ദുരന്തമുഖങ്ങളിലെ നഷ്ടപീഡകളിൽ അതിജീവനങ്ങളിൽ നാം പഠിക്കാതെ പോകരുതാത്ത വിധം എന്തെങ്കിലും പ്രകൃതി പാഠങ്ങൾ ഉണ്ടോ ?
പ്രതിസന്ധികളിലൂടെയാണ് ഒരു പക്ഷേ മനുഷ്യനിൽ മാത്രം സംഭവിച്ചു കൊണ്ടിരിക്കുന്ന ബോധപരിണാമത്തിലേക്ക് പ്രകൃതി മനുഷ്യനെ ഒരുക്കിയെടുക്കുകയോ മെരുക്കിയെടുക്കുകയോ ചെയ്യുന്നത് എന്നു വേണം മനസ്സിലാക്കാൻ.
അചേതന സചേതന പ്രകൃതിയിൽ അഖിലം മാറ്റങ്ങളാണ്. ജീവനുള്ളവയിൽ ആ മാറ്റത്തെ പരിണാമം എന്നു പറയാം. വിശദവും സവിശേഷവുമായ മസ്തിഷ്ക സാധ്യതകൾ ഒത്തിണങ്ങിയ മനുഷ്യനിലെത്തുമ്പോൾ ആ മാറ്റത്തെ പരിണാമം എന്നതിനപ്പുറം ബോധപരിപരിണാമം എന്നു തന്നെ പറയേണ്ടി വരും.
കാരണം ബോധമുണ്ടെങ്കിലും എടുത്തുകാണിക്കാവുന്ന ബോധപരിണതി എന്നൊന്ന് ഇതരജീവികളിൽ കാണുന്നില്ല. ജീവികൾക്കിടയിൽ മനുഷ്യൻ മൂല്യവർധിതനാകുന്നത് അവിടെ മാത്രമാണ്. ബോധപരിണാമ സാധ്യത അവനിലുണ്ട് എന്ന ഒരേയൊരു കാരണത്താൽ.
സുരക്ഷിത സുഖാവസ്ഥകളിൽ പിടിച്ച് അവിടവിടെ ഒഴുക്കിനൊത്ത് മാറാതെ നിന്നയിടത്തു തന്നെ നിൽക്കുന്ന മനുഷ്യബോധത്തെ വീണ്ടും തള്ളിവിടാനുള്ള പ്രകൃതിയുടെ സംവിധാനമാകണം മനുഷ്യന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ. പാരിസ്ഥിതിക വെല്ലുവിളികൾ പ്രത്യേകിച്ചും.
നിൽക്കക്കള്ളിയില്ലാതെ വരുന്നു. മനുഷ്യനും മനുഷ്യൻ്റെ നാഗരികതയ്ക്കും. ചിന്തിക്കാതെയും മാറാതെയും നിലനിൽപ്പ് സാധ്യമല്ലെന്ന് പ്രകൃതി അടിച്ചേൽപ്പിക്കുകയാകാം. മനുഷ്യാസ്തിത്വത്തിൻ്റെ അടിസ്ഥാനമായ പ്രാണവായു, ഭക്ഷണം മുതൽ മനുഷ്യൻ വംശം നിലനിർത്തുന്ന പ്രത്യുൽപാദനം വരെ എല്ലാം പ്രകൃതി നിശ്ചിതങ്ങളാണെന്നിരിക്കേ പ്രകൃതിയെ ഇവ്വിധം സകലാധ്യക്ഷ ശക്തിയായി കാണുന്നതാകും നല്ലത്.
നമ്മൾ ഏതൊക്കെ നിയമങ്ങൾ മനസ്സിലാക്കുമ്പൊഴും നിയാമകശക്തിയായി വർത്തിക്കുന്നത് പ്രകൃതിയാണെന്നു കാണാം. എന്തിന് മനുഷ്യൻ്റെ മസ്തിഷ്ക മണ്ഡലവും അതിൻ്റെ ഉൽപ്പന്നമായ ചിന്തയുമെല്ലാം സൂക്ഷ്മമായി നോക്കിയാൽ പ്രകൃതിസംഭവങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് പുറത്ത് ഉരുൾപൊട്ടുമ്പോൾ അകത്ത് ചിന്തയിലും ഉരുൾപൊട്ടുന്നത്.
