തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപ തിരഞ്ഞെടുപ്പ് നടന്ന ദിവസം വിഎസ് അച്യുതാനന്ദൻ ഒഞ്ചിയത്ത് എത്തി ടിപി ചന്ദ്രശേഖരൻ്റെ വിധവ കെകെ രമയെ സന്ദർശിച്ചത് സിപിഎമ്മിലുണ്ടാക്കിയ ഞെട്ടൽ ചെറുതായിരുന്നില്ല.
2012ൽ വിഎസ് ആയിരുന്നു അപ്രതീക്ഷിത നീക്കം നടത്തിയതെങ്കിൽ 2024 ൽ മറ്റൊരു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സിപിഎമ്മിനെ ഞെട്ടിച്ചത് ഇപി ജയരാജനാണ്. പുറത്തുവരാത്ത തൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങളിലൂടെ.
തുടർച്ചയായി രണ്ടാം തവണയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ തിരഞ്ഞെടുപ്പ് ദിവസത്തെ താരമാകുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിലാണ് ഇപി ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം പുറത്തു വരുന്നതും വലിയ രാഷ്ട്രീയ ചർച്ചയായതും.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്നയിരുന്നു ആ വാർത്ത. വാർത്തയിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുമ്പിൽ ഇപി സത്യം തുറന്നു പറഞ്ഞു സമ്മതിച്ചു.
ഇന്നിപ്പോൾ ഈ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി സരിനെയും പാർട്ടിയെയും വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ട ആത്മകഥയെന്ന പേരിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് അതുകൊണ്ടുതന്നെ യാദൃശ്ചികമല്ലെന്നു തന്നെ വേണം കരുതാൻ.
ആത്മകഥ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും ഇപി ജയരാജനെ സമീപിച്ചെങ്കിലും ഒടുവിൽ ഇപി പുസ്തകത്തിന്റെ കയ്യെഴുത്തു നൽകിയത് ഡിസി ബുക്സിനായിരുന്നു.
പി ജയരാജന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ് ആയിരുന്നുവെങ്കിൽ ഇപി ജയരാജന്റെ പുസ്തകത്തിന് നറുക്കു വീണത് ഡിസിയ്ക്ക്. അത് പ്രസാധകർ തമ്മിലുള്ള കിട മത്സരത്തിനു കൂടി വേദിയായി.
ഒരു വിപണ തന്ത്രം എന്ന നിലയിലാണ് ഇപിയുടെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവരാൻ കാരണം. ഡിസി ബുക്സിലെ ഒരു ജീവനക്കാരൻ കാണിച്ച അമിതാവേശം. അത് പക്ഷേ ഇത്ര വലിയ തിരിച്ചടിയാകുമെന്ന് ആരും കരുതിയില്ല.
ഇവിടെയും പക്ഷെ പാർട്ടി വെട്ടിലായി കൂടെ ഇപി ജയരാജനും. ഇനി പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങൾ പൂർണ്ണമായും തിരുത്തിയാവും പുസ്തകം പ്രസിദ്ധീകരിക്കുക. അതുവഴി പാർട്ടിയുടെയും തന്റെയും മാനം രക്ഷിക്കാനാവും ഇപി ജയരാജന്റെ ശ്രമം.
പക്ഷേ ഏറെ നിർണായകമായ ഒരു ഘട്ടത്തിൽ പാർട്ടിയെ വെട്ടിലാക്കിയ വിവാദത്തിന് മണിക്കൂറിന്റെ വില മാത്രമല്ല ഉള്ളത് എന്ന് തിരിച്ചറിയേണ്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഭാവിയിലും സിപിഎമ്മിനെ തിരിഞ്ഞു കൊത്തികൊണ്ടേയിരിക്കും.