തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായിരുന്നതു പോലെ ചേലക്കര ഉപതിരഞ്ഞെടുപ്പിലും പൂരം കലക്കലാണ് പ്രധാന പ്രചാരണ വിഷയം. പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടെയാണ് പോലീസ് പൂരം കലക്കിയതിന് കേസെടുത്തത്. അതോടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും വാദങ്ങളെല്ലാം പൊളിഞ്ഞു.
മനപൂർവ്വം ഉപദ്രവിക്കാനാണ് കേസെന്ന് ദേവസ്വങ്ങളും നിലപാടെടുത്തതോടെ പൂരം കലക്കൽ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. അതേസമയം, വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനെതിരേ എൽ.ഡി.എഫ് പ്രചാരണം നടത്തിയെങ്കിലും നീലേശ്വരത്ത് വെടിക്കെട്ട് അപകടമുണ്ടായതോടെ ഈ പ്രചാരണം പൊളിയുകയാണ്.
ജനങ്ങളെ 100മീറ്റർ അകലെ നിർത്തുന്നതടക്കം വെടിക്കെട്ടുകൾ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര വിജ്ഞാപനത്തിലുള്ളത്.
ചേലക്കര ഉപതിരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാർത്ഥി പട്ടികയായപ്പോൾ ആറുപേരാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി പന്തളം രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചു.
സ്ഥാനാർത്ഥികളും പാർട്ടിയും ചിഹ്നവും ഇങ്ങനെ. യു.ആർ പ്രദീപ് (സി.പി.എം - ചുറ്റിക അരിവാൾ നക്ഷത്രം), രമ്യ ഹരിദാസ് (കോൺഗ്രസ് - കൈപ്പത്തി), കെ. ബാലകൃഷ്ണൻ (ബി.ജെ.പി - താമര), എൻ.കെ സുധീർ (സ്വതന്ത്രൻ - ഓട്ടോറിക്ഷ), കെ.ബി ലിൻഡേഷ് (സ്വതന്ത്രൻ - മോതിരം), ഹരിദാസൻ (സ്വതന്ത്രൻ - കുടം).
സൂക്ഷ്മ പരിശോധനയിൽ രണ്ടു പേരുടെ പത്രിക തള്ളി. ഒമ്പത് പേരാണ് പത്രിക നൽകിയിരുന്നത്. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇടതും, കേന്ദ്രത്തിന്റേത് എണ്ണിപ്പറഞ്ഞ് എൻ.ഡി.എയും വികസനമുരടിപ്പ് ചർച്ചയാക്കി യു.ഡി.എഫും ചേലക്കരയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.
പൂരം കലക്കലാണ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നത്. ഇരു മുന്നണികളെയും അവർ പ്രതിക്കൂട്ടിലാക്കുന്നു. തൃശൂരിന്റെ വികാരമായ പൂരം കലക്കിയത് പ്രചാരണത്തിൽ എടുത്തിട്ടാൽ തൃശൂരുകാർ വൈകാരികമായി പ്രതികരിക്കുമെന്നാണ് വലതു മുന്നണിയുടെ കണക്കുകൂട്ടൽ.
ബി.ജെ.പിയും പ്രചാരണത്തിൽ പൂരം പ്രതിസന്ധിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ചേലക്കരയിലെത്തിയ എം.വി. ഗോവിന്ദനും സുരേഷ് ഗോപിയും കെ. സുരേന്ദ്രനും വി.ഡി. സതീശനുമെല്ലാം പൂരം വിഷയങ്ങളാണ് എടുത്തിട്ടത്.
പൂരം നടത്താനാവാത്ത തരത്തിലെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയാണ് സി.പി.എം നേതാക്കളുടെ പ്രചാരണം. മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ പൂരം പ്രതിസന്ധി ശക്തമായ പ്രചാരണായുധമായി ചേലക്കരയിലും പ്രതിഫലിക്കുകയാണ്.
ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടാണ്.
അവിടെ ക്യാമ്പ് ചെയ്താണ് കൈയ്യിലുള്ള സീറ്റ് കൈവിട്ടു പോവാതിരിക്കാനുള്ള പാർട്ടി സെക്രട്ടറിയുടെ തീവ്രമായ ശ്രമം. മന്ത്രിമാരും മറ്റ് നേതാക്കളും പ്രചാരണ രംഗത്തുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലേക്ക് സി.പി.എം കടന്നിട്ടുണ്ട്.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ള നേതാക്കളാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ചേലക്കര വലത്തേക്ക് മറിയുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
ജില്ലാ നേതാക്കൾ അടക്കം ബൂത്ത് കേന്ദ്രീകരിച്ച് വീടുവീടാന്തരം പ്രചാരണത്തിനിറങ്ങുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ ഒരു മാസത്തിലേറെയായി മണ്ഡലത്തിലുണ്ട്. സ്ത്രീകൾക്കിടയിൽ രമ്യ ഹരിദാസിന്റെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയടക്കം നേതാക്കളുടെ പടയുണ്ട് ബിജെപി പ്രചാരണത്തിന്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി മുസ്‌ലിം പള്ളികളിലും പി.സി. ജോർജ് ക്രൈസ്തവ മേഖലകളിലും എത്തിയിരുന്നു. സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ പ്രാദേശിക നേതാവാണെന്നതും എൻ.ഡി.എ പ്രചാരണത്തിലെ പ്ലസ് പോയിന്റാണ്.