Advertisment

കേരളത്തിന്റെ യഥാർത്ഥ വികസന നായകൻ. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കിയ ജനകീയ നായകൻ. 1200 കോടിയുടെ കാരുണ്യ സഹായവും തൊഴിലില്ലായ്മ വേതനവും കേൾവിയില്ലാത്തവർക്കുള്ള ശ്രവണസഹായ പദ്ധതിയും കരുതലിന്റെ അടയാളങ്ങൾ. ഇതുപോലൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടുണ്ടാവില്ല

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ വികസന നായകനാണ് ഉമ്മൻചാണ്ടിയെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ. കൊച്ചി സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കിയ ദീർഘവീക്ഷണം. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തി ഉമ്മൻചാണ്ടി കേരളത്തെ മുന്നോട്ടു നയിച്ചത് വികസന കാലഘട്ടത്തിലേക്കായിരുന്നു. തൊഴിലില്ലായ്മ വേതനം, ശ്രവണ പരിമിതർക്കുള്ള ശ്രവണ സഹായ പദ്ധതി എന്നിങ്ങനെ കരുതൽ പദ്ധതികളും ഏറെ.

സംസ്ഥാനത്തെ നിരവധി വികസന പദ്ധതികളുടെ നിർണായക ചുവടുവെപ്പുകൾ നടന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. വിവാദങ്ങളുയർന്നപ്പോഴും ഭയന്ന് ഒരു വികസന പദ്ധതിയും വേണ്ടെന്ന് വച്ചില്ല. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവില്ലെന്നും തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയ തുറമുഖം വരുമെന്നും എല്ലാവരും ഉറപ്പിച്ച് പറഞ്ഞിരുന്ന വേളയിലാണ് വിഴിഞ്ഞം തുറമുഖം യാഥാ‌ർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി മുന്നിട്ടിറങ്ങിയത്. അദാനിയുമായി കരാറൊപ്പിട്ടപ്പോൾ വമ്പൻ അഴിമതി ആരോപിച്ച് രംഗത്തെത്തിയത് ഇന്നത്തെ ഭരണപക്ഷക്കാരായിരുന്നു.

ഉമ്മൻചാണ്ടിയുടെ വികസന പദ്ധതികൾക്ക് തടയിടാനും എൽ.ഡി.എഫ് ഏറെ ശ്രമിച്ചിട്ടുണ്ട്. വികസനത്തിനായി വായ്പയെടുക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി ക്ഷണിച്ചുകൊണ്ടുവന്ന വേൾഡ് ബാങ്കിന്റേയും എ.ഡി.ബി.യുടേയും പ്രതിനിധികളെ കേരളത്തിൽ കായികമായി കയ്യേറ്റം ചെയ്തു. മുറിയിൽ പൂട്ടിയിട്ടു, കരി ഓയിൽ ഒഴിച്ചു.എന്നിട്ടും ഉമ്മൻചാണ്ടി പിൻമാറിയില്ല. പിന്നീട് അതേ ഇടതുനേതാക്കൾ ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാൻ തീവ്രശ്രമം നടത്തുന്നതും ഉമ്മൻചാണ്ടിക്ക് കാണാൻ ഭാഗ്യമുണ്ടായി. പ്രളയപുനരധിവാസത്തിനടക്കം ഇടതു സർക്കാർ പിന്നീട് ലോകബാങ്ക് സഹായം നേടി. മുഖ്യമന്ത്രിയുടെ കഴിഞ്ഞ വിദേശയാത്രയിലും ലോകബാങ്കുമായി ചർച്ച നടത്തിയിരുന്നു.

കേരളത്തിലെ പൊതു ഗതാഗത്തിലെ വിപ്ളവമായിരുന്നു കൊച്ചിമെട്രോ. 1999ൽ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്ത് തുടക്കമിട്ടപദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004കാലത്താണ്. 2006ൽ നിർമാണം തുടങ്ങി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. എന്നാൽ ആ ചടങ്ങിലേക്ക് ഉമ്മൻചാണ്ടിയെ ക്ഷണിച്ചില്ല. പക്ഷേ കൊച്ചിമെട്രോ യാഥാർത്ഥ്യമാക്കുന്നതിൽ ഉമ്മൻചാണ്ടിക്കുള്ള പങ്ക് ഒരാൾക്കും വിസ്മരിക്കാനാവുന്നതല്ല.

