തിരുവനന്തപുരം: പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകം സൃഷ്ടിച്ചവർക്ക് മനസാലേ നന്ദിപറയുകയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കവേ, വനിതാ നേതാക്കളുടെ മുറിയിൽ അതിക്രമിച്ചു കയറി നടത്തിയ റെയ്ഡ് നാടകം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തെയും ജനങ്ങളെ സ്വാധീനിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ തിരക്കഥയാണ് പാതിരാ റെയ്ഡെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. പോലീസിനെ നിയന്ത്രിക്കുന്ന ഇദ്ദേഹത്തിന്റെ എല്ലാ നടപടികളും ഇതുപോലെ സർക്കാരിന് തിരിച്ചടിയാവാറാണ് പതിവ്.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ കേസിൽ പി.പി.ദിവ്യയെ പോലീസ് നടപടികളിൽ നിന്ന് ആഴ്ചകളോളം സംരക്ഷിച്ച് സർക്കാരിന് നാണക്കേടുണ്ടാക്കിയതാണ് ഒടുവിലത്തേത്.
പാർട്ടിയിലും മുന്നണിയിലും ഇത്തരം അവധാനതയില്ലാത്ത നടപടികൾ വിമർശന വിധേയമാവുന്നുണ്ട്. എന്നാൽ അതിശക്തനായ ഉന്നതനെ തുറന്ന് എതിർക്കാൻ ആരും തയ്യാറാവുന്നില്ല. ചേലക്കരയിൽ രമ്യാഹരിദാസിന്റെ സാദ്ധ്യതയും ഇതോടെ ഉയർന്നെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
പാതിരാ റെയ്ഡ് സംബന്ധിച്ച പോലീസ് വാദങ്ങളിലെ ശക്തമായ വൈരുദ്ധ്യമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സാധാരണയുള്ള പതിവ് പരിശോധനയെന്നാണ് എ.സി.പി പറഞ്ഞത്. പൊലീസ് സംഘം പറഞ്ഞത് 12 മുറികള്‍ ലിസ്റ്റ് ചെയ്തു തന്നിട്ടുണ്ടെന്നാണ്.
ആദ്യം പോയത് ഷാനി മോളുടെ മുറിയിലേക്കും പിന്നീട് പോയത് മൂന്നാം നിലയിലുള്ള ബിന്ദു കൃഷ്ണയുടെ മുറിയിലേക്കുമാണ്. ബിന്ദു കൃഷ്ണയും ഭര്‍ത്താവും താമസിച്ചിരുന്ന മുറി പരിശോധനയ്ക്ക് തുറന്നു കൊടുത്തു.
ബി.ജെ.പി വനിതാ നേതാക്കള്‍ താമസിക്കുന്ന തൊട്ടു മുന്‍പിലുള്ള മുറിയില്‍ അറിയാതെയാണ് പൊലീസ് മുട്ടിയത്. വനിതാ പൊലീസുകാര്‍ ഇല്ലാതെ കയറാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതോടെ സോറി പറഞ്ഞ് പൊലീസുകാര്‍ മടങ്ങുകയായിരുന്നു.
വനിതാ പൊലീസ് എത്തിയ ശേഷവും പൊലീസ് അവരുടെ മുറിയില്‍ കയറിയില്ല. പാതിരാത്രിയിലാണ് മഫ്തിയിലെത്തിയ പൊലീസ് ഒറ്റയ്ക്ക് താമസിക്കുന്ന ഷാനിമോളുടെ മുറിയുടെ വാതിലില്‍ മുട്ടി.
ബിന്ദുകൃഷ്ണയുടെ മുറിയില്‍ കയറിയ പുരുഷ പൊലീസുകാര്‍ അവരുടെ മുഴുവന്‍ വസ്ത്രങ്ങളും പരിശോധിച്ചു. നേതാക്കളുടെ മുറികളിൽ നിന്ന് ഒരു രൂപ പോലും അനധികൃതമായി കണ്ടെത്തിയില്ല. ഒന്നും കിട്ടിയില്ലെന്ന് അവസാനം എഴുതിക്കൊടുക്കുകയും ചെയ്തു.
