Advertisment

സിപിഐയെയും അന്‍വറിനെയും തള്ളി അജിത്തിനും ശശിക്കും ക്ലീന്‍ ചിറ്റ് നല്‍കി മുഖ്യമന്ത്രി; ഡിജിപി നടത്തുന്ന അന്വേഷണം ഇനി അപ്രസക്തം; അന്വേഷണത്തിലിരിക്കുന്ന രണ്ട് ആരോപണങ്ങള്‍ കളവ്, ആറുമാസത്തെ വിജിലന്‍സ് അന്വേഷണം പ്രാഥമിക പരിശോധന മാത്രമാക്കി മുഖ്യമന്ത്രി; ആര്‍എസ്എസ് ബന്ധം അജിത്തിന്റെ സ്വകാര്യ ആവശ്യത്തിനെന്ന് വരുത്തിതീര്‍ക്കും. കേരളത്തെ നടുക്കിയ ആരോപണങ്ങളെ സര്‍ക്കാര്‍ നേരിടുന്നത് ഇങ്ങനെ

അജിത്തിനെതിരായ ഡിജിപിയുടെ അന്വേഷണത്തെ അപ്രസക്തമാക്കുമാറ്, ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പോലീസിന്റെ ആത്മവീര്യം തകർക്കാനാണെന്നും വിശദീകരിച്ച് അജിത്തിന് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി.

New Update
pv anvar p sasi pinarai vijayan mr ajith kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പോലീസ് നേതൃത്വത്തിനെതിരേ അതീവ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി അൻവർ എം.എൽ.എയെ തള്ളിപ്പറഞ്ഞും, അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും വെള്ളപൂശിയും മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

അജിത്തിനെതിരായ ഡിജിപിയുടെ അന്വേഷണത്തെ അപ്രസക്തമാക്കുമാറ്, ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പോലീസിന്റെ ആത്മവീര്യം തകർക്കാനാണെന്നും വിശദീകരിച്ച് അജിത്തിന് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇനി പോലീസ് മേധാവിക്ക് അജിത്തിന് ക്ലീൻചിറ്റ് നൽകാനല്ലാതെ മറ്റൊന്നും കഴിയില്ല. 


അജിത്തിനെതിരേ കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം അടക്കം ഗുരുതര ആരോപണങ്ങളിൽ ആറുമാസം സമയമെടുത്തുള്ള വിശദമായ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിറക്കിയതെങ്കിലും അത് വെറും പ്രാഥമിക പരിശോധന മാത്രമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി. ചുരുക്കത്തിൽ ഇപ്പോൾ ഉയ‌ർന്ന ആരോപണങ്ങളിൽ എ.ഡി.ജി.പിക്ക് ക്ലീൻചിറ്റ് ലഭിക്കുമെന്ന് ഉറപ്പായി.


ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ എ.ഡി.ജി.പിയെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സി.പി.ഐയെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ പരസ്യനിലപാടുമായി സി.പി.ഐ രംഗത്തെത്തിയിരുന്നു. മറ്റൊരു കക്ഷിയായ ആർ.ജെ.ഡിയും ആ.എസ്.എസ് വിഷയത്തിൽ സി.പി.ഐക്ക് പിന്തുണ നൽകുകയാണ്. 

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് തൻറെ ഇടനിലക്കാരനായിട്ടാണ് എന്ന‌ ആരോപണത്തെ മുഖ്യമന്ത്രി തള്ളുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ - " തങ്ങളുടെ രാഷ്ടീയ താൽപര്യത്തിന് വേണ്ടി പോലീസുകാരെ പലതരം ഇടനിലകൾക്കായി ഉപയോഗിച്ചതിൻറെ മുൻകാല അനുഭവംവെച്ചാണോ പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യവുമായി പോലീസിനെ അയക്കുന്ന പരിപാടി ഞങ്ങളുടേതല്ല. വി ഡി സതീശൻ ആ പഴയ കാലം മറന്ന് തുടങ്ങിയെങ്കിൽ ചിലത് അദ്ദേഹം ഓർക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്".

"ജയറാം പടിക്കലിൻറെ  ജീവചരിത്രം (വെങ്ങാനൂർ ബാലകൃഷ്ണൻ എഴുതി മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ചത്) ആണ് എൻറെ കൈവശം ഉളളത്.  ഇതിലെ പേജ് നമ്പർ 148 വായിക്കാം. ഡി.ജി.പി. പദവി സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ജയറാം പടിക്കൽ 91ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ഭയപ്പെടാൻ തുടങ്ങി". 

"പ്രതീക്ഷിക്കും പോലെ ഇടതുപക്ഷജനാധിപത്യ മുന്നണി വിജയിച്ച് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ തനിക്ക് ഡി.ജി.പി. ആകാൻ പറ്റില്ലെന്ന് അദ്ദേഹം കരുതി. അതു തടയാനായി മാർഗ്ഗങ്ങൾ ആരായുന്നതിനിടയിലാണ്, ചില മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർത്ഥികളുടെ കടന്നുകയറ്റം ഐക്യമുന്നണിസ്ഥാനാർത്ഥികളുടെ പരാജയത്തിൽ കലാശിക്കുമെന്നും അതിനാൽ അവിടെ പൂർണ്ണമായും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും പടിക്കൽ അറിഞ്ഞത്". 

"അതിൽ പരിഭ്രാന്തനായതിനിടയിലാണ് കരുണാകരനും ചില നീക്കുപോക്കുകളെക്കുറിച്ചു ആലോചിക്കുന്നതറിഞ്ഞത്".

