തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ പേപ്പറിനും വിജയിക്കാൻ കുറഞ്ഞത് 30 മാർക്ക് നേടണമെന്ന നിബന്ധന കൊണ്ടുവരുന്നതിൽ ഉറച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ പേപ്പറിനും വിജയിക്കാൻ മിനിമം മുപ്പത് ശതമാനം മാർക്ക് നിശ്ചയിക്കുന്നതുമൂലം പഠന ബോധനപ്രക്രിയയുടെ നിലവാരം മെച്ചപ്പെടുത്താൻ കഴിയുമോ എന്നത് വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടകാര്യമാണെന്ന് മന്ത്രി വി.ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻെറ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിലാണ് പുതിയ പരിഷ്കാരത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് അറിയിച്ചത്.
അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ മിനിമം മാർക്ക് സമ്പ്രദായം കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് 2024 ജൂൺ 27 ന് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ളേവിൽ പഠനനിലവാരം താഴുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചിരുന്നു. ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷകളിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രകടനം ആശാവഹമല്ല എന്നതും മൂല്യനിർണ്ണയ പ്രക്രിയകളുടെ പരിഷ്‌കരണത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്നാണ് കോൺക്ളേവിൽ ഉയർന്ന അഭിപ്രായം.
ദേശീയ തലത്തിൽ തന്നെ സംസ്ഥാന പരീക്ഷാ ബോർഡുകൾ വ്യത്യസ്ത രീതിശാസ്ത്രമാണ് പത്ത്/പന്ത്രണ്ട് ക്ലാസ്സിലെ മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ മിനിമം മാർക്ക് സമ്പ്രദായം കൊണ്ടുവരുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് മന്ത്രി, കുറിപ്പിൽ ഊന്നിപ്പറയാൻ ശ്രമിക്കുന്നത്.
എല്ലാവരും വിജയിക്കും എന്ന ഈ നയം മൂല്യനിർണ്ണയ പ്രക്രിയകളുടെ ഗൗരവത്തെ ചോർത്തിക്കളഞ്ഞോ എന്ന സംശയവും നിലനിൽക്കുന്നു. മൂല്യനിർണ്ണയ പരിഷ്‌കരണം നടന്നിട്ട് ഇരുപത് വർഷം തികയാൻ പോകുന്നു. ഈ കാലയളവിൽ പല പരീക്ഷാ ബോർഡുകളും പല രീതി ശാസ്ത്രങ്ങളും പരീക്ഷിച്ച് നടപ്പിലാക്കി. 20 വർഷത്തെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്‌കരണം അനിവാര്യമാണെന്നും കോൺക്ളേവ് ലക്ഷ്യം വെച്ച കാര്യങ്ങളെന്ന നിലയിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓരോ ക്ലാസിലും മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പരീക്ഷകൾ കഴിഞ്ഞാൽ ഓരോ കുട്ടിയും അതത് ക്ലാസുകളിൽ നേടേണ്ട അടിസ്ഥാനശേഷികൾ നേടിയോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഇത് ക്ലാസുകളിൽ പഠനപിന്തുണാപരിപാടിയുടെ ഭാഗമായി നടക്കേണ്ട കാര്യമാണെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
എസ്.എസ്.എൽ.സി. പരീക്ഷ പരിഷ്‌ക്കരണത്തിൻെറ ആവശ്യകതയും അനിവാര്യതയും കുറിപ്പിൽ മന്ത്രി വിശദമാക്കുന്നുണ്ട്. ഇപ്പോഴും എസ്.എസ്.എൽ.സിക്ക് ഒരോ വിഷയത്തിനും 30 മാർക്ക് നേടിയാലെ ഉന്നത പഠനത്തിനുള്ള യോഗ്യത നേടാൻ കഴിയു. എന്നാൽ 30 മാർക്ക് ഒരു എഴുത്ത് പരീക്ഷയിൽ മാത്രമായല്ല നേടേണ്ടത്. നിരന്തര മൂല്യ നിർണ്ണയത്തിലൂടെയും എഴുത്തു പരീക്ഷയിലൂടെയും ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് അഥവാ ഡി പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയാൽ മതി.
അതായത് നൂറ് മാർക്കിന്റെ പരീക്ഷയ്ക്ക് മുപ്പത് മാർക്കും അമ്പത് മാർക്കിന്റെ പരീക്ഷക്ക് പതിനഞ്ച് മാർക്കും. നിരന്തര മൂല്യനിർണ്ണയത്തിലൂടെ ഭൂരിഭാഗം കുട്ടികൾക്കും മുഴുവൻ മാർക്ക് ലഭിക്കുന്നതിനാൽ പരീക്ഷ വിജയിക്കുന്നതിനായി എഴുത്തു പരീക്ഷയിലൂടെ നേടുന്ന മാർക്കിന് വലിയ പ്രാധാന്യം ലഭിക്കാതെ വരുന്നു. അതുകൊണ്ടു തന്നെ 80 മാർക്കിനുള്ള എഴുത്തുപരീക്ഷയിൽ 10 ഉം നാൽപത് മാർക്കിനുള്ള എഴുത്തുപരീക്ഷയിൽ 5 മാർക്കും നേടി കഴിഞ്ഞാൽ വിജയിക്കാനാകും എന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഇതുവഴി ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന കുട്ടികൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ നേടുന്നുണ്ടോ എന്ന സംശയം ഉയർന്നു വരുന്നതായി മന്ത്രി വി.ശിവൻകൂട്ടി ചൂണ്ടിക്കാട്ടി.
അതുകൊണ്ട് ഓരോ പേപ്പറിനും വിജയിക്കാൻ മിനിമം മുപ്പത് ശതമാനം മാർക്ക് നിശ്ചയിക്കുന്നതുമൂലം പഠന ബോധനപ്രക്രിയയുടെ നിലവാരം മെച്ചപ്പെടുത്താൻ കഴിയുമോ എന്നത് വളരെ പ്രാധാന്യത്തോടെ ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻട്രൻസ് കോച്ചിംഗ് മേഖലയിലെ അമിത ഫീസ് തടയാൻ പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇന്ന് പല എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും അമിതമായി ഫീസ് ഈടാക്കുന്നവയായി മാറിക്കഴിഞ്ഞിരിക്കുന്നു. സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകകരിച്ച മാർഗ്ഗ നിർദ്ദേശങ്ങളോ നിലവിലില്ല.
സംസ്ഥാനത്തെ പല കുട്ടികളും ഓപ്പൺ സ്‌കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നു. ഈ സാഹചര്യത്തിലാണ് എൻട്രൻസ് കോച്ചിങ്ങ് സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയുന്നതിനായി ഒരു പൊതുനയം രൂപീകരിക്കുന്നതിന് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.