാണ്.
ചരിത്രയാത്രികനും എഴുത്തുകാരനുമായ മുജീബ് ജൈഹൂണ്‍ രണ്ട് വര്‍ഷം മുന്‍പാണ് ശൈഖ് അബ്ദല്‍ഹക്കീം മുറാദിനെ സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും ഇതിവൃത്തമാക്കി ജൈഹൂണ്‍ രചിച്ച ഇംഗ്ലീഷ് നോവല്‍ ദ കൂള്‍ ബ്രീസ് ഫ്രം ഹിന്ദ് അന്ന് ഹക്കീം മുറാദിന് സമ്മാനിച്ചിരുന്നു.
ഇസ്‌ലാമിക ആഗമനത്തിലും പ്രചാരത്തിലും കൂടുതല്‍ സാദൃശ്യമുള്ള രണ്ട് പ്രദേശങ്ങളാണ് കേരളവും ഇന്ത്യോനേഷ്യയും. ഇവിടങ്ങളിലെ ഇസ്‌ലാമിക വളര്‍ച്ചയിലെ പ്രധാന സ്വാധീനം സയ്യിദുമാരാണ്. ഇസ്‌ലാമിക ആചാരങ്ങളിലും കര്‍മശാസ്ത്രത്തിലും രണ്ടു പ്രദേശങ്ങളിലും സാമാന്യതകളുള്ളതിനാല്‍ ഈ ഗവേഷണ യാത്ര കൂടതല്‍ പഠനങ്ങള്‍ക്ക് വഴിത്തിരിവാകുമെന്ന് മുജീബ് ജൈഹൂണ്‍ പറഞ്ഞു.
ഏറെ ചരിത്രപ്രാധാന്യമുള്ള ഒരാഴ്ചത്തെ തന്റെ ഗവേഷണപര്യടനത്തിന്റെ മുഴുവന്‍ വിവരങ്ങളും അനുഭവങ്ങളും തന്റെ സാമൂഹ്യമാധ്യമ പേജുകളിലൂടെ പങ്കുവെക്കുമെന്നും ജൈഹൂണ്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ മുജീബ് ജൈഹൂണ്‍ ഷാര്‍ജയില്‍ സ്ഥിരതാമസക്കാരനാണ്.