Advertisment

വെടിക്കെട്ട് ദുരന്തം തുടര്‍ക്കഥ, 500 ജീവനുകള്‍ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ കേരളം: വെടിക്കെട്ടുകാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര വിജ്ഞാപനം നടപ്പാക്കാതെ തട്ടിപ്പ്. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭയ്ക്ക് ഉത്കണ്ഠ. വമ്പന്‍ വെടിക്കെട്ട് നടത്തുന്നത് ചൈനീസ് പടക്കങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടെന്ന പഴുതില്‍

വെടിക്കെട്ട് സുരക്ഷിതമാക്കാനും ജനങ്ങളെ അകലത്തിൽ നിർത്തി അപകടമുണ്ടായാലും അത്യാഹിതം കുറയ്ക്കാനും കേന്ദ്രം കൊണ്ടുവന്ന എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകളിൽ മന്ത്രിസഭാ യോഗം ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇളവു തേടി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു.

New Update
neeleswaram fireworks accident
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വെടിക്കെട്ട് അപകടങ്ങളിൽ മരണങ്ങൾ തുടർക്കഥയായതിനെത്തുടർന്ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വേണ്ടെന്നുവയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കവേയാണ് നീലേശ്വരത്ത് വൻ ദുരന്തമുണ്ടായത്. 

Advertisment

അവിടെ 150 ഓളം പേർക്ക് പരിക്കുണ്ട്. ഇതിൽ 10 പേർ ഗുരുതര നിലയിലുമാണ്. വെടിക്കെട്ട് സുരക്ഷിതമാക്കാനും ജനങ്ങളെ അകലത്തിൽ നിർത്തി അപകടമുണ്ടായാലും അത്യാഹിതം കുറയ്ക്കാനും കേന്ദ്രം കൊണ്ടുവന്ന എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകളിൽ മന്ത്രിസഭാ യോഗം ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇളവു തേടി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു.

neeleswaram fireworks accident-3


ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.


സംസ്ഥാനത്തിന്‍റെ ഉത്കണ്ഠ  കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീലേശ്വരത്തെ ദുരന്തം.

110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ ദുരന്തത്തെതുടർന്നാണ് വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അടുത്തിടെ 35 നിയന്ത്രണം പുതുതായി കൊണ്ടുവന്നു. വെടിക്കെട്ടിനു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഡിഎമ്മിന്റെ ലൈസൻസ് നിർബന്ധമാക്കിയതാണ് ഇതിൽ ഏറ്റവും പ്രധാനം.

puttingal fireworks accident


എന്നാൽ നീലേശ്വരത്തെ ക്ഷേത്രകമ്മിറ്റി ഇത്തരമൊരു ലൈസൻസിന് അപേക്ഷിച്ചിരുന്നില്ല. വെടിക്കെട്ട് നടത്തുന്നതായി പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുന്നതിലും വീഴ്ചയുണ്ടായി.


കേന്ദ്ര നിയന്ത്രങ്ങൾ പ്രകാരം വെടിക്കെട്ട് നടക്കുന്നിടത്തുനിന്ന് 100 മീറ്റർ അകലെ മാത്രമേ കാണികൾ പാടുള്ളൂ. കാണികളെ ബാരിക്കേഡ് കെട്ടി അകറ്റിനിർത്തണം. വെടിക്കെട്ടു നടക്കുന്നിടത്തുനിന്ന് 45 മീറ്റർ അകലെ പ്രത്യേക സ്ഥലത്തുവേണം വെടിമരുന്ന് ഉൽപന്നങ്ങൾ സൂക്ഷിക്കാൻ. ഇതൊന്നും പാലിക്കാതെ മിക്കയിടങ്ങളിലും  ജനക്കൂട്ടത്തിനു തൊട്ടരികിലാണു വെടിക്കെട്ടു നടത്താറുള്ളത്. വെടിമരുന്നുകൾ സൂക്ഷിക്കുന്നതും ജനക്കൂട്ടത്തിന് അരികെ തന്നെ.


