മാനന്തവാടി: വയനാട് ലോകസഭ തിരഞ്ഞെടുപ്പിനെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷ മാവുന്നു. മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദയനീയ പരാജയം സി പി ഐ ഏറ്റുവാങ്ങിയതിനെ തുടർന്നാണ് പരാജയത്തിന്റെ യഥാർത്ഥ കാരണം മുന്നണികൾ തമ്മിലെ സഹകരണമില്ലായ്മയാണ് എന്ന പൊതു വിലയിരുത്തിൽ സിപിഐ എത്തുന്നത്.
2014 ൽ 356,165 വോട്ടു നേടിയ സത്യൻ മൊകേരിക്ക് ഇത്തവണ രണ്ട് ലക്ഷത്തി പതിനായിരം വോട്ടുകൾമാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോൾ 283,023 വോട്ടും 2019ൽ പി.പി.സുനീർ മത്സരിച്ചപ്പോൾ 274,597 വോട്ടും നേടിയ സ്ഥാനത്താണ് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട് ഇത്തവണ എൽഡിഎഫിനു ലഭിച്ചത്.
എൽഡിഎഫിനു വേണ്ടി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടു പിടിച്ച ആൾ തന്നെ ഏറ്റവും കുറവ് വോട്ടും നേടി എന്നതും സിപിഐയിലെ മുതിർന്ന നേതാവ് കൂടിയായ സത്യൻ മൊകേരിക്ക് തിരിച്ചടിയായിരിക്കുകയാണ്.
മണ്ഡലത്തിലെ വോട്ടുചോർച്ചയുമായി ബന്ധപ്പെട്ടുള്ള അതൃപ്‌തി പ്രകടിപിച്ച് സി പി ഐ. ആ ഘട്ടത്തിൽ തന്നെ
രംഗത്തുവന്നിരുന്നു. ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ
വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത് .
സുൽത്താൻ ബത്തേരിയിലെ 97 ബൂത്തുകളിൽ ബിജെപിക്ക് പുറകിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി. കൽപറ്റയിലെ 35 ബൂത്തുകളിലും മാനന്തവാടിയിൽ 39 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണ് ഇടതുമുന്നണി സ്ഥാനർത്ഥി.
മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിലും പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുമ്പോൾ മുന്നണിക്കുള്ളിലെഎകോപനകുറവ് പ്രചരണത്തെ ബാധിച്ചു എന്ന് വ്യക്തം.
സിപിഐയ്ക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് വയനാട്. പതിനായിരത്തിൽ താഴെ മെംബർമാരാണ് മണ്ഡലത്തിൽ സിപിഐക്കുള്ളത്. സിപിഎമ്മിന്റെ വോട്ടും പ്രവർത്തനവും കൊണ്ടാണ് വയനാട്ടിൽ സിപിഐ ഇതു വരെ പിടിച്ചു നിന്നിരുന്നത്.
എന്നാൽ ഈ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സിപിഎം വേണ്ട രീതിയിൽ ഇടപ്പെട്ടിലെന്നാണ് പൊതുവിമർശനം. അത് ഏതാണ്ട് ശരിയുമാണ്.
സിപിഎം പാർട്ടി സമ്മേളനം നടക്കുന്ന സമയമായതിനാൽ പ്രവർത്തകർ ശ്രദ്ധ ചെലുത്തിയത് പാർട്ടി സമ്മേളനങ്ങൾക്കായത് പ്രചരണത്തെ ബാധിച്ചുവെന്നാണ് സി പിഐ വിമർശനം. ഈ വിമർശനം എൽഡിഎഫ്' യോഗത്തിൽ ചർച്ചയാക്കാനാണ് സിപി ഐ തിരുമാനം. സി പി എം സഹകരിക്കുന്നില്ലെങ്കിൽ മണ്ഡലം ഉപേക്ഷിക്കാനും സിപിഐയിൽ പൊതുധാരണയുണ്ട്