അത് വേണം. സംശയമെന്ത്, ഇത് ചിന്തിക്കാനും പുതുങ്ങി മുന്നേറാനുമുള്ള സമയമാണ്. ദുരന്തമുഖത്തു നിന്നാകുമ്പോൾ ഭയപ്പാടോടു കൂടി മതമാതൃകയിലാകാം ചിന്ത വരുന്നത്. സ്വാഭാവികം. എന്നാലും, ഇടിമിന്നലേറ്റ് ഇല്ലാതായവനെ കണ്ട് ഭയന്നോടാതെ ജാഗ്രതയയോടു കൂടി സംഭവമെന്തെന്ന് ചിന്തിച്ചതാണ് മനുഷ്യബോധത്തെ വൈദ്യുതിയുടെ കണ്ടെത്തലിലേക്ക് കൊണ്ടെത്തിച്ചത്.
നാം വശംവദമാക്കിയെടുത്ത മിന്നലിലെ പ്രതിഭാസശക്തി തന്നെയാണ് വൈദ്യുതി. മിന്നലിലുള്ള ആ പ്രകൃതിശക്തിയെ അനുകൂലവും അനുഗ്രഹവുമാക്കി മാറ്റാൻ പ്രകൃതി മനുഷ്യനു നൽകിയ ഉപകരണമാണ് ചിന്ത. ഒരു പക്ഷേ ഒരു വൈഭവം പോലെ ചിന്ത കാണുന്നതും മനുഷ്യനിൽ മാത്രമായിരിക്കും. ചിന്തിക്കണം. ഇവിടെ, ഇപ്പോൾ തന്നെയാണ് അതിനുള്ള മുഹൂർത്തം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നാഷണൽ ഹൈവേ 66 നിർമാണത്തിൽ കാട്ടിയ പാകപ്പിഴവുകളാണ് ഉത്തരകർണാടകയിലെ ശിരൂരിൽ ജൂലൈ 16 നു സംഭവിച്ച മണ്ണിടിച്ചിലിനു കാരണം എന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കർണാടകത്തിനും എന്‍എച്ച്എഐക്കും റിപ്പോർട്ടടിച്ച് കയ്യിൽ കൊടുത്തിട്ടുണ്ട്.
മഴയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടു. പകരം ഡ്രെയിനേജ് സൗകര്യം ഒരുക്കാൻ ശ്രദ്ധവെച്ചതുമില്ല. സ്വാഭാവികമായും വരും വരായ്കയെപ്പറ്റി ചിന്തിക്കാത്തതു തന്നെ കാരണങ്ങൾ. കൃത്യമായ പഠനത്തിലുള്ള വീഴ്ചയാണവിടെ കണ്ടെത്തിയത്.
മനുഷ്യസൃഷ്ടമായ കാരണങ്ങളെപ്പറ്റിയാണ് പറയുന്നത്. മനുഷ്യൻ്റെ ഉത്തരവാദിത്തമാണത്. പ്രകൃതിയിലെ കാരണങ്ങൾ മഴയോ ഒഴുക്കോ ഒന്നും നമ്മുടെ പരിധിയിൽ വരുന്നതേയല്ല. അത്തരം കാരണങ്ങൾ പഠിച്ചറിയാൻ മനുഷ്യന് കഴിയണമെന്നുമില്ല. പക്ഷേ നമ്മൾ തന്നെ കാരണമായത് നമുക്കറിയാൻ കഴിയും. കഴിയണം.
