Advertisment

കോര്‍പ്പറേറ്റ് ലോകത്ത് കാലിടറി ആത്മഹത്യയിലേക്കു വീഴുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു. അമിത ജോലിഭാരം വിഷാദ രോഗത്തിലേക്കു വഴിവെക്കുന്നു. സമ്മര്‍ദം സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ചു പോകുന്നവരും ഏറെ. പൂണെയില്‍ മരിച്ച അന്ന ജോലി ചെയ്തിരുന്നത് വാരാന്ത്യങ്ങളില്‍ പോലും വിശ്രമമില്ലാതെ

New Update
B

കോട്ടയം: കോര്‍പ്പറേറ്റ് ലോകത്ത് കാലിടറി ആത്മഹത്യയിലേക്കു വീഴുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു. പൂണെയില്‍ പ്രവർത്തിക്കുന്ന ഏണസ്റ്റ് ആന്റ് യങ് (ഇ.വൈ) കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിയായ അന്ന സെബാസ്റ്റ്യന്‍  എന്ന 26 കാരിയുടെ മരണം അമിത ജോലിഭാരം നിമിത്തമാണെന്ന മാതാപിതാക്കളുടെ ആരോപണമാണ് ഇപ്പോള്‍ സമൂഹത്തില്‍ ചര്‍ച്ചയായാകുന്നത്. അന്നയുടെ മരണകാരണം വിശ്രമമില്ലാത്ത ജോലിയും കടുത്ത മാനിസിക സമ്മര്‍ദം ഉണ്ടാക്കിയ ശാരീരികപ്രശ്‌നങ്ങളുമാണെന്ന് അന്നയുടെ അമ്മ ആരോപിക്കുന്നു.

Advertisment

ചെറുപ്പത്തില്‍ തന്നെ പഠനത്തോടൊപ്പം കോച്ചിങ് ക്ലാസിനു ഉള്‍പ്പടെ ചേര്‍ക്കുകയും പഠനത്തില്‍ ചെറിയൊരു വീഴ്ച വന്നാല്‍ കോച്ചിങ് സെന്ററിലെ അധ്യാപകരുടെയും മാതാപിതാക്കളുടെയെല്ലാം സമ്മര്‍ദം ഏറ്റുവാങ്ങിയാണ് ഇപ്പോള്‍ വിദ്യാർഥികൾ പഠനം പൂര്‍ത്തിയാക്കുന്നത്. ഇത്തരം കുട്ടികളിൽ ഭൂരിഭാഗവും മാനസികമായി ദുര്‍ബലരായിരിക്കും.

മെച്ചപ്പെട്ട ജീവിതവും കരിയറും ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഭൂരിപക്ഷം പേരും ചെന്നു ചാടുന്നത് കോര്‍പ്പറേറ്റ് കമ്പനികളിലേക്കാണ്. അവിടെ ഇടവേളകള്‍ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും അമിത ജോലിഭാരം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

സമ്മര്‍ദത്തിന് അടിപ്പെടുന്ന ജീവനക്കാരില്‍ ജീവിതശൈലി രോഗങ്ങളും ഹൃദ്രോഗങ്ങളും വര്‍ധിക്കുന്നുവെന്നാണു പഠനങ്ങള്‍ പറയുന്നത്

 

ഇതോടൊപ്പം ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും, അന്യായമായ പിരിച്ചുവിടല്‍ ഭീഷണിയുമെല്ലാം തൊഴില്‍ മേഖലയില്‍ അരാജകത്വവും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ട്. ഇതു ജീവനക്കാരുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പല കോര്‍പ്പറേറ്റ് കമ്പനികളിലും സ്ത്രീകള്‍ക്കു പരാതി പറയാന്‍ സംവിധാനങ്ങള്‍ പോലുമില്ല.

പരാതി പറയുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ ജോലി രാജിവെച്ചു മറ്റു കമ്പനികളിലേക്കു പോയാല്‍ ഇവരെ ജോലിക്കു സ്വീകരിക്കാതിരിക്കാനുള്ള ശ്രമങ്ങളും ഇത്തരം കമ്പനികളിലെ മുതിർന്ന ജീവനക്കാരും മാനേജ്മെന്റും ശ്രമിക്കാറുണ്ട്. ഇതു ഭയന്നു പലരും പരാതി പറയാന്‍ പോലും മിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഏതെങ്കിലുമൊരു ജോലി ചെയ്തു ജീവിക്കുന്ന ലോകത്തിലെ 40 ശതമാനം പേരും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെടുമോ എന്നു ഭയക്കുന്നവരാണെന്നാണു പഠനങ്ങള്‍ പറയുന്നത്. പുതിയ തലമുറയിലുള്ളവര്‍ക്ക് ജോലിയും പഠനവും ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ വെല്ലുവിളികളുമുണ്ട്.

ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ അസംതൃപ്തരായവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകതന്നെയാണ്. ഇന്‍ഡീഡ് എന്ന സ്ഥാപനം 2019 ല്‍ നടത്തിയ സര്‍വേ അനുസരിച്ച് അമേരിക്കയിലെ പകുതിയില്‍ അധികം പേരും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ജോലി മാറിയവരാണ്. മികച്ച ശമ്പളം തേടിയാണു ചിലര്‍ മാറിയതെങ്കില്‍ കടുത്ത സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടി ജോലി മാറിയവരുടെ എണ്ണവും ചെറുതല്ല.

കടുത്ത സമ്മർദമാണ് പുണെയിലെ ഇ.വൈ കമ്പനിയില്‍ ജോലിക്കു കയറിയ അന്ന സെബാസ്റ്റിയനും നേരിട്ടത്. അമ്മ കമ്പനിയുടെ ഇന്ത്യയിലെ മേധാവിക്ക് അയച്ച കത്തില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണ്. 2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. തുടർന്ന് പൂണെയിലെ ഇ.വൈ കമ്പനിയിലേക്ക് ജോലി ലഭിക്കുകയും ചെയ്തു. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇ.വൈ കമ്പനിയിലേത്.

നാലുമാസം മുമ്പാണ് കമ്പനിയില്‍ എക്‌സിക്യുട്ടീവായി ജോലിക്ക് കയറിയത്. ജൂലൈ 20ന് അന്ന മരിക്കുകയും ചെയ്തു. തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും, ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് അമ്മ കമ്പനി മേധാവിക്ക് അയച്ച കത്തില്‍ പറയുന്നത്.

മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. അന്ന ആ ജോലിക്കെത്തിയപ്പോള്‍ തന്നെ അവളുടെ ടീ മാനേജര്‍ പറഞ്ഞിരുന്നു, പലരും മുമ്പ് ജോലിഭാരമെന്ന് പറഞ്ഞ് രാജിവെച്ചിട്ടുണ്ട്. നിങ്ങള്‍ അവരുടെയെല്ലാം അഭിപ്രായം തിരുത്തണമെന്ന്. പലപ്പോഴും വൈകുന്നേരമാവുമ്പോഴാണ് അവള്‍ക്ക് ജോലി അസൈന്‍ ചെയ്തുകൊടുത്തിരുന്നത്. ആ മാനേജരുടെ കീഴില്‍ നല്ല ബുദ്ധിമുട്ടായിരിക്കുമല്ലോ എന്നു പലരും അവളോട് തമാശയായി ചോദിച്ചിട്ടുമുണ്ടെന്നും അമ്മ പറയുന്നു.

ഒരു ദിവസം രാത്രിയാണ് അവളുടെ മാനേജര്‍ ഒരു ജോലികൊടുത്തത്. പിറ്റേദിവസം രാവിലെയാകുമ്പോഴേക്കും അത് തീര്‍ക്കണമെന്നും പറഞ്ഞു. അവള്‍ക്ക് ശ്വാസം വിടാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പലപ്പോഴും രാത്രി വീട്ടിലെത്തി വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വീഴുകയായിരുന്നു അവള്‍. അത്രയും ക്ഷീണമായിരിക്കുമെന്നും കത്തിലുള്ളത്.

 

കോര്‍പ്പറേറ്റ് ലോകത്ത് ഇടപെടാന്‍ മടിക്കുന്ന സര്‍ക്കാരിന്റെ പരാജയം കൂടിയാണ് അന്നയുടെ മരണം ചൂണ്ടിക്കാട്ടുന്നത്

 

സംതൃപ്തമായ തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും എന്നപോലെ സര്‍ക്കാരിനും ബാധ്യതയുണ്ട്. പക്ഷേ, സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറല്ല. അന്നയുടെ മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisment