തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയായ ഓസ്ട്രേയിലക്കാരനെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി രക്ഷപെടുത്തിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജു എം.എൽ.എ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവോടെ, മൂന്നര പതിറ്റാണ്ടോളം നീണ്ട അപൂർവമായ നിയമപോരാട്ടത്തിനാണ് തീർപ്പുണ്ടാവുന്നത്.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് ഉത്തരവിട്ടത്.
ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സർക്കാർ വാദിയും സർക്കാരിന്റെ ഭാഗമായ എം.എൽ.എ പ്രതിയമായ കേസിൽ ഇനി എങ്ങനെയാവും കേസിന്റെ വിചാരണ നീങ്ങുകയെന്ന ആകാംക്ഷയാണുള്ളത്.
വിചാരണ പരമാവധി നീട്ടുകയെന്ന തന്ത്രമാവും സർക്കാർ പയറ്റുക. കേസിൽ അതിവേഗ വിചാരണ നടന്നാൽ രണ്ട് തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ ഭരണപക്ഷത്തുള്ള എം.എൽ.എയ്ക്ക് ഔദ്യോഗികസ്ഥാനം നഷ്ടപ്പെടാം.
പുറമെ, ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവാം. ഉടനടി ഇത്തരം തിരിച്ചടികളൊഴിവാക്കാൻ വിചാരണ വൈകിപ്പിക്കുകയാവും തന്ത്രം. കോടതിയുടെ പക്കലുണ്ടായിരുന്ന തെളിവിൽ കൃത്രിമത്വം കാട്ടിയെന്ന കേസ് അതീവഗൗരവമേറിയതാണ്.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
വിചാരണക്കോടതിയിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ കുറ്റവിമുക്തനായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്.
കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.
തിരുവനന്തപുരം ബാറിലെ ജൂനിയർ അഭിഭാഷകനായിരിക്കെയാണ് ആന്റണി രാജു ഈ കേസിൽ പെട്ടത്. ഓസ്ട്രേലിയക്കാരനായി ആന്റണി രാജു നടത്തിയ കേസ് തോറ്റു. 10വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സെഷൻസ് ജഡ്ജി വിധിച്ചത്.
പിന്നാലെ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി. തൊണ്ടിയായിരുന്ന അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു പ്രധാന വാദം. ഇതിനെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.കെ. ജയമോഹൻ കോടതിയിലെത്തിയത്.
വിജിലൻസ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 1994ലാണ് ഈ അന്വേഷണം തുടങ്ങിയത്. 2002ൽ തെളിവില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകാൻ ശ്രമിച്ചു.
2005ൽ ഉത്തരമേഖലാ ഐ.ജിയായിരിക്കെ ടി.പി സെൻകുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോടതിയിലെ തൊണ്ടി ക്ലാർക്ക് കെ.എസ് ജോസ്, ആന്റണി രാജു എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി. കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നിവയടക്കം ആറ് കുറ്റങ്ങളാണുണ്ടായിരുന്നത്.
2006 മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകി. 8വർഷത്തിനു ശേഷം 2014ൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 തവണയാണ് നെടുമങ്ങാട് കോടതി കേസ് പരിഗണിച്ചത്.
ഒരു തവണ പോലും പ്രതികൾ ഹാജരായില്ല. വിചാരണ നടന്നതുമില്ല. കേസ് നടക്കുന്നതിനിടെ ആന്റണി രാജു മന്ത്രിയാവുകയും പദവി ഒഴിയുകയും ചെയ്തു. ഹൈക്കോടതി 2023 മാർച്ചിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നടപടികൾ തുടരാൻ ഉത്തരവിട്ടു.
ഇതിനെതിരെയാണ് ആന്റണിരാജു സുപ്രീംകോടതിയിലെത്തിയത്. വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും ഇനി ഒന്നര വർഷത്തോളം എം.എൽ.എ പദവിയിൽ ആന്റണിരാജുവിന് ശേഷിക്കുന്നുണ്ട്. വിചാരണ വൈകിപ്പിച്ചാൽ ആന്റണി രാജുവിന് പരിക്കില്ലാതെ എം.എൽ.എയുടെ കാലാവധി പൂർത്തിയാക്കാനാവും.