തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. യു.ഡി.എഫിലുളള ആർ.എസ്.പിയുടെ പരിപാടിയിൽ വെച്ചാണ് ദിവാകരൻ സി.പി.എം - സി.പി.ഐ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം നടത്തിയത്.
കേരളത്തിലെ ഇടതു പക്ഷത്തിന്റെ പ്രശ്നം ചില വ്യക്തികളുടെ പ്രമാണിത്വവും താൻപോരിമയും ആണെന്ന് ദിവാകരൻ തുറന്നടിച്ചു. മാർക്സിന്റെ അച്ഛനെന്ന പോലെയാണ് ഇവിടെ പലരും പെരുമാറുന്നത്. ജനം അപ്രതീക്ഷിതമായായിരിക്കും നീങ്ങുക. ഇപ്പോഴത്തെ ചില നേതാക്കൾ അണികളെ കൂട്ടാൻ പാടുപെടുകയാണെന്നും ദിവാകരൻ പരിഹസിച്ചു.
ആരെങ്കിലും ഒരു കൊടി എടുത്ത് നേതാവിന്റെ പിറകെ നടന്നാൽ ഇടതു പക്ഷം ആകില്ലെന്നും ആത്മവിശ്വാസത്തോടെ നിന്നാൽ ഇന്ത്യ ഇടതുപക്ഷത്തിന്റെ ഇടമായി മാറുമെന്നും സി.ദിവാകരൻ പറഞ്ഞു.
പ്രായപരിധി മാനദണ്ഡത്തിൽ സി.പി.ഐ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട ദിവകരൻ കുറച്ച് നാളുകളായി പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അസംതൃപ്തനാണ്.
ഇടതുപക്ഷത്തിൻെറ പോക്കിൽ ആർക്കും നിരാശവേണ്ടെന്നും ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും ദിവാകരൻ പറയുന്നുണ്ട്. ''ഇടതുപക്ഷത്തിന്റെ പോക്കിൽ ആർക്കും നിരാശ വേണ്ട. എല്ലാം കണ്ട് ജനങ്ങൾ ഇരിക്കുന്നുണ്ട് ".
"ജനം നിശബ്ദരാണ്, മുഖവുമില്ല പക്ഷെ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് അവർ. ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലോ, ആര് ജയിക്കുമെന്ന് അവർ ജനങ്ങൾ പറയും, അവർ പറയുന്നവർ തന്നെ ജയിക്കുകയും ചെയ്യും'' സി. ദിവാകരൻ പറഞ്ഞു.
ഇടതുപക്ഷത്തെ വിമർശിച്ച വേദിയിൽ ആർ.എസ്.പിയെ പുകഴ്ത്തി പറയാനും പാരമ്പര്യം ഓർമ്മപ്പെടുത്താനും ദിവാകരൻ മറന്നില്ല. ആർ.എസ്.പി കേരള രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടവരാണെന്നും സംസ്ഥാനത്ത് ആർ.എസ്.പിക്ക് അടക്കം വലിയ പങ്ക് വഹിക്കാനാകുമെന്നായിരുന്നു ദിവാകരൻെറ പുകഴ്ത്തൽ.
ആർ.എസ്.പി ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഢൻെറ ഓർമ്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ദിവാകരൻെറ ഇടത് വിമർശനവും ആർ.എസ്.പി പുകഴ്ത്തലും.
സി.പി.ഐയുടെ മുതിർന്ന നേതാവ് സി. ദിവാകരൻെറ ഇടതുപക്ഷ വിമർശനത്തിൻെറ ചുവടുപിടിച്ച് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പിയും സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിന് എതിരെ തിരിഞ്ഞു.
പാലക്കാട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രേമചന്ദ്രൻെറവിമർശനം. രാഷ്ട്രീയരംഗത്തെ കാർക്കശ്യ മനോഭാവമാണ് പാലക്കാട് കണ്ടതെന്നും അത് ഇടതുപക്ഷം പിന്തുടരുന്ന രീതികൾക്ക് ചേർന്നതല്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇടത് രാഷ്ട്രീയം ഏറ്റവും അധികം മാനിക്കുന്നതാണ് മാധ്യമ സ്വാതന്ത്ര്യം. ഇന്ന് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന ധിക്കാരത്തിലേക്ക് ഇടതുരാഷ്ട്രീയം മാറിയിരിക്കുന്നു. അതിൻെറ തെളിവാണ് പാലക്കാട്ടെ അധിക്ഷേപമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു.
ധിക്കാരവും ധാർഷ്ട്യവും അഹങ്കാരവും ആണ് ഇന്ന് ഇടത് രാഷ്ട്രീയം. ഇടത് രാഷ്ട്രീയത്തിന്റെ നൻമകളെ വീണ്ടെടുക്കാൻ ഇനിയെങ്കിലും ശ്രമങ്ങളുണ്ടാകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും സർക്കാരിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചു. ഇടത് രാഷ്ട്രീയം പ്രതിസന്ധി നേരിടുകയാണ്. ബംഗാൾ മോഡൽ കേരളത്തിലും നടപ്പാകുമെന്ന ആശങ്ക ആർ.എസ്.പിക്ക് ഉണ്ട്. തിരുവായ്ക്ക് എതിർവാ ഇല്ല എന്നുള്ളത് ഇടത് ശൈലി അല്ല.
എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ സി.പി.ഐ ഡെഡ് ലൈൻ പലതവണ കൊടുത്തിട്ടും നടപടി ഉണ്ടായില്ല. ഒരു രാഷ്ട്രീയ ശരികേട് പോലും തിരുത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെയെന്താണ് ഇടതുപക്ഷമെന്നായിരന്നു ഷിബു ബേബിജോണിൻെറ ചോദ്യം.