കോട്ടയം: നാട്ടിൽ ഇപ്പോള്‍ കുറുവാ സംഘമാണ് ട്രെന്‍ഡ്.. സംശയം തോന്നുന്ന ആരെയെങ്കിലും വീടിനു പരിസരത്തു കണ്ടാല്‍ ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കും. ഇപ്പോള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഫോണ്‍കോള്‍ ബഹളമാണെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനോടകം നിരാവധി പേരാണ് സ്‌റ്റേഷനില്‍ വിളിച്ചു സംശയം പറഞ്ഞത്. പല പരാതികളിലും കഴമ്പില്ലെന്നും നാട്ടുകാരുടെ സംശയം മാത്രമാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇത്തരം വിവരങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നു.
എറണാകുളത്തും ആലപ്പുഴയിലും കുറുവ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ആക്രി പെറുക്കാന്‍ വരുന്നവരെ പോലും സംശയത്തിലാക്കിയാണ് പലയിടങ്ങളിലും ജനങ്ങളുടെ ഇടപെടല്‍. സംശയം തോന്നുന്നവരെയെല്ലാം കുറുവാസംഘാംഗമെന്നു മുദ്ര കുത്തുന്നതായും പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നതായുമുള്ള കഥകളും പെരുകുകയാണ്. ഇതിനൊപ്പം, കുറുവാ സംഘത്തിനെ മറയാക്കി മോഷണത്തിനിറങ്ങുന്ന വിരുതന്‍മാരുമുണ്ട്.
ഇതിനിടെ കടുത്തുരുത്തി വെള്ളൂരില്‍ കുറവാ സംഘമിറങ്ങിയെന്ന അഭ്യുഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. വെള്ളൂരില്‍ വ്യാപാര സ്ഥാപനങ്ങളിലും, വീട്ടിലും മോഷണം നടന്നതോടെയാണ് കുറുവാ സംഘം വെള്ളൂരില്‍ എത്തിയെന്ന അഭ്യൂഹം പരന്നത്.
വെള്ളൂര്‍( പിറവം റോഡ് ) റെയില്‍വേ സ്‌റ്റേഷന് സമീപം കിഴക്കേപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 24900 രൂപയും, വെള്ളൂര്‍ ജങ്ഷനിലുള്ള മണികണ്ഠന്‍ ഹോട്ടലില്‍ നിന്ന് 5,000 രൂപയുടെ ചില്ലറയും ആണു മേഷ്ടാവ് കവര്‍ന്നത്.
സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു. മുഖം മറച്ചു അർദ്ധനഗ്നനായാണ് മോഷ്ടാവ് എത്തിയത്. ഇതോടെ ഇയാൾ കുറുവാ സംഘം ആണെന്ന സംശയം നാട്ടുകാർക്കുണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ആലപ്പുഴ പോലീസ് പിടികൂടിയ കുറുവ സംഘാംഗമായ സന്തോഷ് കോട്ടയം ജില്ലയിലും വിവിധ മോഷണ കേസുകളില്‍ പ്രതിയാണെന്നു തിരിച്ചറിഞ്ഞതും പോലീസ് ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രധാന വഴികള്‍ക്കൊപ്പം ഇടവഴികളും റെയില്‍ ലൈന്‍, മേല്‍പ്പാലങ്ങള്‍, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കല്ലുകൊത്ത്, ആക്രിപെറുക്ക് എന്നിങ്ങനെയായി പകല്‍ സമയങ്ങളില്‍ സമയം ചെലവഴിക്കുന്ന സംഘം രാത്രിയിലാണു മോഷണത്തിനിറങ്ങുക. കുടുംബസമേതം താമസിക്കുന്ന സംഘത്തിലെ സ്ത്രീകളും തരം കിട്ടിയാല്‍ മോഷ്ടിക്കുന്നവരാണ്.
പകല്‍ വീട് സ്‌കെച്ച് ചെയ്തു മോഷ്ടിക്കുന്നവരും വെറുതേ ഇറങ്ങി മോഷ്ടിക്കുന്ന കുറുവ സംഘങ്ങളുമുണ്ട്. പ്രാദേശികമായി പലപ്പോഴും സംഘത്തിനു പിന്തുണ കിട്ടുന്നതായി പോലീസിനും സംശയമുണ്ട്. സംഘത്തിനു യാതൊരു പരിചയവുമില്ലാത്ത ഗ്രാമീണ മേഖലയില്‍ പോലും മോഷണം നടത്തിയാല്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ക്കു സംസ്ഥാനം വിടാന്‍ പോലും സൗകര്യം ഒരുങ്ങുന്നത് ഇത്തരം പ്രാദേശിക സഹായത്താലാണെന്നാണു പോലീസ് നിഗമനം.
തമിഴ്നാട്ടിലെ തേനി, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ജില്ലയില്‍ മുന്‍കാലങ്ങളില്‍ എത്തിയിരുന്നതായി പോലീസ് പറയുന്നു. എല്ലാ വര്‍ഷവും ഇത്തരം സംഘാംഗങ്ങളെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.
അസാമാന്യ ധൈര്യവും കായിക ശേഷിയുമുള്ള സംഘം സാധാരണ പുലര്‍ച്ചെ ഒന്നിനു ശേഷമാണു മോഷ്ടിക്കുക. മുഖംമൂടിയും അടിവസ്ത്രവും മാത്രമണിഞ്ഞെത്തുന്ന സംഘം ചിലയിടങ്ങളില്‍ മറ്റൊന്നും നോക്കാതെ വാതില്‍ തകര്‍ത്ത് അകത്തു കയറി മോഷ്ടിക്കും. എതിര്‍ക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നതിനോ കൊല്ലുന്നതിനോ ഇവര്‍ക്കു മടിയുമില്ല.
ഒരേ സ്ഥലത്തുള്ള ഒന്നിലേറെ വീടുകളില്‍ മോഷണം നടത്തി അതിവേഗം മുങ്ങുന്നതാണ് ഇവരുടെ രീതി. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറക്കാന്‍ അഭിഭാഷകരും ജാമ്യത്തുകയുമൊക്കെ റെഡിയായിരിക്കും.