Advertisment

ഇനി സ്‌കൂള്‍ വിനോദ യാത്രകളുടെ കാലം.. ഉല്ലാസത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കണം. മുന്‍ വര്‍ഷത്തേക്കള്‍ ചിലവ് വര്‍ധിച്ചെന്ന് രക്ഷിതാക്കള്‍.

New Update
Department-of-Education-Guidelines-for-School-Study-Travel-copy

കോട്ടയം: ഇനി സ്‌കൂള്‍ വിനോദ യാത്രകളുടെ കാലം.. ഊട്ടിയും കൊടൈക്കനാലും മൈസൂരുവുമെല്ലാം ലക്ഷ്യ കേന്ദ്രങ്ങള്‍. ഇക്കുറിയും വിനോദ യാത്രകളിലെ തരം ടൂറിസ്റ്റു ബസുകളാണ്. വെള്ള നിറം പകിട്ടല്‍പ്പം കുറയ്ക്കുന്നുണ്ടെങ്കിലും പുഷ്ബാക്ക് സീറ്റും മ്യൂസിക് സിസ്റ്റവും കളര്‍ഫുള്‍ ലൈറ്റുകളുമൊക്കെ ഇത്തവണയും ബസുകള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍പു ടൂറിസ്റ്റ് ബസിലെ ഹൈപ്പര്‍ മ്യൂസിക് സിസ്റ്റവും അമിതമായ ലൈറ്റുകളുടെ ഉപയോഗവുമെല്ലാം നിരോധിച്ചിരുന്നു. 

Advertisment

പക്ഷേ ഇവരുടെ ഉപയോഗം വർധിച്ചതോടെ മോട്ടോര്‍വാഹന വകുപ്പ് ഇത്തരം ബസുകള്‍ റോഡില്‍ പിടിച്ചിടുകയും പരിശോധന നടത്തി വിനോദ യാത്ര തന്നെ അവസാനിപ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇക്കുറിയും മ്യൂസിക് സിസ്റ്റവും ലൈറ്റുകളുമെക്കെ ഉണ്ടെങ്കിലും അത്ര തീവ്രതയാര്‍ന്നതല്ലെന്നു മാത്രം.


ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചും കാതടപ്പിക്കുന്ന തരത്തിലുള്ള മ്യൂസിക് സിസ്റ്റം കാണിച്ചുമായിരുന്നു ബസുകള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, ഇതു അപകടങ്ങള്‍ക്കു വഴിവെക്കുമെന്നു കണ്ട് മോട്ടോര്‍വാഹന വകുപ്പ് ഇടപെടുകയായിരുന്നു.


ഇക്കുറി ദീപാവലി അവധി ആഘോഷങ്ങള്‍ക്ക് ഒപ്പമാണു വിനോദ യാത്രാ സീസണ്‍ ആരംഭിക്കുന്നത്. ഇതു ജനുവരി വരെ നീളും. മൈസൂരും ഊട്ടി, കൊടൈക്കനാല്‍, വയനാട്, മൂന്നാര്‍, എന്നിവിടങ്ങളിലേക്കാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ കൂടുതലായും ടൂറുകള്‍ സംഘടിപ്പിക്കുന്നത്. വിനോദ യാത്രക്കായി ഗോവയ്ക്കു പോകാനും ആഗ്രഹിക്കുന്നവരും ഏറെയാണ്. പക്ഷേ, ചുരുക്കം ചില സ്‌കൂളുകള്‍ ഒഴിച്ചാല്‍ ദീര്‍ഘ ദൂര യാത്ര സംഘടിപ്പിക്കാന്‍ ആരും തയാറല്ല.


മുന്‍പത്തെ അപേക്ഷിച്ച് വിനോദ യാത്രാ ചിലവുകളും വര്‍ധിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. 1000 മുതല്‍ 2000 രൂപയടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


അതേ സമയം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്‌കൂള്‍ വിനോദയാത്രകള്‍ വര്‍ഷത്തില്‍ മൂന്ന് ദിവസം മാത്രമേ നടത്താനാകൂ എന്നതാണ് രക്ഷിതാക്കള്‍ക്ക് ആശ്വാസം. മുന്‍പ് ഇവ കൃത്യമായി പാലിക്കാറില്ലായിരുന്നു. വിനോദയാത്രയക്കു പോയ ബസ് അപടങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്. വിനോദ യാത്രകള്‍ക്ക് ഗതാഗതവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ.

വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന ചുമതല സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുക്കണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ പാടില്ല. രാത്രി പത്തിനു ശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്ര പാടില്ല.


വിനോദപഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്‌കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. ഒരു അക്കാഡമിക് വര്‍ഷം മൂന്നു ദിവസമേ വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നുമാണ് മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നത്.


പക്ഷേ, ചിലവു ചുരുക്കിയാണ് പല സ്‌കൂളുകളും രാത്രിയാത്ര ആസൂത്രണം ചെയ്തിരുന്നത്. രാത്രി പുറപ്പെട്ട് പുലര്‍ച്ചെ ലക്ഷ്യത്തിലെത്തിയാല്‍, പകല്‍ മുഴുവന്‍ കാഴ്ചകള്‍ കാണാമെന്ന സൗകര്യമുണ്ട്. രാത്രിയില്‍ ഹോട്ടലില്‍ തങ്ങി പിറ്റേന്ന് അടുത്ത കേന്ദ്രത്തിലേക്കു പുറപ്പെടും.

എന്നാല്‍, പകല്‍ യാത്രയ്ക്കുശേഷം രാത്രി തങ്ങി പിറ്റേന്നു സന്ദര്‍ശനത്തിനിറങ്ങുമ്പോള്‍ സമയനഷ്ടത്തിനു പുറമേ കൂടുതല്‍ സ്ഥലങ്ങളിലേക്കു പോകാനും കഴിയില്ല. ഭക്ഷണ ചെലവും കൂടും. യാത്ര മൂന്നു ദിവസത്തില്‍ കൂടരുതെന്ന നിബന്ധനയുള്ളതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ നടക്കില്ല. കുട്ടികള്‍ക്ക് ഹ്രസ്വദൂര യാത്രകളോട് താത്പര്യവുമില്ല. ഇതോടെ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും രാത്രി യാത്രകള്‍ സജീവമാണ്.

Advertisment