Advertisment

ഓറഞ്ചോണം

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

publive-image

Advertisment

ഉത്രാടം മുതൽ മനസ്സിൽ ആനയും അമ്പാരിയും ആർപ്പോ വിളികളുമായി ഓണത്തിരമാലകൾ തിടമ്പേറ്റി വരികയായിരുന്നു.

തിരുവോണദിനം ഓഫീസിലെ ജോലികൾ ഒക്കെ ഒതുക്കി നേരത്തെ ഇറങ്ങണം, കൂട്ടുകാരുമായി ചേർന്ന് സദ്യ കഴിക്കണം എന്നതായിരുന്നു പദ്ധതി.

ഓണം-കൊറോണ സമ്മേളനം ഉത്സവങ്ങളെ പിന്നോട്ടടിച്ചെങ്കിലും ഉള്ളത്കൊണ്ട് ഓണം പോലെ എന്നായിരുന്നു ചിന്ത.

ഇരുപതിൽപരം വിഭവങ്ങളുമായി തൂശനിലയിൽ റെസ്റ്റോറന്റിലെ പരസ്യത്തിൽ കണ്ട ഓണം മനസ്സിൽ താലോലിച്ചാണ് ജോലിക്ക് ഇറങ്ങിയത്. ചിന്തകളിൽ ഓണത്തുമ്പികൾ വട്ടമിട്ടുപറന്നു.

അപ്രതീക്ഷിതമായി ഓഫീസിൽ അർജന്റ് മീറ്റിംഗ്. എല്ലാവരും റെഡിയാകണം. അറിഞ്ഞ വാർത്ത ഓണത്തുമ്പികളെ ആട്ടിപ്പായിച്ച് മീറ്റിംഗ് തുമ്പികളെ സ്വീകരിച്ചു. പാവം ഓണത്തുമ്പികൾ.

മീറ്റിംഗ് തുടങ്ങി. പത്ത് മണി, പതിനൊന്ന്.. പന്ത്രണ്ട്.. ഒന്ന്; സമയമങ്ങനെ ചുമച്ച് കുരച്ച് നിരങ്ങിനീങ്ങി. കൂട്ടുകാരുടെ ഇടതടവില്ലാതെയുള്ള വിളികൾ ദേഷ്യവും വേദനയും കുറെക്കുറെ പകുത്തുതന്നു. ഫോണിലേക്ക് ഞാൻ അറപ്പോടെ നോക്കി.

പള്ളിമണികൾ പോലെ ശബ്ദമുണ്ടാക്കി മെസേജുകൾ. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും ഓണാശംസകളുടെ മലവെള്ളപ്പാച്ചിൽ.

മൊബൈൽ ഗ്രൂപ്പുകളിൽ ഇലയിട്ട് ഓണസദ്യകൾ നിരന്നു. ആരുടെ പൂരമാണ് കേമം എന്ന മത്സരം. അവസാനം കൂട്ടുകാരുടെ ഫോൺ എടുത്തു "വരുന്നില്ലേ? ഞങ്ങൾ ഹോട്ടലിൽ ഇലയിട്ട് ഇരുന്നു..."

"ഇല്ല. വരുന്നില്ല, ഇവിടെ മീറ്റിംഗിന് ഇലയിട്ടിരിക്കുന്നു. നിങ്ങൾ ആഘോഷിച്ചോളൂ" ഇതും പറഞ്ഞ് ഫോണിൻറെ ഡേറ്റാ ഓഫ് ചെയ്‌തു. ഡേറ്റയില്ലാത്ത ഫോൺ അമ്മത്തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെ പോക്കറ്റിൽ ശാന്തത തേടി.

എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്ന്. ഡ്രൈവർ ദയനീയമായി എൻറെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു. ആരോടോ ഉള്ള ദേഷ്യം അവൻ ആക്സിലേറ്ററിൽ തീർക്കുന്നപോലെ.

