തിരുവനന്തപുരം: കാൽനൂറ്റാണ്ടായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയിൽ കേന്ദ്രം ട്രെയിനോടിക്കുമെന്ന് ഉറപ്പായി. പദ്ധതിയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും പങ്കുവയ്ക്കണമെന്ന വ്യവസ്ഥ സംസ്ഥാനം അംഗീകരിച്ചിട്ടുണ്ട്.
ഇടുക്കി അടക്കം മലയോര ജില്ലകളിലേക്ക് ട്രെയിൻ ചൂളംവിളിച്ച് പാഞ്ഞെത്തുന്ന ഈ പദ്ധതി നടപ്പാക്കാൻ സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയും അറിയിച്ചു. ഇതോടെ മലയോര ജില്ലകളിലെ ലക്ഷക്കണക്കിനാളുകളുടെ സ്വപ്നമായിരുന്ന ശബരിപാത യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായിട്ടുണ്ട്. ചെലവ് പങ്കിടാനുള്ള കേന്ദ്ര, സംസ്ഥാന കരാർ ഉടൻ ഒപ്പിടും. കരാറിന്റെ കരട് സെക്രട്ടേറിയറ്റിൽ തയ്യാറാക്കിത്തുടങ്ങി.
1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 111കിലോമീറ്റർ ശബരിപാതയിൽ കേവലം 7 കിലോമീറ്ററും ഒരു പാലവുമേ (പെരിയാർ) ഇതുവരെ നിർമ്മിക്കാനായിട്ടുള്ളൂ. 264 കോടി ചെലവിട്ട ശേഷം പദ്ധതി 2019ൽ റെയിൽവേ മരവിപ്പിച്ചു.
കോടിക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഗുണകരമാവുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രധാനമന്ത്രി മുൻപ് പ്രഖ്യാപിക്കുകയും കഴിഞ്ഞ 3 ബജറ്റിൽ 100 കോടി വീതം വകയിരുത്തുകയും ചെയ്തതാണ്.
രണ്ട് ബജറ്റുകളിൽ പ്രഖ്യാപിച്ച 200 കോടി പാഴായിപ്പോയി. ഇക്കൊല്ലവുമുണ്ട് ശബരിപ്പാതയ്ക്ക് 100 കോടി. കാലടി മുതൽ എരുമേലി വരെ104 കിലോമീറ്റർ റെയിൽപ്പാതയാണ് ഇനി നിർമ്മിക്കേണ്ടത്.
അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി ഒപ്പിടേണ്ട ത്രികക്ഷി കരാറിന്റെ കരട് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. 3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. ഇതിനായാണ് കേരളം കരാറൊപ്പിടേണ്ടത്.
വാജ്പേയി സർക്കാരിന്റെ കാലത്ത് 1997-ലാണ് റെയിൽവേ, അങ്കമാലി-എരുമേലി പാതയ്ക്ക് അനുമതി നൽകിയത്. 550 കോടിയാണ് അന്ന് കണക്കാക്കിയത്. ഏഴു കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയിൽ പാലവുമാണ് പൂർത്തിയായത്.
പദ്ധതിക്ക് വേഗംപോരെന്ന കാരണത്താൽ 2019-ൽ മരവിപ്പിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്നതാണ് പാത. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സർവേ 2002-ൽ പൂർത്തിയാക്കി. നാട്ടുകാർ എതിർത്തതോടെ കോട്ടയം ജില്ലയിലെ സർവേ 2007-ൽ നിർത്തിവെച്ചു.
പദ്ധതി നീണ്ടുപോയതോടെ ചെലവ് കൂടി. അതോടെ പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനസർക്കാർ വഹിക്കണമെന്ന് റെയിൽവേ നിലപാടെടുത്തു. അതിനോട് സംസ്ഥാനം വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും 2015-ൽ പദ്ധതിയിൽ പകുതി പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടു.
എന്നാൽ 2016-ൽ ആ ധാരണയിൽനിന്ന് സംസ്ഥാനം പിന്മാറി. 2019-ലാണ് റെയിൽവേ, പദ്ധതി മരവിപ്പിച്ചത്. ഇക്കാലത്തിനിടെ റെയിൽവേ 265 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ഭാവിയിൽ തിരുവനന്തപുരത്തേക്ക് നീട്ടാനാവുന്നതാണ് നിർദ്ദിഷ്ട അങ്കമാലി-എരുമേലി പാത. റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്ക് രണ്ടാംഘട്ടവും അഞ്ചൽ, കടയ്ക്കൽ, പാലോട്, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കുള്ള മൂന്നാംഘട്ടവുമുണ്ട്.
പുനലൂരിൽ കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കും കണക്ടിവിറ്റിയായി. അരലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുകയെന്ന പുതിയ കേന്ദ്രനയവും പാതയ്ക്ക് ഗുണകരമാണ്. 274ഹെക്ടർ ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാരം എന്നിവയ്ക്ക് 1000 കോടി വേണം.13 സ്റ്റേഷനുകൾ നിർമ്മിക്കണം. 13 കിലോമീറ്റർ റെയിൽപാത ടണലിലാണ്.
ശബരിപാത വന്നാൽ മദ്ധ്യകേരളം ഒന്നാകെ വികസിക്കും. മലയോര ജില്ലകളിൽ ട്രെയിൻ യാത്രാസൗകര്യമൊരുങ്ങും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ വികസിക്കും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും മെച്ചം. ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബരി സ്പെഷലുകൾ ഓടിക്കാം. ചരക്കുലോറികൾ കയറ്റാവുന്ന റോ-റോ സർവീസും നടത്താനാവും.
വന്ദേഭാരതും ഓടിക്കാൻ ശേഷിയുള്ളതായിരിക്കും പുതിയപാത. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളുണ്ടാവും.
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശയില്ലാത്തതും 50 വർഷ കാലാവധിയുള്ളതുമായ വായ്പ ശബരിപ്പാതയ്ക്കായി നേടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.