കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ലീഗിനെതിരെ നിലപാട് സ്വീകരിക്കുന്ന മുസ്സിം ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തെ കൈയ്യിലെടുക്കാൻ. മുമ്പത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്.
ഇപ്പോഴത്തെ സാദ്ദിഖലി തങ്ങളെപ്പോലെ അല്ല. സാദ്ദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്.
പക്ഷേ അന്നത്തെ തങ്ങള്‍ സര്‍വരാലും ആദരിക്കുന്ന തങ്ങളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം സി ഐ സി വിഷയത്തിലടക്കം സാദിഖലി തങ്ങൾക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സമസ്തയിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ കൂടിയാണ് എന്ന് വ്യക്തം.
സമസ്ത, സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയ്യാറില്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് ചിലർ അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്.
അതുകൊണ്ട് അവർ കരുതിയിരുന്നോണം എന്ന് സമസ്ത മുശവറ അംഗം കൂടിയായ ഉമ്മർ ഫൈസി മുക്കം പരസ്യമായി പറഞ്ഞത് സാദിഖലി തങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. ഈ പരാമർശം ഉണ്ടാക്കിയ വിവാദത്തിൻ്റെ മറ്റൊരറ്റത്ത് തിരികൊളുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.
മുമ്പ് പല തവണ പല വിഷയത്തിലും സമസ്തയെ വിശ്വാസത്തിലെടുത്തും ലീഗിനെ തള്ളി പറഞ്ഞും മുഖ്യമന്തി നടത്തിയ പ്രസ്താവനയും നീക്കങ്ങളുമെല്ലാം മുസ്ലിം ലീഗിൽ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. സമസ്തയ്ക്കുള്ളിലും സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നതായി ലിഗ് വിമർശിച്ചതും ഉമ്മർ ഫൈസി മുക്കത്തെ പോലെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു.
മുസ്ലിം ന്യൂനപക്ഷത്തിന് എതിരെ സംഘപരിവാർ സംഘടനകളുടെ വക്താവായി പ്രവർത്തിച്ച ഘട്ടത്തിൽ സന്ദീപ് വാര്യർ നടത്തിയ പരാമർശങ്ങൾ അന്തരിക്ഷത്തിൽ നിറയുമ്പോൾ തന്നെയാണ്
കൊടപ്പനക്കൽ തറവാട്ടിലെത്തി പാണക്കാട് തങ്ങന്മാരുടെ ആശിർവ്വാദം വാങ്ങാൻ കോൺഗ്രസുകാരനായ സന്ദീപ് വാര്യർ എത്തിയതും വലിയ സ്വീകരണം ഏറ്റുവാങ്ങിയതും. ഇത് മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന് ഒത്താശ ചെയ്ത കേന്ദ്ര സർക്കാറിൻ്റെ ഭാഗമായിരുന്നു മുസ്സിം ലീഗും. കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ലീഗ് തുടര്‍ന്നതില്‍ വ്യാപകമായ അമര്‍ഷം അന്ന് ലീഗ് അണികളിലുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതേ അമർഷം ഇപ്പോഴും ലീഗ് അണികളിലും മുസ്ലിം സമൂഹത്തിലും സന്ദീപ് വാര്യരെ പാണക്കാട് തങ്ങന്മാർ സ്വീകരിച്ചതിലും പ്രകടമാകും എന്ന് കൂടി പറഞ്ഞു വെയ്ക്കുകയാണ് പിണറായി വിജയൻ.
പാണക്കാട് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി ആർഎസ്എസിൻ്റെ നാവയി പ്രവത്തിക്കുന്നു എന്ന് തിരിച്ചടിച്ചാണ് ലീഗ് നേതൃത്വം സിപിഎം നീക്കത്തെ പ്രതിരോധിക്കുന്നത്. എന്നാൽ തികഞ്ഞ ആർ എസ് എസ് പ്രവർത്തകനായ സന്ദീപ് വാര്യരെ ലീഗ് നേതൃത്വം അംഗികരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നിലപാട് ചർച്ചയാക്കി മുസ്ലിം മത വിഭാഗങ്ങൾക്കുള്ളിൽ ലീഗ് ഭിന്നത രൂക്ഷമാക്കാനാവും ഇനി സിപിഎം ശ്രമിക്കുക.