ചൈനീസ് പടക്കങ്ങൾ പൊട്ടിക്കുന്നതിന് അനുമതി വേണ്ടെന്ന പഴുത് മുതലെടുത്താണ് മിക്കയിടത്തും വെടിക്കെട്ടിന് ലൈസൻസ് നേടാത്തത്. എന്നാൽ ചൈനീസ് പടക്കങ്ങൾക്കു പുറമേ ഗുണ്ട്, അമിട്ട്, വലിയ ഓലപ്പടക്കം എന്നിവയുപയോഗിച്ച് വലിയ കമ്പങ്ങളാണ് മിക്കയിടത്തും നടത്തുന്നത്. 


വെടിമരുന്ന് സൂക്ഷിക്കുന്നിടവും പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലം നിർബന്ധമാക്കിയതും കേരളം നടപ്പാക്കുന്നതേയില്ല. വെടിക്കെട്ടുകാർക്ക് കേന്ദ്ര ഏജൻസിയുടെ ലൈസൻസുണ്ടാവണം. രണ്ടുദിവസം മുൻപ് മോക്ഡ്രിൽനടത്തി എല്ലാം സുരക്ഷിതമെന്നുറപ്പിച്ച് കളക്ടറായിരിക്കണം വെടിക്കെട്ടിന് അനുമതി നൽകേണ്ടത്.

fireworks setting

ശക്തമായ കാറ്റുണ്ടെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ലെങ്കിലും വെടിക്കെട്ട്നടത്തരുത്. വെടിമരുന്ന് നിറച്ച ഇരുമ്പുകുഴലുകളുടെ പകുതിഭാഗം മണ്ണിനടിയിൽ പൂഴ്‌ത്തിയിരിക്കണം. ഇവതമ്മിൽ 50 മീറ്റർ അകലമുണ്ടായിരിക്കണം. ആശുപത്രി, സ്കൂൾ എന്നിവയുടെ കാൽകിലോമീറ്റർ പരിധിയിൽ വെടിക്കെട്ട് പാടില്ല. സ്റ്റീൽഉപകരണങ്ങൾ, ഇരുമ്പ് വസ്തുക്കൾ, ആയുധങ്ങൾ എന്നിവ സമീപത്ത് പാടില്ല.

ഇങ്ങനെയുള്ള നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല. എമ‌ർജൻസി പ്ലാനില്ലാത്തതിനാൽ അപകടങ്ങളിൽ പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം മിക്കയിടത്തുമുണ്ടാവില്ല.


രണ്ടു പതിറ്റാണ്ടിനിടെ 750 ഓളം അപകടങ്ങളിലായി 500 ലേറെ ജീവനുകൾ പൊലിഞ്ഞു. 110 മരണവും 750 പേർക്ക് പരിക്കുമുണ്ടാക്കിയ 2016 ലെ പുറ്റിങ്ങൽ ദുരന്തമാണ് വലുത്.


1990 ൽ കൊല്ലം മലനടയിലെ ദുര്യോധന ക്ഷേത്രത്തിലെ വെടിക്കെട്ടുശാലയ്ക്ക് തീപിടിച്ച് 33 മരണമുണ്ടായി.

shabarimala fireworks accident

1952 ൽശബരിമലയിലെ വെടിക്കെട്ടപകടത്തിൽ 68 പേരാണ് മരിച്ചത്. 1978 ൽതൃശൂർ പൂരത്തിനിടെ വെടിക്കെട്ടപകടത്തിൽ 8 മരണം. 1984 ലും 1987 ലും തൃശൂരിൽ പള്ളിയിലും ക്ഷേത്രത്തിലുമായി 40 മരണം. 

988 ൽതൃപ്പൂണിത്തുറയിൽ 10 ഉം 1989 ൽ തൃശൂരിൽ 12 ഉം മരണം. 1998 ലും 99 ലും പാലക്കാട് കഞ്ചിക്കോട്ടും ആളൂരിലുമുണ്ടായ അപകടങ്ങളിൽ 21 മരണം.

thripunithura fireworks accidrent-10

2006 ൽ തൃശൂർ പൂരത്തിൽ 8 മരണം 2011 ൽ ഷൊർണൂർ ത്രാങ്ങാലിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് 13 ഉം 2013 ൽ പാലക്കാട്ട് പടക്കശാലയിലെ അപകടത്തിൽ ആറും മരണം. ഇതൊന്നും കണക്കിലെടുക്കാതെയാണ് വെടിക്കെട്ടിന് കൂടുതൽ ഇളവുകൾ കേരളം ആവശ്യപ്പെടുന്നത്.

Advertisment