വണ്ടി നേരെ ദുബായ് ഖിസൈസ് ഷേക്ക് കോളനിയിലേക്ക്. നിശബ്ദനായി കണ്ണാടിച്ചില്ലിനപ്പുറം ഒഴുകിനീങ്ങുന്ന വാഹനങ്ങളെ നോക്കിയിരുന്നപ്പോൾ ഓർമ്മവച്ച നാൾമുതൽ ആഘോഷിച്ച ഓണങ്ങളുടെ തളിരും കുളിരും പൂവും ഓർമ്മയുടെ താലത്തിൽ കൊണ്ടുവന്നു നീട്ടി.

അത്തപ്പൂക്കളവും, ഓണപ്പാട്ടിന്റെ ശീലുകളും, തുമ്പിതുള്ളലും, ഊഞ്ഞാലാട്ടവും, മൂക്കുമുട്ടെ സദ്യയും, എല്ലാം കഴിഞ്ഞ് സിനിമകളും കാഴ്ച്ചക്ക് വർണ്ണം ചാർത്തി.

"ഏത് ഹോട്ടലിലേക്കാ?" ഡ്രൈവറുടെ ചോദ്യം മനസ്സിനെ ഗ്രാമപച്ചയിൽ നിന്നും ദുബായ് എയർപോർട്ട് ടണൽ റോഡിലേക്ക് തിരികെ കൊണ്ടുവന്നു. തിരുവോണ നാളിൽ ആദ്യമായിട്ടാണ് പട്ടിണി. ഓർത്തപ്പോൾ ഒരു നീറ്റൽ.

"താങ്കൾ വല്ലതും കഴിച്ചോ? എൻറെ മറുചോദ്യം.

"എൻറെ കാര്യം വിടൂ. ഇന്ന് നിങ്ങളുടെ ഉത്സവം അല്ലെ? ഏത് ഹോട്ടലിൽ ആണ് വിടേണ്ടത്?"

ആദ്യം ഒന്ന് ചിന്തിച്ചു. പിന്നെ ചിരിച്ചു. "സജ്‌വാനി കഫറ്റീരിയ, നീയും വാ" അതുകേട്ട് ആശ്ചര്യത്തിന്റെയും അമ്പരപ്പിന്റെയും ചോദ്യചിഹ്നങ്ങൾ മുഖത്ത് കൊളുത്തി അവനെന്നെ നോക്കി.

വണ്ടി നിന്നു. ഡ്രൈവറും ഞാനും കഫറ്റീരിയയുടെ മുന്നിലെ പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരുപ്പുറപ്പിച്ചു. "രണ്ട് ഓറഞ്ച് ജ്യുസ്" ഓർഡർ കേട്ട് അവൻ കൗതുകത്തോടെ എന്നെ നോക്കിയിട്ട് രഹസ്യമെന്നപോലെ ഇങ്ങനെ ഉരുവിട്ടു.

"ഇന്ന് ഓണമല്ലേ? അപ്പോൾ...?!"

വാച്ചിലേക്ക് നോക്കി. സമയം നാലുമണി. പുറത്ത് ഇപ്പോളും പൊള്ളുന്ന ചൂട്. ഉത്തരമായി ഒരു മറുചോദ്യം എൻറെ വക. "നീ നൈജർ, സുഡാൻ, മാലി, മൊസാംബിക്, സോമാലിയ എന്നൊക്കെ കേട്ടിട്ടുണ്ടോ?"

അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നമട്ടിലുള്ള ഉത്തരം കേട്ട് "ചിലതൊക്കെ അറിയാം" എന്ന് ഡ്രൈവർ മറുപടി നൽകി.

"ആഫ്രിക്കയിലുള്ള രാജ്യങ്ങളാണ്. മനുഷ്യർ ഉണ്ടായത് ആഫ്രിക്കയിൽ ആണെന്നാണ് പറയപ്പെടുന്നത്. എന്നാൽ മനുഷ്യൻ ഉണ്ടാക്കിയ കാരണങ്ങളാൽ ഇന്ന് ഏറ്റവും കൂടുതൽ പട്ടിണി ആ രാജ്യങ്ങളിലാണുതാനും"

"അതിന്..?" അവൻ ചോദ്യത്തിൻറെ കൊളുത്തിൽ ഊഞ്ഞാലാടി.