ലോകത്ത് ഉരുൾപൊട്ടൽ സാധ്യത കൂടിയ ആദ്യത്തെ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഹിമാലയം കൊണ്ട് ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളും പശ്ചിമഘട്ടം കൊണ്ട് കേരളവും ഉരുൾ പൊട്ടലിന് തീവ്ര സാധ്യതാ മേഖലയാകുന്നു.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം മേഘസ്ഫോടനം പോലുള്ള അനിയന്ത്രിത മഴ, ചെങ്കുത്തായ ഭൂമിയുടെ ഗുരുത്വാകർഷണ കിടപ്പ്, മണ്ണിൻ്റെ ഘടന, ഭൂകമ്പങ്ങൾ എന്നിവയെല്ലാം ഉരുൾപൊട്ടലിനു കാരണമാകുന്നുണ്ടത്രേ. എന്നാൽ അതിലപ്പുറം പ്രധാനപ്പെട്ട കാരണമായിപ്പറയുന്നത് ഉദ്ഖനനമടക്കം, റോഡ് - പാലം - കെട്ടിട നിർമ്മാണാദി മനുഷ്യപ്രവർത്തനങ്ങളാണ്.
അവിടെയാണ് വകതിരിവ് വേണ്ടത് എന്നർത്ഥം. അതുകൊണ്ടു തന്നെയാണ് അവബോധ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നു വരുന്നത്. കണ്ണിൽ കണ്ട ഇടങ്ങളെല്ലാം വിലയുറപ്പിച്ചു വാങ്ങിയും കയ്യേറിയും നവഭൂപ്രഭുത്വം അതിൻ്റെ ഇഷ്ടത്തിനനുസരിച്ചും ഭംഗിനോക്കിയും ലാഭേച്ഛ മുൻനിർത്തിയും മാറ്റി മറിക്കുമ്പോൾ കച്ചവട സാധ്യതയും ലാഭവും മാത്രം.
ഏക്കറു കണക്കിന് സ്വന്തമാക്കുന്ന സ്വകാര്യഭൂമിയിൽ എന്തു നടക്കുന്നു എന്നത് ആരറിയാൻ. അവിടെ ശാസ്ത്രീയ മാനദണ്ഡങ്ങളില്ല. പണത്തിനുമുന്നിൽ നിയമങ്ങൾ ബാധകമല്ല. തത്വദീക്ഷയുള്ള എഞ്ചിനീയറിങ്ങുമില്ല. അശാസ്ത്രീയമായ സ്ഥലത്ത് വെക്കുന്ന കെട്ടിടങ്ങൾ. വഴി ചെല്ലുന്നിടത്തെല്ലാം പാവങ്ങൾ അഞ്ചോ പത്തോ സെൻ്റിൽ വീടുതല്ലിക്കൂട്ടും. സുരക്ഷയ്ക്ക് താവളമാകേണ്ട ഇതേ വീടുകൾ വീണാണ് അധികവും ജീവനെടുക്കുന്നത് എന്നതാണ് സൂചനകൾ.
ഭൂഗർഭത്തിൽ വലിയ ജലരാശികൾ നമ്മൾ കാണാതെ അടങ്ങിയിരിപ്പുണ്ട്. മഴ കഴിഞ്ഞ് മാസങ്ങളോളം നിലയ്ക്കാത്ത അരുവികൾ മണ്ണിൽ നിന്നും ഉറവയെടുക്കുന്നത് അതിന് തെളിവാണെന്ന് ചിന്തിച്ചാലറിയാം. ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളം എന്നാൽ മലയ്ക്കകം ലക്ഷക്കണക്കിന് ടണ്ണുകൾ ജലക്കോട്ടകളായി ഉണ്ടാകാം. അവിടെ പരിസ്ഥിതിലോല പ്രദേശങ്ങൾ അതീവ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ ഒക്കെ ഉണ്ടെന്നു തന്നെ മനസ്സിലാക്കണം.
ഖനനത്തിനായി മലതുരക്കുമ്പോൾ അവിടെ ഒന്നും സംഭവിക്കുന്നില്ലായിരിക്കാം. പക്ഷേ മലയുടെ ദുർബലമായ മറ്റൊരിടത്തായിരിക്കാം അതിൻ്റെ തൂക്കം തെറ്റുന്നത്. മുക്കിനു മുക്കിന് തുരന്ന് കുഴൽക്കിണറിലൂടെ എടുക്കാനല്ലാതെ ഭൂഗർഭജലത്തിൻ്റെ കിടപ്പിനെപ്പറ്റിയും അതിൻ്റെ ഗതിവിഗതികളെപ്പറ്റിയും നമുക്ക് എന്തറിയാം ?
