Advertisment

പതിവ് രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളില്ല; രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിട്ടുമില്ല; വെള്ളാപ്പള്ളി നടേശന്റെ മനസിലിരിപ്പ്‌ എന്ത് ? രാഷ്ട്രീയവേദികളില്‍ ചര്‍ച്ചയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ മൗനം; വിഷയം ഗൗരവമായി എടുത്ത് സി.പി.എം

വെളളാപ്പളളി നടേശൻെറ പുതിയ ശൈലിയിൽ സംശയം തോന്നിയ ആലപ്പുഴയിലെ സി.പി.എം നേതൃത്വം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻെറയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു

New Update
vellappally natesan

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണം പാരമ്യത്തിൽ എത്തിനിൽക്കുമ്പോഴും രാഷ്ട്രീയ നിലപാട് പരസ്യമാക്കാതെയുളള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻെറ നടപടി ചർച്ചയാകുന്നു. സ്ഥാനാർത്ഥികളെപ്പറ്റിയുളള അഭിപ്രായങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ പറയുന്ന വെളളാപ്പളളി ഇക്കുറി അത്തരം പ്രതികരണങ്ങളിൽ നിന്നും മാറിനിൽക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളിൽ ഉത്സാഹത്തോടെ പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ഈ മൗനം നിലപാട് മാറ്റത്തിൻെറ സൂചനയാണെന്ന തരത്തിലാണ്‌ രാഷ്ട്രീയ വേദികളിൽ ചർച്ച ചെയ്യപ്പെടുന്നത്.

Advertisment

മകൻ തുഷാർ വെളളാപ്പളളി കോട്ടയത്ത് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ  ഇക്കുറി വെളളാപ്പളളിയുടെ പിന്തുണ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനായത് കൊണ്ടാണ് പതിവ് ശൈലിയിൽ അഭിപ്രായ പ്രകടനങ്ങൾക്ക് മുതിരാത്തത് എന്നും പ്രചരണമുണ്ട്.

 വെളളാപ്പളളി നടേശൻെറ ഭാര്യ പ്രീതി നടേശൻ ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻെറ തിരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്ഘാടനത്തിലും മറ്റ് പരിപാടികളിലും സജീവമായി പങ്കെടുത്തതും വെളളാപ്പളളിയുടെ പിന്തുണ ഇത്തവണ എന്‍.ഡി.എയ്ക്കാണെന്ന പ്രചരണം കൂടുതല്‍ ശക്തമാക്കി.


2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലും തുഷാർ വെളളാപ്പളളി എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. അന്നും രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ളയാളാണ്‌ വെളളാപ്പളളി.


 അതുകൊണ്ടുതന്നെ ഇപ്പോഴത്തെ മൗനം മകൻ കോട്ടയത്ത് മത്സരിക്കുന്നത് കൊണ്ടുമാത്രമല്ലെന്നാണ് സി.പി.എം ക്യാംപിലെ സംസാരം. വെളളാപ്പളളി നടേശൻെറ പുതിയ ശൈലിയിൽ സംശയം തോന്നിയ ആലപ്പുഴയിലെ സി.പി.എം നേതൃത്വം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻെറയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആലപ്പുഴയിലെത്തിയ പിണറായി വിജയൻ രാത്രി തങ്ങിയത് വെളളാപ്പളളിയുടെ ചേർത്തലയിലെ ഹോട്ടലിലായിരുന്നു. ഇവിടെ വെച്ച് ഇരുവരും തമ്മിലുളള കൂടിക്കാഴ്ചക്ക് അരങ്ങൊരുക്കുന്നതിന് വേണ്ടിയാണ് ജില്ലാ നേതൃത്വം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ നേരിട്ടുളള കൂടിക്കാഴ്ച നടന്നില്ല. ഫോൺ വഴിയുളള സംഭാഷണം മാത്രമാണ് നടന്നതെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ വെളളാപ്പളളിക്ക് പഥ്യമല്ല. എന്നിട്ടും വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥിരം ശൈലിയിലുളള പ്രതികരണങ്ങളോ വിമർശനമോ വെളളാപ്പളളിയിൽ നിന്നുണ്ടായില്ല. ഇതാണ് സി.പി.എം നേതാക്കൾക്കിടയിൽ വെളളാപ്പളളിയുടെ രാഷ്ട്രീയ നിലപാടിനെപ്പറ്റി സംശയം ജനിപ്പിച്ചത്. 

 എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ പാർട്ടിയായ ബി.ഡി.ജെ.എസ്, ബി.ജെ.പി സഖ്യകക്ഷിയായത് മാത്രമല്ല വെളളാപ്പളളിയുടെ നിലപാട് മാറ്റത്തിന് കാരണമെന്നും സി.പി.എം നേതാക്കൾ കരുതുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും എതിർത്ത് നിൽക്കുന്നവരെയും കേന്ദ്ര ഏജൻസികളെ വിട്ട് വരുതിയിലാക്കുന്ന ബി.ജെ.പി സർക്കാരിൻെറ ശൈലിയെ ഭയന്നാണോ നിലപാട് പറയാതെ മൗനം പാലിക്കുന്നതെന്നാണ് സി.പി.എം നേതാക്കൾക്കിടയിലെ അടക്കം പറച്ചിൽ.

Advertisment