തിരുവനന്തപുരം: ഉരുൾ ദുരന്തത്തിൽ തകർന്ന വയനാടിനെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനിടെ, ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തിന് വമ്പൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
600 കുടുംബങ്ങൾക്ക് വീടും സ്ഥലവും ജീവനോപാധിയും കണ്ടെത്തണം. ഇതിനായി രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി. സ്ഥലമെടുപ്പ്, നിർമ്മാണം, ജീവനോപാധികളുണ്ടാക്കൽ എന്നിവ ഇനി സംസ്ഥാന സർക്കാരിന്റെ ചുമതലയിലാവും.
പുനരധിവാസത്തിന് 2250 കോടിയും നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്നാണ് കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ള കണക്ക്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതിരുന്നാൽ കേന്ദ്രത്തിൽ നിന്ന് കാര്യമായ സഹായം കിട്ടില്ല. ഇതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നത്.
ശമ്പളം, പെൻഷൻ, നിത്യചെലവുകൾ എന്നിവയ്ക്ക് കടമെടുത്താണ് ഇപ്പോൾ മുന്നോട്ടുപോവുന്നത്. ഇതിനിടയിലാണ് ഭീമമായ ബാദ്ധ്യത കൂടി സംസ്ഥാനം ഏറ്റെടുക്കേണ്ടി വരുന്നത്. ഒരുമാസത്തിനകം അന്തിമ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 658 കോടിയാണ് കിട്ടിയത്. നടപ്പു സാമ്പത്തിക വർഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നീക്കിവച്ചിട്ടുള്ളത് 388 കോടിയാണ്. ഇതിൽ 291 കോടി കേന്ദ്രത്തിൽ നിന്നുള്ള സഹായമാണ്. ഈ കണക്കുകൾ പറഞ്ഞാണ് കേന്ദ്രം ഇപ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് തലയൂരുന്നത്.
വയനാട്ടിലേക്കാൾ താരതമ്യേന കുറഞ്ഞ ദുരിതം നേരിട്ട മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1036 കോടിയും അസമിന് 716 കോടിയും ഗുജറാത്തിന് 655.6 കോടിയും അനുവദിച്ചപ്പോഴാണ് കേരളത്തോടുള്ള അവഗണന.
അതേസമയം കേരളത്തിന് സഹായം അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനം നൽകിയ പ്രൊവിഷ്യൻ ഡിസാസ്റ്റർ മാനേജ്മെന്റ് അസസ്മെന്റ് റിപ്പോർട്ട് കേന്ദ്രസർക്കാർ പരിശോധിക്കുകയാണ്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കും കേരളത്തിന് കൂടുതൽ സഹായം അനുവദിക്കുക. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനുള്ള ഉന്നതാധികാര സമിതി ഉടൻ യോഗം ചേരും.
ഉരുൾദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ചട്ടപ്രകാരം പ്രകൃതി ദുരന്തങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. തീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്രസഹായം കിട്ടും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ലഭ്യമാവും.
2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും ഇത്തരത്തിൽ തീവ്രദുരന്തമായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയം തീവ്രദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല.
കേന്ദ്രവിഹിതം 291.2കോടിയും സംസ്ഥാനവിഹിതം 96.8കോടിയും മാർച്ച് 31 വരെ മിച്ചമുള്ള 394.99 കോടിയുൾപ്പെടെ ആകെ 782.99കോടി രൂപ സംസ്ഥാനത്തിന്റെ കൈയ്യിലുണ്ട്. വയനാട് ദുരന്തത്തിന്റെ പേരിൽ സംഭാവനയായി കിട്ടിയ 514.14കോടിയുണ്ട് എന്നാൽ 3450 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു ദുരന്തത്തെ തീവ്രദുരന്തമായി അംഗീകരിച്ചാൽ ദേശീയ ദുരന്തമായിത്തന്നെ പരിഗണിച്ച് കേന്ദ്രം കൂടുതൽ സഹായം നൽകണമെന്നാണ് പത്താം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തത്. ഇതിനായി പ്രത്യേക ഫണ്ട് ശുപാർശചെയ്തിട്ടുമുണ്ട്. തീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ കേന്ദ്രനിധിയിൽനിന്ന് സഹായം ലഭിക്കും. പുനരധിവാസത്തിന് വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് സഹായം കണ്ടെത്താനും കേരളത്തിന് കഴിയും.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രത്തിന് കഴിയും. എന്നാൽ തീവ്രദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും 388 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ വാദം.
അതിതീവ്ര ദുരന്തമേഖലയായി പ്രഖ്യാപിക്കാൻ ഹൈ പവർ കമ്മിറ്റി ചേരണമെന്നും അതിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയിൽ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന് സ്വന്തമായി പുനർനിർമാണം ഏറ്റെടുക്കാൻ കഴിയാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് എന്ന അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്നാണ് കേന്ദ്രം പറയുന്നത്.