എല്ലാ പ്രകൃതിദുരന്തങ്ങളിലും മനുഷ്യൻ്റെ കൈ ഇല്ലാതില്ല. കാരണം ദൃശ്യപ്രകൃതിയിൽ കാണപ്പെടുന്ന മിക്കവാറും വൃക്ഷങ്ങളും പക്ഷിമൃഗാദികളുമെല്ലാം അവൻ്റെ നിർണയമാണ്. നമുക്കിഷ്ടമല്ലാത്തതിനെ ഒഴിവാക്കാനും അതിൻ്റെ കുലം മുടിക്കുവാനും ഇഷ്ടമുള്ളത് നിലനിർത്തുവാനും വളർത്തുവാനും മനുഷ്യൻ്റെ കഴിവ് ആർക്കാണറിയാത്തത്.
ചേരും ആനപ്പനയുമെല്ലാം വീണുമുളയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം ആരാണ് പറമ്പുകളിൽ വളരാൻ അനുവദിക്കുന്നുള്ളത്. റബ്ബറും റംബൂട്ടാനും അടങ്ങുന്ന ചുറ്റുപാടുകൾ ശുദ്ധപ്രകൃതി ആണെന്ന് നമ്മൾ കരുതുകയാണ്.
അവ്വിധം മനുഷ്യൻ തൻ്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി മറിക്കാത്ത ഇടമല്ല ഇക്കാണായ പ്രകൃതി. മലയും നദിയും പോലും ഇതിൽ നിന്നും വ്യത്യസ്തമല്ല.
മനുഷ്യൻ്റെ കളികൾ നടക്കാത്ത ധ്രുവപ്രദേശങ്ങളിൽ പോലും മറ്റിടങ്ങളിലെ മനുഷ്യൻ്റെ ചെയ്തികൾ കാരണം പരിണതികൾ വന്നു കൂടുന്നുണ്ടെന്ന് പറയുന്നത് ശാസ്ത്രമാണ്. ആഗോള താപനം മുതൽ ധ്രുവങ്ങളിലെ മഞ്ഞ് ക്രമാതീതമായി ഉരുകുന്നതിൽ വരെ മനുഷ്യൻ്റെ കയ്യുണ്ട് എന്ന് ശാസ്ത്രം പറഞ്ഞാൽ നമ്മൾ ആത്മപരിശോധന നടത്തേണ്ടതില്ലേ ? നമുക്കൊരുത്തരവാദിത്തവും ഇല്ലേ ?
ഏതൊരു പ്രകൃതി ദുരന്തത്തിലും നമുക്ക് നിയന്ത്രിക്കാൻ സാധ്യമല്ലാത്ത കാരണങ്ങൾ മാത്രമല്ലാ. മനുഷ്യ പ്രവർത്തനങ്ങൾ കാരണമാകുന്ന ഇടവുമുണ്ട്. അത് പരിശോധിച്ചറിയണം. തീർച്ചയായിട്ടും ശരിയല്ലെന്നു വന്നാൽ മനുഷ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെങ്ങനെ. അത്തരം വീണ്ടുവിചാരമില്ലാതെ മുന്നോട്ടു പോകുക സാധ്യമല്ല. മനുഷ്യൻ്റെ അധിനിവേശവും അധീശത്വവും ജെ സി ബി വാഴ്ചയാകുമ്പോൾ പ്രകൃതി നമ്മുടെ അതിർത്തി മതിലിനുമപ്പുറം നോക്കുകുത്തിയല്ലെന്നെങ്കിലും ഓർക്കണം.
പ്രകൃതിയിൽ അധീശത്വത്തോടെ ഇടപെടുകയും ദുരന്തങ്ങളിൽ ഉത്തരവാദിത്തമില്ലാത്തവനെ പോലെ പെരുമാറുകയും ചെയ്യുന്ന മനോനില നമുക്ക് നല്ലതിനല്ല.
