Advertisment

കുറച്ചു മീറ്ററുകള്‍ വണ്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ സുരക്ഷാ ചെക്ക്‌പോയിന്റില്‍ നിര്‍ത്തേണ്ടി വന്നു. ഇനിയങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു , നടുറോഡില്‍ പ്രസവിക്കേണ്ട അവസ്ഥ ;  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മണിക്കൂറുകളോളം നടന്ന് ഒടുക്കം ഇന്‍ഷ പ്രസവിച്ചു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ ആഗസ്റ്റ് എട്ടിന് കശ്മീരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ വലിയ തോതില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. നിരായുധരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആറുവയസ് പ്രായമുള്ള കുട്ടികള്‍ക്കുനേരെ വരെ പൊലീസ് വെടിവെപ്പു നടത്തിയെന്നാണ് സാക്ഷികളെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Advertisment

publive-image

അന്നായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ഇന്‍ഷ അഷ്‌റഫ് എന്ന 26കാരിക്ക് അസ്വസ്ഥത തുടങ്ങിയത്. ഗര്‍ഭ പാത്രത്തില്‍ നിന്നുള്ള ദ്രവം (അമ്‌നിയോട്ടിക് ദ്രവം) പൊട്ടി പുറത്തേക്കുവന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ബെമിനയിലെ സ്വവസതിയായിരുന്നു ഇന്‍ഷ. അവരുടെ ആദ്യ പ്രസവമായിരുന്നു. കശ്മീര്‍ ചരിത്രത്തിലിന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലായതിനാല്‍ കൃത്യസമയത്ത് ആശുപത്രിയിലെത്താന്‍ കഴിയുമോയെന്ന ആധിയിലായിരുന്നു ഇന്‍ഷ.

പുലര്‍ച്ചെ 5.30 ഓടെ ഇന്‍ഷയേയും സഹോദരി നിഷയേയും കൂട്ടി മാതാവ് മുബീന അയല്‍ക്കാരന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ അയല്‍ക്കാരന്‍ അവരെ ഏഴുകിലോമീറ്റര്‍ അപ്പുറത്തുള്ള ലാല്‍ ഡെഡ് ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിച്ചു.

കുറച്ചുമീറ്ററുകള്‍ വണ്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ സുരക്ഷാ ചെക്ക്‌പോയിന്റില്‍ നിര്‍ത്തേണ്ടി വന്നു. ഇനിയങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു.

‘അടിയന്തര സാഹചര്യമാണെന്ന് ഞാനവരോട് പറഞ്ഞുനോക്കി, ഒരു വാഹനത്തേയും അനുവദിക്കരുതെന്ന് കര്‍ശനമായ ഉത്തരവ് അവര്‍ക്കുണ്ടായിരുന്നു.’ ഇന്‍ഷ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് നടന്നുപോകാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരോട് പറഞ്ഞത്.

‘നടക്കാന്‍ തുടങ്ങിയപ്പോള്‍ ഓരോ അഞ്ഞൂറ് മീറ്ററിലും ചെക്ക്‌പോയിന്റുകളുണ്ട്. ഓരോ സ്ഥലത്തു നിന്നും മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.’ തങ്ങളുടെ അപേക്ഷയൊന്നും അവര്‍ ചെവിക്കൊണ്ടില്ലെന്നും ഇന്‍ഷ പറയുന്നു.രാവിലെ 11 മണിയോടെ അവര്‍ ലാല്‍ ഡെഡ് ആശുപത്രിയ്ക്ക് 500 മീറ്റര്‍ അകലെയെത്തി. അപ്പോഴേയ്ക്കും ഇന്‍ഷയ്ക്ക് കടുത്ത സങ്കോചം അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. അതിനകം തന്നെ അവര്‍ ആറുകിലോമീറ്ററിലേറെ കാല്‍നടയായി സഞ്ചരിച്ചിരുന്നു.

ഇന്‍ഷ റോഡില്‍ പ്രസവിക്കേണ്ടിവരുമെന്ന അവസ്ഥ വന്നതോടെ മുബീനയും ഇന്‍ഷയുടെ സഹോദരിയും അവരെ സമീപത്തുള്ള ഖനാം എന്ന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലെത്തി 15 മിനിറ്റിനകം ഇന്‍ഷ ഒരു പെണ്‍കുട്ടിയ്ക്കു ജന്മം നല്‍കി. കശ്മീരിലെ ഉപരോധം കാരണം ആശുപത്രിയില്‍ തുണിയൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ നഗ്നയായാണ് കുട്ടിയെ മുറിയ്ക്കു പുറത്തേക്കു കൊണ്ടുവന്നത്.

‘ ചെറുമകളെ ഞാന്‍ കയ്യില്‍ എടുത്ത് തട്ടംകൊണ്ട് പൊതിഞ്ഞു’ മുബീന പറയുന്നു. ഇന്‍ഷയുടെ സഹോദരി നിഷ ആശുപത്രി പരിസരത്ത് ഒരു മണിക്കൂറിലേറെ അന്വേഷിച്ചപ്പോഴാണ് കുട്ടിയ്ക്ക് ധരിക്കാനുള്ള വസ്ത്രം വാങ്ങിക്കാനായത്.

ഇന്‍ഷയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ അഹമ്മദ് ഷെയ്ക്ക് ഓട്ടോ ഡ്രൈവറാണ്. ഭാര്യ പ്രസവിച്ച കാര്യം ഇര്‍ഫാന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. ആശയ വിനിമയ സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ അറിയിക്കാന്‍ മറ്റു വഴിയുമില്ല. പോയി അറിയിക്കാമെന്നുവെച്ചാല്‍ പൗരന്മാര്‍ക്ക് കശ്മീരില്‍ സഞ്ചരിക്കാന്‍ പോലും സ്വാതന്ത്ര്യവുമില്ല.

Advertisment