തിരുവനന്തപുരം: കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേർക്കാണ് പരിക്കേറ്റത്.
ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. അപകടവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചന്ദ്രശേഖരന്‍, ഭരതന്‍, വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഭരതന്‍ റിട്ട. എസ്.ഐയാണ്. എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.എന്‍.എസ് 288 (സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്‌ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.