തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചുവെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. തന്നോട് എഴുതാന്‍ പറഞ്ഞിട്ട് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തെങ്കില്‍ അപമാനമല്ലാതെ മറ്റെന്താണ്. സച്ചിദാനന്ദനുമായി പണ്ടുണ്ടായ ഏറ്റുമുട്ടലിന് പ്രതികാരമാണ് ഇപ്പോഴത്തെ അപമാനമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നിഷേധിക്കാന്‍ കാരണം തന്റെ തുറന്നു പറച്ചിലുകളാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സച്ചിദാനന്ദനും അബൂബക്കറും ചേര്‍ന്നുള്ള പദ്ധതിയാണ് ഇപ്പോഴത്തേത്. അല്ലെങ്കില്‍ മറ്റാരുണ്ട് എഴുതാന്‍ എന്ന് ചോദിച്ച അബൂബക്കര്‍ തന്നെ ഇത് ചെയ്യുമോ. ശ്രീകുമാരന്‍ തമ്പിയാണോ സച്ചിദാനന്ദനാണോ ജനപ്രിയ കവി എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സാംസ്‌കാരിക മന്ത്രി പറഞ്ഞാലും ഇനി കേരളഗാനം എഴുതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍
ഹരിനാരായണന്റെ പാട്ട് എടുത്തെങ്കില്‍ ശ്രീകുമാരന്‍ തമ്പിയേക്കാള്‍ മികച്ച ഗാനരചയിതാവ് ഹരിനാരായണന്‍ ആണെന്ന് സച്ചിദാനന്ദന്‍ പ്രഖ്യാപിക്കുകയാണ്. ഇതിനേക്കാള്‍ വലിയ അപമാനം എന്താണ്. എങ്കില്‍ എന്തിനാണ് എന്നോട് അവര്‍ പാട്ടെഴുതാന്‍ പറഞ്ഞത്. നേരത്തെ തന്നെ കേരളത്തിലെ കവികളില്‍ നിന്ന് പാട്ടുകള്‍ സ്വീകരിക്കാമായിരുന്നല്ലോ.
താങ്കളല്ലാതെ മറ്റാര് എന്ന് അബൂബക്കര്‍ ചോദിച്ചതുകൊണ്ടാണ് ഞാന്‍ എഴുതാന്‍ തയ്യാറായത്. അവര്‍ പറഞ്ഞ തിരുത്തുകള്‍ക്ക് ശേഷം നന്ദി എന്ന് മാത്രമാണ് എനിക്ക് ലഭിച്ച മറുപടി. സ്വാഭാവികമായും പാട്ട് സ്വീകരിച്ചു എന്നല്ലേ മനസിലാക്കുക. അതിന് ശേഷമാണ് അവര്‍ പരസ്യം കൊടുക്കുന്നത്.
ഞാനും സച്ചിദാനന്ദനും തമ്മില്‍ ചെറിയ ഒരു എറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. അതിന് സച്ചിദാനന്ദന്‍ നടത്തിയ പ്രതികാരമാണിത്. എന്നെ അപമാനിക്കാന്‍ വേണ്ടി ചെയ്തതാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയത് ക്ലീഷേ ആണെന്ന് പറയാന്‍ സച്ചിദാനന്ദന്‍ അവസരം ഉണ്ടാക്കുകയായിരുന്നു. അവസരം നോക്കിയിരുന്ന് അദ്ദേഹം എന്നെ അപമാനിച്ചതാണ്. അപമാനിക്കുകയല്ലേ, അല്ലെങ്കില്‍ എന്തിന് എന്നോട് എഴുതാന്‍ പറഞ്ഞു. ഞാനെഴുതുന്നത് ക്ലീഷേ ആണെങ്കില്‍ അത് കേള്‍ക്കുന്ന ആളുകള്‍ ഉണ്ട്. ബോധപൂര്‍വ്വമാണ് ഇതൊക്കെ. അവര്‍ സൃഷ്ടിച്ച കെണിയില്‍ ഞാന്‍ വീണു. അതെന്റെ നന്മയാണ്.
എന്റെ തുറന്നു പറച്ചിലാണ് അവാര്‍ഡുകള്‍ നിഷേധിക്കാന്‍ കാരണം. എന്നെ സംബന്ധിച്ച് സച്ചിദാനന്ദനും അബൂബക്കറും ചേര്‍ന്നുള്ള പദ്ധതിയാണ് ഇത്. അല്ലെങ്കില്‍ മറ്റാരുണ്ട് എഴുതാന്‍ എന്ന് ചോദിച്ച അബൂബക്കര്‍ തന്നെ ഇത് ചെയ്യുമോ. ശ്രീകുമാരന്‍ തമ്പിയാണോ സച്ചിദാനന്ദനാണോ ജനപ്രിയ കവി എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. സാംസ്‌കാരിക മന്ത്രി പറഞ്ഞാലും ഇനി കേരളഗാനം എഴുതില്ല.
സാഹിത്യ അക്കാദമി എങ്ങനെയെങ്കിലും ആരെങ്കിലും രക്ഷിക്കണേ എന്ന് ആഗ്രഹിക്കുന്നവരാണ്. അബൂബക്കറും സച്ചിദാനന്ദനും ചേര്‍ന്ന അച്ചുതണ്ട് കക്ഷിയാണ് സാഹിത്യ അക്കാദമിയെ ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഹരിനാരായണന്റെ പാട്ട് എടുത്തു എന്നും ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ക്ലീഷേ ആണെന്നും സച്ചിദാനന്ദന്‍ പറയുന്നതും തീരുമാനം ആയില്ലെന്ന് അബൂബക്കര്‍ പറയുന്നതും. രണ്ടുപേരുടെയും അഭിപ്രായം രണ്ടു തരത്തിലാണ് എന്നതില്‍ തന്നെ സാഹിത്യ അക്കാദമി എങ്ങോട്ട് പോകുന്നുവെന്ന് വ്യക്തമാണ്.