"അവരെയൊക്കെ അപേക്ഷിച്ച് നാമൊക്കെ എത്ര ഭാഗ്യവാന്മാർ. ജോലിയുണ്ട്. ജീവിക്കാൻ വഴിയുണ്ട്. അന്നത്തിന് പാങ്ങുണ്ട്. വംശീയ ലഹളകൾ, യുദ്ധങ്ങൾ ഒന്നുമില്ല... അല്ലേ?" ഞാനിത് പറയുമ്പോൾ ജ്യുസ് വന്നു. എനിക്ക് ഐസ് ഇടാത്തത്. അവന് ഐസ് ഇട്ടത്.

എൻറെ വാക്കുകളുടെ ചില്ലാട്ടം അറിഞ്ഞ് മിണ്ടാതിരുന്നവൻ ജ്യുസിലേക്ക് നോക്കി "നിങ്ങൾക്ക് എന്താണ് ഐസ് ഇടാത്ത ജ്യുസ്?"

"മനസ്സിലാകെ തണുപ്പാടോ. മഹാമാരിക്കലത്തും ഇങ്ങനെ ചൂടിൽ ഓറഞ്ച് ജ്യുസ് ആസ്വദിക്കാനും ഭാഗ്യം വേണം. ഓരോന്ന് ഓർക്കുമ്പോൾ നമ്മളൊക്കെ എത്രയോ പുണ്യജന്മങ്ങൾ" ഇതും പറഞ്ഞ് ഞാൻ ഉറക്കെ ചിരിച്ചു. കൂടെ ഡ്രൈവറും.

ജ്യുസ് കൊണ്ടുവന്ന പയ്യൻ കൗതുകത്തിന്റെ തിരശീല മുഖത്തേക്ക് വലിച്ചിട്ടു. അവൻ മലയാളിയാണ്, പക്ഷെ എന്നിലെ മലയാളിത്തം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല (അവൻ ഓണം ഉണ്ടോ ആവോ..).

അടുത്തുള്ള സ്റ്റുഡിയോയിൽ നിന്നും ഒന്ന് രണ്ട് കുടുംബങ്ങൾ പുറത്തേക്ക് ഇറങ്ങി വന്നു. കുട്ടികൾ മുതൽ അച്ഛനമ്മമാർ വരെ ഓണക്കോടിയൊക്കെ ഉടുത്ത് ഫോട്ടോ എടുക്കാൻ വന്നതാകണം.

ഞാൻ അതിൽ ഏറ്റവും ചെറിയ കുട്ടിയെ നോക്കി പുഞ്ചിരിച്ചു. കൊടുത്തതിന്റെ പലിശയടക്കം കുട്ടിമുണ്ടുകാരൻ തിരികെ തന്നു. ചില കുട്ടികൾ അങ്ങനെയാണ്. പുഞ്ചിരികൊടുത്താൽ പാൽപുഞ്ചിരി തിരികെ തരും.

ഓറഞ്ച് ജ്യുസ് നുണഞ്ഞ് കുഞ്ഞിന്റെ പുഞ്ചിരിയും സ്വീകരിച്ച് കഫറ്റീരിയയുടെ മുന്നിൽ ഇരുന്ന ഓണം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മറ്റൊരാഘോഷമായി. ഇങ്ങനെയും ഒരോണം. ജ്യൂസിൽ ഐസ് ഇട്ടില്ലെങ്കിലും സത്യമായും അപ്പോൾ മനസ്സ് കുളിർത്തു.

-ജോയ് ഡാനിയേല്‍

പത്തനംതിട്ടയിലെ കൂടൽ സ്വദേശി.  ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഖിസ്സ-01, ഖിസ്സ-02 എന്നീ കഥാസമാഹാരങ്ങളുടെ എഡിറ്റർ. സത്യംഓൺലൈനിൽ 2017 മുതൽ 'പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ' എന്ന കോളം എഴുതുന്നു.

PRAVASATHILE MANJUTHULLI
Advertisment