ആലപ്പുഴ: അമ്പലപ്പുഴ വിജയലക്ഷ്മി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി ജയചന്ദ്രന്‍. വിജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് ജിത്തുജോസഫ് ചിത്രം ദൃശ്യം അഞ്ചു തവണ കണ്ട ശേഷമാണെന്ന് പ്രതി മൊഴി നല്‍കി.
തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായാണ് ചിത്രം അഞ്ച് തവണ കണ്ടത്. കൊല നടത്തിയ ശേഷം ഫോണ്‍ ബസ്സില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതും ദൃശ്യം സിനിമയാണെന്ന് പ്രതി പറഞ്ഞു. മറ്റൊരു പുരുഷനുമായുള്ള വിജയലക്ഷ്മിയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്.
മറ്റൊരാള്‍ക്കൊപ്പം കഴിയാനുള്ള തയാറെടുപ്പിലായിരുന്നു വിജയലക്ഷ്മി. അയാളുടെ ഭാര്യ ഉപേക്ഷിച്ചു പോകാനായി പ്രത്യേക പൂജ ചെയ്യാന്‍ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിലേക്കു പോകാന്‍ വിജയലക്ഷ്മി ജയചന്ദ്രന്റെ കൂട്ട് തേടിയിരുന്നു.
ക്ഷേത്രത്തില്‍ കൂട്ടുവരാമോയെന്നു വിജയലക്ഷ്മി ചോദിച്ചപ്പോള്‍ മുതലാണ് സംശയം മൂത്ത് കൊലപാതകം ആസൂത്രണം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ചും വിവരങ്ങള്‍ മാറ്റിപ്പറഞ്ഞും ജയചന്ദ്രന്‍ പൊലിസിനെ കുഴക്കിയെങ്കിലും ഒടുവില്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ മൃതദേഹം ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കൊലക്കുപയോഗിച്ച വെട്ടുകത്തിയും കണ്ടെടുത്തിരുന്നു.
തര്‍ക്കത്തിനിടെ തള്ളിയപ്പോള്‍ കട്ടിലില്‍ തലയടിച്ചു വീണ വിജയലക്ഷ്മിയുടെ ബോധം പോയെന്നും വെട്ടുകത്തികൊണ്ടു തലയില്‍ തുടരെ വെട്ടി മരണം ഉറപ്പാക്കിയെന്നും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു, വസ്ത്രങ്ങള്‍ കത്തിച്ചു. തൊട്ടപ്പുറത്തെ പറമ്പില്‍ മതിലിനോടു ചേര്‍ന്നു കുഴിയെടുത്തു.
വീടിന്റെ മുകള്‍നിലയില്‍ നിന്നു കനം കൂടിയ നൈലോണ്‍ കയര്‍ മുറിച്ചു കൊണ്ടുവന്നു വിജയലക്ഷ്മിയുടെ കഴുത്തില്‍ മുറുക്കി അടുക്കള വഴി വലിച്ചിഴച്ചു.
രണ്ടു പറമ്പുകളെയും വേര്‍തിരിക്കുന്ന തിട്ടയ്ക്കപ്പുറത്തേക്കു മൃതദേഹം കാലുകളില്‍ പിടിച്ചുയര്‍ത്തി മറിച്ചിടുകയായിരുന്നു. അധികം ആഴമില്ലാത്ത കുഴിയിലിട്ടു മൂടുന്നതിനിടെ തലഭാഗം വെട്ടുകത്തി കൊണ്ടുവന്നു വീണ്ടും വെട്ടിയാണു താഴ്ത്തി മൂടിയത്.