കള്ളപ്പണം പിടിക്കാനെന്ന പേരിൽ പാലക്കാട്ട് നടത്തിയ പാതിരാ റെയിഡിൽ പോലീസും സർക്കാരും പ്രതിരോധത്തിലാണിപ്പോൾ. വനിതാ നേതാക്കളെ അപമാനിക്കാന്‍ മനപൂർവ്വം നടത്തിയ ഗൂഢാലോചനയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പാതിരാ നാടകത്തിന്റെ തിരക്കഥ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ബി.ജെ.പി നേതൃത്വത്തിന്റെയും അറിവോടെയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബിജെപിയെ സഹായിക്കാനാണ് പാതിരാ റെയ്ഡ് നാടകം ആസൂത്രണം ചെയ്തതെന്നും ആരോപണമുയരുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണ് പാലക്കാട്ടെ പതിരാനാടകമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്.
"സി.പി.എം - ബി.ജെ.പി നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് ഇത് നടന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിയുടെയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ സി.പി.എമ്മിന്റെയും ജാള്യത മറയ്ക്കുന്നതിനു വേണ്ടി തയാറാക്കിയതാണ് ".
"മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ പിന്തുണയോടെ പാലക്കാട് നിന്നുള്ള മന്ത്രി എം.ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.എം നേതാവും ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് ഈ പാതിരാ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത് ".
"കൈരളി ടി.വിയെ അറിയിച്ചിട്ടാണോ പൊലീസുകാര്‍ റെയ്ഡ് നടത്താന്‍ എത്തിയത്. റെയ്ഡ് നടത്താന്‍ വരുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരും അവിടെയെത്തി. ഹോട്ടലിന്റെ റിസപ്ഷന്‍ മുറി തുറന്നിട്ടു കൊടുത്ത് ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അവിടേക്ക് കയറാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തിട്ടാണ് റെയ്ഡ് നടത്തിയത് ". - സതീശൻ ആരോപിച്ചു.
"റെയ്ഡ് നടത്തുന്നതിന്റെ നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ല. ഷാനിമോള്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചിട്ട് മഫ്തിയില്‍ എത്തിയ ആളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. മഫ്തിയില്‍ എത്തിയവന് രാത്രി മുറി തുറന്നു കൊടുക്കണമെന്ന് പറയുന്നത് എന്തൊരു അസംബന്ധമാണ് ".
"തിരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ് ഈ പൊലീസ് പ്രവര്‍ത്തിക്കുന്നത്. മുറി റെയ്ഡ് ചെയ്യുമ്പോള്‍ സാക്ഷികള്‍ വേണ്ടേ ? നിയമം അനുസരിച്ചുള്ള സാക്ഷികള്‍ ഉണ്ടായിരുന്നോ ? രാത്രി 12:5 നാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്. നേതാക്കള്‍ ബഹളമുണ്ടാക്കിയതോടെ 2:40 നാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും വന്നത് ".
"വിളിക്കാതെ ഞങ്ങള്‍ എങ്ങനെയാണ് റെയ്ഡ് അറിയുന്നതെന്നാണ് ഷാഫി പറമ്പില്‍ എം.പിയോട് ആര്‍.ഡി.ഒ പറഞ്ഞത്. ഉദ്യോഗസ്ഥരെ പോലും കൊണ്ടു പോകാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കുന്നതിന് വേണ്ടിയാണ് പൊലീസ് നാടകം കളിച്ചത്. മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പുള്ള സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ നാടകം നടത്തിയത് " - സതീശൻ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിന്റെ തിരക്കഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധാനം ചെയ്‌ത ഭീകര നാടകമായിരുന്നു പാലക്കാട്ടെ പാതിരാ റെയ്ഡെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
"റെയ്‌ഡിന് പാലിക്കേണ്ട നടപടിക്രമം പാലിക്കാതെ സ്ത്രീകളുടെ അടക്കം റൂമിലേക്ക് അതിക്രമിച്ചുകയറാൻ ആരാണ് പോലീസിന് അനുമതി നൽകിയത് ? സമുന്നതരായ രണ്ട് വനിതാ നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അർദ്ധരാത്രിയിൽ പോലീസിനെ അയച്ച് അവരെ അപമാനിക്കുകയായിരുന്നു".
ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും താമസിക്കുന്ന മുറികളിൽ പാതിരാത്രി കഴിഞ്ഞ് റെയ്‌ഡ് നടത്താൻ ഉത്തരവ് നൽകിയത് ആരാണ് ? അർദ്ധരാത്രിയിൽ പോലീസ് എത്തുമ്പോൾ സിപിഎമ്മുകാരും ബിജെപിക്കാരും അവിടെ ഒന്നിച്ചുണ്ടായിരുന്നു. അവർക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത് ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്.