"എന്തായിരുന്നു ആ നീക്കുപോക്കുകൾ ? ഒന്നു വിശദമാക്കാമോ ? ചോദ്യം ഗ്രന്ഥകർത്താവായ വെങ്ങാന്നൂർ ബാലകൃഷ്ണൻറെതാണ്. അതിന് ജയറാം പടിക്കാലിൻറെ മറുപടി ഇങ്ങനെ: '1991 ലെ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. പരാജയപ്പെട്ടേക്കുമെന്ന് കരുണാകരൻ ഭയപ്പെട്ടു". 

"അതിൽ നിന്നും രക്ഷനേടാനായി കണ്ട എളുപ്പവഴിയാണ് ബി.ജെ.പി.യുമായുള്ള തെരെഞ്ഞെടുപ്പ് ബാന്ധവം. എന്നാൽ പരസ്യമായ ഒരു ബന്ധം കൂടാൻ ഇരു പാർട്ടിയിലെ നേതാക്കളാരും ഒരുക്കമായിരുന്നില്ല". 

"വടകര ബേപ്പൂർ ഫോർമുല' എന്ന രഹസ്യപ്പേരിൽ അറിയപ്പെട്ട നീക്കമനുസരിച്ച് വടകര പാർലമെൻറ് മണ്ഡലത്തിലും ബേപ്പൂർ, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസുകാർ, ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്നും മറ്റുള്ളിടങ്ങളിൽ ബി.ജെ.പിക്കാർ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്നും ധാരണയുണ്ടാക്കി". 

"ബി.ജെ.പി. ഒരു നിയമസഭാ മെംബറെയെങ്കിലും ഉണ്ടാക്കിയെടുക്കാൻ അത് ഉപകരിക്കുമെന്ന് വിചാരിച്ചു. ഇതിൻറെ ആദ്യവട്ടം ചർച്ചകൾ നടക്കുന്നത് എൻറെ (ഇവിടെ എൻറെ എന്നാൽ എൻറെയല്ല, ജയറാം പടിക്കലിൻറെ) സാന്നിദ്ധ്യത്തിലായിരുന്നു". 

"ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്, ബി.ജെ.പി.യെ പിൻതുണക്കാൻ തീരുമാനിച്ച മണ്ഡലങ്ങളിലാകട്ടെ പരാജയ പ്രതീക്ഷയുള്ളവരെയാണ് തങ്ങളുടെ സ്ഥാനാർത്ഥികളായി അവതരിപ്പിച്ചിരുന്നത്. ഇനി അതിന് താഴത്തെ പാരഗ്രാഫ് കൂടി വായിക്കാം..."

"ബി.ജെ.പി.യും കോൺഗ്രസുമായി കൂട്ടുകൂടിയാണെങ്കിൽക്കൂടി യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ തനിക്ക് ഡി.ജി.പി. ആകാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നതു കൊണ്ടാണ് പടിക്കൽ ഈ അവിഹിതബന്ധത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കാൻ തയ്യാറായത്".

"കുപ്രസിദ്ധമായ കോ ലീ ബി സഖ്യത്തിന് ഇടനിലയും   കാർമികത്വവും വഹിച്ചത് താൻ തന്നെയാണെന്ന്  കെ കരുണാകരൻറെ ഏറ്റവും വിശ്വസ്തനായ പോലീസ് മേധാവി ജയറാം പടിക്കൽ ആണ് വെളിപ്പെടുത്തിയത്". 

"ജയറാം പടിക്കൽ ജീവിച്ചിരുന്ന ഘട്ടത്തിലൊന്നും ഈ ആരോപണം അവാസ്തമാണെന്ന് പറയാൻ ആരും തയ്യാറായിട്ടില്ല. ഇന്നും വിപണിയിൽ ലഭ്യമായ ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലും പച്ചയായ സത്യമായി മുന്നിലുളളപ്പോൾ ആണ് പ്രതിപക്ഷനേതാവ്  അദ്ദേഹത്തിനും അദ്ദേഹത്തിൻറെ പാർട്ടിക്കും അതിൻറെ പഴയ നേതാവിനും ചേരുന്ന തൊപ്പി എൻറെ തലയിൽ ചാർത്താൻ നോക്കുന്നത്".

 

"സർക്കാർ ഇപ്പോൾ ഉയർന്നുവന്ന പ്രശ്നത്തെ  ഗൗരവതരമായി തന്നെയാണ് കാണുന്നത്. അജിത്ത് കുമാറിനെതിരെ ഉയർന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിൻറെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അതിൻമേൽ യുക്തമായി തീരുമാനം  കൈകൊളളും".

"എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യ നിർവ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കിൽ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകും. അത്  അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്".


നാലുമുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ തുടരാൻ അനുവദിക്കുന്നത് ഗുരുതര പ്രശ്നമായി പ്രതിപക്ഷം ഉയർത്തിക്കാട്ടും. ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന രാഷ്ട്രീയ വിഷയവുമുന്നയിക്കും. 


സഭ സമ്മേളിക്കുമ്പോൾ അന്വേഷണ റിപ്പോർട്ട് നൽകിയാൽ അത് നിയമസഭയിൽ വെയ്ക്കേണ്ടിവരും. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സർക്കാർ അനുവദിച്ച 30 ദിവസത്തെ കാലാവധി ഒക്ടോബർ മൂന്നിന് കഴിയും. 

തൊട്ടടുത്ത ദിവസം നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ചകൾ നടത്തിയതിനെ സഭയിൽ ന്യായീകരിക്കാൻ മുഖ്യ‌മന്ത്രിക്ക് കഴിയുമോയെന്ന് കണ്ടറിയണം.

Advertisment