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിലും ഉമ്മൻചാണ്ടിക്ക് വലിയ പങ്കുണ്ടായിരുന്നു. 1996 ജനുവരി 19ന് അന്നത്തെ വ്യോമയാനമന്ത്രി സി.എം.ഇബ്രാഹിം പ്രഖ്യാപിച്ച കണ്ണൂർവിമാനത്താവളത്തിന്റെ നിർണായകമായ പലനടപടികളും പൂർത്തിയാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2016 ഏപ്രിൽ30ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യവിമാനം പറന്നിറങ്ങി. പരീക്ഷണ പറക്കൽ വിജയകരമായി നടത്താൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. എന്നാൽ കളിവിമാനം പറപ്പിച്ചെന്ന് പറഞ്ഞ് ഇടത് നേതാക്കൾ ഉമ്മൻചാണ്ടിയെ അപഹസിക്കുകയായിരുന്നു. ഐ.ടി.ഭൂപടത്തിൽ കേരളവും കൊച്ചിയും നേടിയെടുത്ത വിലാസമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി. പദ്ധതിയുടെ പഠനത്തിന് ദുബായ് ഇന്റർനെറ്റ് സിറ്റിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ഉമ്മൻചാണ്ടിയാണ്. സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലാണ് നിർവ്വഹിച്ചത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് അദാനിക്ക് കരാർ നൽകിയതും നിർമ്മാണത്തിന് തുടക്കമിട്ട് തറക്കല്ലിട്ടതും ആയിരംദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഉമ്മൻചാണ്ടി അധികാരത്തിൽ നിന്ന് മാറി ഏഴ് വർഷമായിട്ടും പൂർത്തിയാക്കാനായില്ല. ലോട്ടറി വാങ്ങുമ്പോൾ സമ്മാനത്തിനൊപ്പം ജീവകാരുണ്യവും എന്ന കാരുണ്യ ലോട്ടറി നടപ്പാക്കിയതും ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ആശയത്തിന് ഉമ്മൻചാണ്ടി മികച്ച പിന്തുണയാണ് നൽകിയത്. ഗുരുതരമായ പതിനൊന്നോളം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം വരെ ധനസഹായമായി നൽകുന്ന കാരുണ്യ പദ്ധതിയിൽ 1.42 ലക്ഷംപേർക്ക് 1200 കോടിയുടെ ചികിത്സാസഹായമാണ് നൽകാനായത്.

കുഞ്ഞുങ്ങളിൽ ശ്രവണശേഷിയില്ലായ്മ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള നൂതനപദ്ധതിയായ കോക്ളിയർ ഇംപ്ളാന്റേഷൻ രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കിയതും ഉമ്മൻചാണ്ടിയായിരുന്നു. 640കുട്ടികൾക്ക് സൗജന്യമായി കോക്ളിയർ ഇംപ്ളാന്റേഷൻ നടത്തി. സർക്കാർ ആശുപത്രിയിൽ 595ഇനം മരുന്നുകൾ സൗജന്യമാക്കിയും 18വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ ആശുപത്രിയിൽ സൗജന്യചികിത്സ ഉറപ്പാക്കുന്ന ആരോഗ്യകിരണം പദ്ധതി, ഗർഭസ്ഥാവസ്ഥ മുതൽ കുഞ്ഞിന് ഒരുവയസാകുന്നതുവരെയുള്ള ചികിത്സ സൗജന്യമാക്കി കൊണ്ടുള്ള അമ്മയുംകുഞ്ഞും പദ്ധതിയും ഉമ്മൻചാണ്ടി സർക്കാർ ആരോഗ്യരംഗത്ത് കൊണ്ടുവന്ന പ്രധാന മാറ്റങ്ങളായി. ആരോഗ്യരംഗത്ത് വൻമാറ്റങ്ങൾക്കാണ് ഉമ്മൻചാണ്ടി തുടക്കമിട്ടത്. എല്ലാ ജില്ലകളിലും മെഡിക്കൽകോളേജ് പദ്ധതിപ്രകാരം ഇടുക്കിയിലും മഞ്ചേരിയിലും കോന്നിയിലും മെഡിക്കൽ കോളേജിന് തുടക്കമിട്ടു.

ഉമ്മൻചാണ്ടി തൊഴിൽവകുപ്പു മന്ത്രിയായിരിക്കേയാണ് തൊഴിലില്ലായ്മവേതനം നൽകാനുള്ള തീരുമാനമുണ്ടായത്.ആരോഗ്യ ഇൻഷുറൻസ്, ഒരു രൂപയ്ക്ക് അരി എല്ലാ കുടുംബങ്ങൾക്കുംറേഷൻ കാർഡ്, ജനസമ്പർക്ക പരിപാടി, വല്ലാർപാടം കണ്ടെയ്നർ തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി. പദ്ധതി, മലയോര ഹൈവേ, ശബരിമല വികസനം തുടങ്ങി നിരവധി പദ്ധതികളിൽ ഉമ്മൻചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. എൽ.എൻ.ജി പദ്ധതിക്ക് തുടക്കത്തിൽ ഇടങ്കോലിട്ടിരുന്ന ഇടതുപക്ഷം തന്നെ പിന്നീട് പദ്ധതി പൂർത്തിയാക്കിയതിന്റെ വമ്പ് പറയുന്നതും പിന്നീട് കേരളം കണ്ടു.

എല്ലാ മണ്ഡലത്തിലുംആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, 1970 കോടിയുടെ ബൈപാസുകൾ, 400 ദിവസംകൊണ്ട് 100 പാലം, മലയാളം സർവകലാശാല, പ്രവാസി വോട്ടവകാശം, ദേശീയ ഗെയിംസ് നടത്തിപ്പ്, 3000 കോടിയുടെ ജപ്പാൻ കുടിവെള്ള പദ്ധതി, അധ്യാപക പാക്കേജ്‌ തുടങ്ങി നിരവധി പദ്ധതികളാണ് ഉമ്മൻചാണ്ടി കേരളത്തിന് സമ്മാനിച്ചത്. ഇതെല്ലാം കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് നൽകിയ സംഭാവനകൾ മറക്കാനാവുന്നതല്ല. അതിനാൽ കേരളത്തിന്റെ വികസനത്തിന് ഉമ്മൻചാണ്ടി നൽകിയത് ചരിത്രപരമായ സംഭാവനകളാണ്

Advertisment