തിരുവനന്തപുരം: തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സംഘങ്ങൾ കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന് വലിയ തിരിച്ചടിയാണ്.
സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
മത്സരവിലക്ക് സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശത്തിലും ജനാധിപത്യ അവകാശങ്ങളിലുമുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഭേദഗതി നിയമത്തിലെ ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മറ്റ് ഭേഭഗതികളെല്ലാം ശരിവച്ചിട്ടുണ്ട്.
ഒരു വായ്പാ സംഘത്തിന്റെ ഭരണ സമിതിയിലേക്ക് ഒരാൾക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടാവുന്ന തവണ മൂന്ന് ടേമായി പരിമിതപ്പെടുത്തിയായിരുന്നു നിയമഭേദഗതി കൊണ്ടുവന്നത്. സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടില്‍ ഇത് രണ്ട് തവണയായിരുന്നു.
ഒരേ വ്യക്തികൾ തുടര്‍ച്ചയായി സംഘത്തിന്റെ ഭരണത്തിലിരിക്കുന്നതിലൂടെ അഴിമതിയും ക്രമക്കേടും കൂടിവരുന്നു എന്ന വിലയിരുത്തലാണ് കാലാവധി പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നാണ് സർക്കാർ വിശദീകരിച്ചത്.
നിയമനിര്‍മാണ സഭകളിലോ പഞ്ചായത്തീരാജ് സംവിധാനത്തിലോ ഇല്ലാത്ത ഈ നിയന്ത്രണം എങ്ങനെ നിയമപരമാവുമെന്ന് അന്നേ സംശയമുയർന്നതാണ്. ഒരാള്‍ ഒരേ തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലോ വ്യത്യസ്ത തരത്തിലുള്ള രണ്ടില്‍ കൂടുതല്‍ സംഘങ്ങളിലോ പ്രസിഡന്റ്/ ചെയര്‍മാന്‍ പദവി വഹിക്കാന്‍ പാടില്ലെന്നും ഭേദഗതിയിലുണ്ടായിരുന്നു.
സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടപെടാൻ സർക്കാരിന് നിയന്ത്രിത അധികാരങ്ങൾ മാത്രമാണുള്ളതെന്ന് കോടതി പറഞ്ഞു. ഭരണസമിതിയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ജനറൽ ബോഡി അംഗങ്ങളാണ്. തുടർച്ചയായി മത്സരിച്ചെത്തുന്നത് സ്ഥാപിത താൽപര്യത്തിനാകാമെന്ന സർക്കാർ വാദം കോടതി തള്ളി.
അനുഭവ പാരമ്പര്യമുള്ള അംഗങ്ങൾ ഭരണസമിതിയിൽ തുടരുന്നത് സംഘത്തിന് ഗുണകരമാവാനാണ് സാദ്ധ്യത. ആരോപണമുണ്ടായാൽ തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തുന്നതിനടക്കം ബെെലാ അനുസരിച്ച് പൊതുയോഗത്തിന് അധികാരമുണ്ട്.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഭരണസമിതി അംഗങ്ങളുടെ വിശ്വാസ്യതയിലാണ്. സഹകരണ സംഘങ്ങളെ ജനാധിപത്യ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.
പാർലമെന്റിലേക്കും നിയമസഭയിലേക്കും മാത്രമല്ല, തദ്ദേശ സ്ഥാപനം എന്നിവിടങ്ങളിലേക്ക് വീണ്ടും വീണ്ടും മത്സരിക്കാൻ വിലക്കില്ല. അതിനാൽ സഹകരണ സംഘത്തിലേക്കും വിലക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
നാമനിർദ്ദേശപത്രിക നിരസിച്ചതിനെതിരേ വിജയപുരം സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ബാബു കോരയും മറ്റും സമർപ്പിച്ച ഹർജികളിലാണ് സിംഗിൾബെഞ്ച് വിധി. 2024 ജൂൺ ഏഴിന് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതോടെയാണ് ഭേഗഗതികൾ പ്രാബല്യത്തിലായത്. കൂട്ടിച്ചേർത്തതും പരിഷ്‌കരിച്ചതുമായ 57 വ്യവസ്ഥകൾ പുതുതായി കൊണ്ടുവന്നാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.
സംഘങ്ങളുടെ എണ്ണവും നിക്ഷേപവും വർദ്ധിച്ചതോടെ ആശാസ്യകരമല്ലാത്ത ചില പ്രവർത്തനങ്ങളും ആരോപണങ്ങളുമുണ്ടായ പശ്ചാത്തലത്തിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാറിന്റെ വാദം. നേരത്തെ സിംഗിൾബെഞ്ച് സ്റ്റേ നിരസിച്ചതിനെ തുടർന്ന് ഹർജിക്കാർ ഡിവിഷൻബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജികൾ സിംഗിൾബെഞ്ച് കേട്ട് തീർപ്പാക്കാനായി തിരിച്ചയക്കുകയായിരുന്നു.
സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ, യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്‌ട്രേറ്റീവ് ആഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ടിത അക്കൗണ്ടിംഗും ആഡിറ്റും, ടീം ആഡിറ്റ് തുടങ്ങിയവയും ഭേദഗതിയിലുൾപ്പെടുത്തിയിരുന്നു.
വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്ന് തവണയിൽ അധികം ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ല എന്ന് ഭേദഗതി നിയമം 17 - സഹകരണ നിയമം വകുപ്പ് 28 ഉപവകുപ്പ് 2എ ആയി പുതിയ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിനുള്ള വ്യവസ്ഥ നിയമഭേദഗതിയിലുണ്ട്.
നിലവിൽ വായ്പാ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക് മുകളിലുള്ള തസ്തികകളിലെ നിയമനം സഹകരണ പരീക്ഷാ ബോർഡ് മുഖേനയാണ് നടത്തിയിരുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ സംഘങ്ങളുടെയും ജൂനിയർ ക്ലാർക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷാ ബോർഡിന് നൽകുന്നതിന് നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിലവിലുണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം നാല് ശതമാനമായി ഉയർത്തി. ഒ.ബി.സി വിഭാഗങ്ങൾക്ക് സഹകരണമേഖലയിലെ സ്ഥാപനങ്ങളിലേക്കു പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് നിലവിൽ പൊതു സംവരണ വ്യവസ്ഥ ബാധകമാണ്.
സഹകരണസംഘങ്ങൾ വസ്തുജാമ്യത്തിന്മേൽ നൽകുന്ന വായ്പകൾക്ക് ഈടുവസ്തുക്കളുടെ മൂല്യനിർണ്ണയം നടത്തുന്നതിനും, സംഘങ്ങളുടെ ആവശ്യത്തിനായി വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വ്യക്തമായ വ്യവസ്ഥകൾ നിയമ ഭേദഗതിയിലുണ്ട്.
സംഘങ്ങളിലെ ഭരണസമിതിയിൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 40 വയസിന് താഴെയുള്ള ഒരു വനിതയ്ക്കും മറ്റൊരു വ്യക്തിക്കും ഭരണസമിതികളിൽ സംവരണം ഉറപ്പാക്കി.
ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന വ്യവസ്ഥകളും ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങൾ പോലീസിനും അഴിമതി നിരോധന വകുപ്പിലെ വ്യവസ്ഥ പ്രകാരമുള്ള അന്വേഷണത്തിനായി നേരിട്ട് നൽകുന്നതിനും അന്വേഷണങ്ങൾ തീർപ്പാക്കുന്നതിനുള്ള കാലപരിധി കുറയ്ക്കുന്നതിനും നഷ്ടോത്തരവാദം തിട്ടപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സഹകരണ ആർബിട്രേഷൻ നടപടികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സഹകരണ ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫീസറായി ജുഡീഷ്യൽ സർവ്വീസിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സഹകരണ മേഖലയുടെ പുരോഗതിക്കായി ആവശ്യമെങ്കിൽ നിലവിലുള്ള സംഘങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.