തിരുവനന്തപുരം: കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിച്ച് ശത്രുവിന്റെ ആക്രമണം ചെറുക്കാനും മിന്നൽവേഗത്തിൽ തിരിച്ചടിക്കാനുമുള്ള സൈനിക കമാൻഡുകളിൽ ഒരെണ്ണം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ വഴിതെളിയുന്നു.
നേവിയുടെ നേതൃത്വത്തിലുള്ള മാരിടൈം കമാൻഡായിരിക്കും തിരുവനന്തപുരത്തെ തീരപ്രദേശത്ത് സ്ഥാപിക്കുകയെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖത്ത് വിദേശ കപ്പലുകൾ വൻതോതിൽ എത്തുന്നുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിന് തൊട്ടുടുത്താണ് തിരുവനന്തപുരം.
ഇക്കാരണങ്ങളാൽ മാരിടൈം കമാൻഡ് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ പ്രതിരോധ മന്ത്രാലയം ഒരുക്കങ്ങൾ നടത്തുന്നതായാണ് സൂചന. സൈനിക കമാൻഡ് വരുന്നതോടെ രാജ്യത്തിന്റെ പ്രതിരോധത്തിൽ നിർണായക കേന്ദ്രമായി തിരുവനന്തപുരം മാറും. സൈനിക കമാൻഡിന്റെ പ്രഖ്യാപനം പ്രതിരോധ മന്ത്രാലയമാണ് നടത്തേണ്ടത്.
കേരളത്തിൽ നിലവിൽ കര, നാവിക, വ്യോമ സേനകളുടെ താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലാണ് ദക്ഷിണ നേവൽ കമാൻഡ് ആസ്ഥാനം. ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തെ ആക്കുളമാണ്.
തിരുവനന്തപുരം പാങ്ങോട്ട് കരസേനാ സ്റ്റേഷനുണ്ട്. പുറമെ തിരുവനന്തപുരം മുട്ടത്തറയിൽ ബി.എസ്.എഫ്, വിഴിഞ്ഞത്ത് കോസ്റ്റ്ഗാർഡ് കേന്ദ്രങ്ങളുമുണ്ട്. പ്രതിരോധ സേനകളെ ഒരു നേതൃത്വത്തിനു കീഴിൽ കൊണ്ടുവരുന്ന മൂന്ന് തീയേറ്റർ കമാൻഡുകളാണ് രാജ്യത്ത് വരുന്നത്.
ഇതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായി വരുന്നത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനു കീഴിലുള്ള മിലിറ്ററി അഫയേഴ്സ് വകുപ്പ് ആണ് തിരുവനന്തപുരം, ലക്നൗ, ജയ്പുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തിയറ്റർ കമാൻഡ് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. തിരുവനന്തപുരത്തിനു പുറമെ കാർവാറിനെയും മാരിടൈം കമാൻഡിനായി പരിഗണിക്കുന്നുണ്ട്.
കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിച്ച് യുദ്ധ സാഹചര്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് തിയറ്റർ കമാൻഡിന്റെ ചുമതല. തന്ത്രപ്രധാനമായ സമുദ്രാതിർത്തിക്കു സമീപം ഏതു ദിശയിലേക്കും പെട്ടെന്നു സൈന്യത്തെ വിന്യസിക്കാൻ കഴിയുന്ന കേന്ദ്രമെന്ന പ്രത്യേകതയും വലിയ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന വിഴിഞ്ഞം തുറമുഖം അടുത്തുണ്ടെന്നതും തിരുവനന്തപുരത്തിന് ഗുണകരമാവും.
രാജ്യാന്തര കപ്പൽച്ചാലിന് 10നോട്ടിക്കൽ മൈൽ മാത്രം അടുത്തുള്ളതും തിരുവനന്തപുരത്തെ പരിഗണിക്കാൻ കാരണമായിട്ടുണ്ട്. കടൽമാർഗ്ഗമുള്ള ഭീഷണികൾ നേരിടുകയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുകയുമാണ് മാരിടൈം കമാൻഡിന്റെ ദൗത്യം.
കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം, 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണു തിയറ്റർ കമാൻഡ്. ഓരോ പ്രദേശത്തും മൂന്നു സേനകളുടെയും ആയുധ, ആൾ ബലങ്ങൾ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച്, യുദ്ധവേളയിൽ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ച കൂട്ടും.
നിലവിൽ ഓരോ സേനയും സ്വന്തം കമാൻഡുകൾക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. കര, വ്യോമ സേനകൾക്ക് 7 വീതം കമാൻഡുകളുണ്ട്; നാവികസേനയ്ക്ക് മൂന്നും. തിയറ്റർ കമാൻഡ് യാഥാർഥ്യമാകുന്നതോടെ, വിവിധ മേഖലകൾ കേന്ദ്രീകരിച്ച് കര, നാവിക, വ്യോമ സേനകൾ ഒന്നിച്ച് ഒരു കമാൻഡിനു കീഴിൽ വരും.
തിരുവനന്തപുരത്ത് മാരിടൈം കമാൻഡ് വന്നാൽ രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകളിലെ സുരക്ഷയായിരിക്കും ദൗത്യം. നാവികസേനയ്ക്കായിരിക്കും പ്രധാന ചുമതല.
നാവികസേനയുടെ യുദ്ധക്കപ്പലുകളടക്കമുള്ളവയ്ക്കൊപ്പം വ്യോമസേനയുടെ യുദ്ധവിമാനങ്ങളും വ്യോമ സുരക്ഷാ സന്നാഹങ്ങളും കരസേനയുടെ സംഘങ്ങളും കമാൻഡിന്റെ ഭാഗമാകും. സേനകളുടെ ഒറ്റക്കെട്ടായുള്ള പോരാട്ടം യുദ്ധവേളയിൽ ശത്രുവിനെതിരായ നീക്കങ്ങൾക്കു കരുത്തും മൂർച്ചയും നൽകും.
ത്രീ സ്റ്റാർ റാങ്ക് ഉദ്യോഗസ്ഥനായിരിക്കും തിയറ്റർ കമാൻഡിന്റെ ചുമതല. കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്ക്കെങ്കിൽ വൈസ് അഡ്മിറലും മേധാവിയാകും.
‘തിയറ്റർ കമാൻഡർ’ എന്നായിരിക്കും ഇവർക്കുള്ള വിശേഷണം. കമാൻഡിനു കീഴിൽ അണിനിരക്കുന്ന 3 സേനകളുടെയും ഭാഗമായുള്ള സന്നാഹങ്ങളുടെയും സേനാംഗങ്ങളുടെയും നിയന്ത്രണം ഈ ഉദ്യോഗസ്ഥനായിരിക്കും. യുദ്ധവേളയിൽ കമാൻഡിനു കീഴിലുള്ള സന്നാഹങ്ങൾ അണിനിരത്തിയുള്ള പോരാട്ടത്തിന്റെ ചുമതലയും (ഓപ്പറേഷനൽ കൺട്രോൾ) തിയറ്റർ കമാൻഡർക്കായിരിക്കും.