കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകേണ്ട എന്ന വിമർശനമാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗ ലേഖനത്തിൽ പറയുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെയാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗം.
സാമുദായിക സൗഹര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അപഹാസ്യം എന്നാണ് മുഖ പ്രസംഗ ലേഖനത്തിലൂടെ പറയുന്നത്. ലേഖനത്തിൽ ഉടനീളം മുഖ്യമന്ത്രിയ്ക്ക് എതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.
കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് സഹായകരമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് വിമർശനം.
ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതുമെല്ലാം മുഖ്യമന്ത്രി സംഘപരിവറുമായി നടത്തുന്ന സഹകരണത്തിൻ്റെ ഉദാഹരണമായി ചന്ദ്രിക ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആർഎസ്എസിന്റെ നാവായി മുഖ്യമന്ത്രി പ്രവർത്തിക്കുകയാണെന്ന പരോക്ഷ വിമർശനമാണ് മുഖപ്രസംഗത്തിൽ ഉടനീളം പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് വിമർശനം ഇനി സിപിഎം ഏറ്റെടുത്താൽ അതിൻ്റെ മൂർച്ച എത്ര കണ്ട് കൂടും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.