തിരുവനന്തപുരം: കേന്ദ്രഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി പറയുകയും ഇതിനായി നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിട്ടും പാഠം പഠിക്കാതെ സർക്കാർ.
2021 മെയ് 7ന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നവംബർ ഏഴു മുതല്‍ ആറ് മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് കമ്മിഷനെ നിയോഗിച്ചത്.
മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്. പി.എം.എൽ.എ ആക്ടിലെ സെക്ഷൻ-67 പ്രകാരം ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യംചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരമുള്ളത്.
ജുഡീഷ്യൽ അന്വേഷണ കമ്മിഷന് സിവിൽകോടതിയുടെ അധികാരമാണുള്ളത്. അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്കു പോലും പരിമിതമായ അധികാരമാണുള്ളത്.
ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകാതെ ശരിതെറ്റുകൾ കണ്ടെത്താൻ കമ്മിഷനെ നിയോഗിക്കുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണ്. ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റിൽ ഉൾപ്പെട്ട കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്ര വിഷയമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് സർക്കാർ നീക്കം.
സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയാണ് അന്വേഷിക്കുക.
സ്വർണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്ത് എന്നിവയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ എന്നതും കമ്മിഷൻ പരിശോധിക്കുമെന്നു പരിഗണനാ വിഷയങ്ങളിൽ പറയുന്നു.
ഇത്തരം ആരോപണത്തിനും മൊഴികൾക്കും പിന്നിൽ പ്രവർത്തിച്ചവരെയും ഏജൻസികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള അന്വേഷണവും കമ്മിഷൻ നടത്തണം.
1952 ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിനു വിരുദ്ധമാണു മന്ത്രിസഭാ തീരുമാനമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല.
1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
വിജ്ഞാപനം നടപ്പിലാക്കുന്നത് തടഞ്ഞും കമ്മിഷൻ ഓഫ് എൻക്വയറി ആക്ടിലെ വിവിധ വകുപ്പുകളിൽ നടപടിയെടുക്കുന്നതിന് കമ്മിഷനെ വിലക്കിയും ഹൈക്കോടതി 2021 ഓഗസ്റ്റ് 21ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിനെതിരെ സംസ്ഥാനം ഫയൽ ചെയ്ത റിട്ട് അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾക്ക് വിധേയമായും ഡിവിഷൻ ബെഞ്ചിനു മുൻപാകെയുള്ള ഹർജിയിലെ തീർപ്പിന് വിധേയമായുമാണ് കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടിയത്.