പാലാ : കേരളാ കോൺഗ്രസ് - എമ്മിലെ സാജോ പൂവത്താനി മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് അംഗം സാജോ വിജയം കണ്ടു.
ഇടതുമുന്നണിയിലെ മുൻ ധാരണപ്രകാരം സിപിഎമ്മിലെ ജോയി കുഴിപ്പാല പ്രസിഡന്റ് പദവി രാജിവച്ചതിനെ തുടർന്നായിരുന്നു തെരെഞ്ഞെടുപ്പ്. മുന്നണിയിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ടര വർഷം കേരളാ കോൺഗ്രസ് - എമ്മിനാണ് പ്രസിഡന്റ് പദവി. മുൻ ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് കേരളാ കോൺഗ്രസ് എമ്മിലെ ഷേർളി ബേബി ഇന്ന് രാജി വയ്ക്കും.
കേരളാ കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ് പൂവരണി വിളക്കുമരുത് സ്വദേശിയായ സാജോ പൂവത്താനി. ഗ്രാമ പഞ്ചായത്തിൽ മൂന്നാം തവണയാണ് സാജോ മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നത്. മീനച്ചിൽ മേഖലയിലെ ഏറ്റവും ജനപ്രിയനായ നേതാവും കേരളാ കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയുമാണ് സാജോ. ഇനിയുള്ള രണ്ടര വർഷം സാജോ പൂവത്താനി ഭരണസമിതിയെ നയിക്കും.
2013 വരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബിജോയ് ഈറ്റത്തോട്ട് രാജിവച്ച ശേഷം ആദ്യമായാണ് മീനച്ചിലിൽ ഒരു കേരളാ കോൺഗ്രസ് എം നേതാവ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. 2013 നു ശേഷം പാർട്ടിയിലെ തർക്കങ്ങളെ തുടർന്നാണ് ഏറെക്കാലം കേരളാ കോൺഗ്രസ് മീനച്ചിലിൽ പിന്നോക്കം പോയത്. ഏത് പാർട്ടി പരിപാടിയ്ക്കും നാട്ടിൽ നിന്നും അഞ്ഞൂറ് പ്രവർത്തകരെ ഒന്നിച്ചുകൂട്ടാൻ ശേഷിയുള്ള മീനച്ചിലിലെ ശക്തനായ യുവ നേതാവായാണ് സാജോ അറിയപ്പെടുന്നത്.
പ്രസിഡന്റ് പദവി വീതം വയ്ക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം അതിന് അംഗീകാരം നൽകിയിട്ടില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വർഷം തോറും പദവി വീതം വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന സമിതി തീരുമാനം എടുത്ത ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇന്ന് മീനച്ചിലിലും കടനാടും നടന്നത്. രണ്ടിടത്തും കേരളാ കോൺഗ്രസിനാണ് പ്രസിഡന്റ് പദവി.