അശാസ്ത്രീയമായി മണ്ണിൽ പെരുമാറിയാൽ പ്രകൃതിക്കെന്തു സംഭവിക്കുമെന്നാണ് ഇപ്പറയുന്നത് ? പ്രകൃതിക്കെന്തു സംഭവിക്കാൻ. ചെറുതായൊന്നു മണ്ണിടിഞ്ഞ് പാറയും വെള്ളവുമടക്കം കുറച്ചു ദൂരം ഒഴുകിയേക്കാം. നിങ്ങൾ അതിനെ ഉരുൾപൊട്ടൽ എന്നും മറ്റും പറഞ്ഞ് ബഹളമുണ്ടാക്കാതിരുന്നാൽ മതി. നമ്മുടെ ശരീരത്തിൽ മുറിവുണ്ടായാൽ അത് കൂടുന്നുണ്ടെങ്കിൽ പരിസ്ഥിതിയിലേൽക്കുന്ന മുറിവുകളും ഉണങ്ങും.
പ്രകൃതിയിൽ അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. സംഭവിക്കുന്നതു മുഴുവൻ മനുഷ്യനു തന്നെ ആയിരിക്കും. അപരിമിത ശക്തി പ്രതിഭാസമായ പ്രകൃതിക്കുമുന്നിൽ പരിമിതനായ മനുഷ്യന് എന്തുകൊണ്ടും സ്വയമറിയാനുള്ള സമയമാണിത്.
അന്ധമായ പരിസ്ഥിതി വാദമോ വികസന മുറവിളികളോ അല്ല വേണ്ടത്. തീവ്രമായ ഉരുൾ പൊട്ടൽ സാധ്യതാ മേഖലയായി പശ്ചിമഘട്ട ഭൂവിഭാഗത്തെ ശാസ്ത്രീയ പഠനങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ടെങ്കിൽ അത് പ്രധാനമല്ലാതാകുന്നതെങ്ങനെ ?
നമ്മുടെ ശരീരത്തിൽ എല്ലായിടവും ഒരുപോലെയല്ലെങ്കിൽ പരിസ്ഥിതി ലോല പ്രദേശങ്ങളും അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളും ഉള്ളതായിരിക്കില്ലേ. അതെല്ലാം വ്യവഛേദിച്ച് മാപ്പു തിരിച്ച് നിയമ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരാൻ ഭരണകൂടം ശ്രദ്ധ വെക്കണം. വ്യാപകമായ അവബോധപ്രവർത്തനങ്ങൾ വേണ്ടതുണ്ട്.
തീർച്ചയായും പശ്ചിമഘട്ട പരിസ്ഥിതിയെ പ്രഥമസ്ഥാനത്ത് പരിഗണിച്ചു കൊണ്ട് കൂടുതൽ ശാസ്ത്രീയ അവധാനതയുള്ള ഒരു വികസന സങ്കൽപ്പം തന്നെ കേരളം പോലുള്ള സംസ്ഥാനം ഇനിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളും ശാസ്ത്ര വിദഗ്ധരും പൗരാവലിയും ഇടപെടലിൻ്റെ ജനാധിപത്യബോധത്തോടെ വർത്തിക്കേണ്ടതുണ്ട്.
ഗുണവും നേട്ടവും എനിക്കു മാത്രം എന്ന മനുഷ്യൻ്റെ വിചാരം പോലൊരു പ്രകൃതിവിരുദ്ധത വേറെയില്ല. ഒരു കാര്യം ഉറപ്പ്, പരിസ്ഥിതി യാഥാർത്ഥ്യങ്ങളെ തള്ളി നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കുന്ന ഏകപക്ഷീയ വികസന നയങ്ങൾ മതിയെങ്കിൽ ഫലത്തിലത് വിപരീത സാഹചര്യങ്ങളിലേക്ക് കേരളത്തെത്തന്നെ തള്ളിവിടും എന്നതിൽ തർക്കം വേണ്ടതില്ല.